തിരുവനന്തപുരം: സൂപ്പര്‍ ഹിറ്റ് വിപ്ലവ ഗാനങ്ങളിലൂടെയും കവിതകളിലൂടെയും ഇടത്പക്ഷ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന കവി അനില്‍ പനച്ചൂരാനോട് സിപിഎമ്മിനിപ്പോള്‍ കലിപ്പ്.
‘ചോര വീണ മണ്ണില്‍ നിന്നും ഉയര്‍ന്നു വന്ന പൂമരം . . ചേതനയില്‍ നൂറ് നൂറ് പൂക്കളായ് പൊലിക്കവേ . . നോക്കുവിന്‍ സഖാക്കളെ, നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍’
കമ്യൂണിസ്റ്റുകാരന്റെ കഥ പറഞ്ഞ അറബിക്കഥ സിനിമയില്‍ അനില്‍ പനച്ചൂരാന്‍ എഴുതിയ ഈ വാക്കുകള്‍ ആവേശത്തോടെ നെഞ്ചിലേറ്റിയവര്‍ തന്നെ ഇപ്പോള്‍ കവിയുടെ കാവി ‘ഭക്തി’ ക്കെതിരെ ആഞ്ഞടിച്ചു രംഗത്ത് വന്നിരിക്കുകയാണ്.
ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജാഥക്കു വേണ്ടി അനില്‍ പനച്ചൂരാന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിനെതിരെയാണ് ചെമ്പടയുടെ കലിപ്പ്.
സി.പി.എം അനുകൂല മാധ്യമമായ കൈരളി പീപ്പിള്‍ ചാനലാണ് പനച്ചൂരാനെ ആര്‍.എസ്.എസ് നാവാക്കിയിരിക്കുന്നത്.
ലൗ ജിഹാദിനെതിരെ കരുതിയിരിക്കണമെന്ന ആഹ്വാനം ബി.ജെ.പിക്ക് പനച്ചൂരാന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിലുള്ളതാണ് കൈരളിയെ ചൊടിപ്പിച്ചത്
ലൗ ജിഹാദിനെ പറ്റിയുളള വിവാദങ്ങള്‍ കത്തിപടരുന്നതിനിടെയാണ് ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന തരത്തില്‍ അനില്‍ പനച്ചൂരാന്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് പീപ്പിള്‍ ചാനല്‍ പറയുന്നത്.
ലൗ ജിഹാദിനെതിരെ മലയാളി പെണ്‍കുട്ടികളും രക്ഷിതാക്കളും കരുതിയിരിക്കണമെന്ന ആഹ്വാനമാണ് കവിയുടെ വരികളില്‍ ഉളളത്. ലൗ ജിഹാദ് ഉണ്ടെന്നും ഇല്ലെന്നും തരത്തിലുളള അഭിപ്രായപ്രകടനങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തിലാണ് പുരോഗമന വീക്ഷണം ഉണ്ടെന്ന് പൊതുവില്‍ കരുതപെടുന്ന അനില്‍ പനച്ചൂരാന്‍ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന തരത്തില്‍ രംഗത്തെത്തിയിരിക്കുന്നതെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പീപ്പിള്‍ ടിവി തിരുവനന്തപുരം ബ്യൂറോയിലെ എസ് ജീവന്‍കുമാറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജെയ്‌സണ്‍ ജെ നായര്‍ സംഗീത സംവിധാന നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ്ങ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് നടന്നിരുന്നത്.
ജനരക്ഷായാത്രക്ക് വേണ്ടി ഏഴ് പാട്ടുകള്‍ ആണ് രചിച്ചിരിക്കുന്നത്. അമിത്ഷാ, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് വേണ്ടിയുളള മാര്‍ച്ചിങ്ങ് സോങ്ങ് രചിച്ചിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയാണ്. പാട്ടെഴുത്ത് തന്റെ തൊഴിലാണെന്ന നിലപാടിലാണ് അദ്ദേഹം. ശരത്ചന്ദ്ര വര്‍മ്മയെ വെറുതെവിട്ട സിപിഎം ചാനല്‍ പക്ഷെ പനച്ചൂരാനെ ‘വെറുതെ വിട്ടിട്ടില്ല’.
മധു ബാലകൃഷ്ണന്‍ ആലാപനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനങ്ങളാവും കേരളത്തില്‍ ഉടനീളം ബിജെപി ജനരക്ഷായാത്രയില്‍ ഇനി മുഴങ്ങി കേള്‍ക്കുക.