മമ്മുട്ടിയെ അധിക്ഷേപിക്കുന്ന സംഘടനക്ക് പിന്തുണ നല്‍കേണ്ടന്ന നിലപാടില്‍ സി.പി.എം

Mammootty

തിരുവനന്തപുരം: നടന്‍ മമ്മുട്ടിയെ വ്യക്തിഹത്യ നടത്തുന്ന നീക്കത്തിനെതിരെ സി.പി.എം.

കസബ വിവാദത്തില്‍ നടി പാര്‍വതിക്കു നേരെ നടന്ന സൈബര്‍ ആക്രമണത്തെ എതിര്‍ത്ത് പരസ്യമായി മമ്മുട്ടി രംഗത്ത് വന്നിട്ടും അദ്ദേഹത്തെ അപമാനിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത് ശരിയല്ലന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.

സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ സ്വന്തമായ ഇരിപ്പിടമുണ്ടാക്കുകയും ചെയ്ത മമ്മുട്ടിയെ കേരളത്തിന് അറിയാമെന്ന് പ്രമുഖ സി.പി.എം നേതാവ് പറഞ്ഞു.

ഇപ്പോഴും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന വ്യക്തിയാണ് മമ്മുട്ടി.

മുന്‍പ് അഭിനയിച്ച ഒരു സിനിമയിലെ കഥാപാത്രത്തെ മുന്‍ നിര്‍ത്തി അദ്ദേഹത്തെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുന്നത് ‘ഹിഡന്‍’ അജണ്ട മുന്‍ നിര്‍ത്തിയാണെന്നാണ് സി.പി.എം നേതൃത്വം സംശയിക്കുന്നത്.

ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാത്തത് രാഷ്ട്രീയപരമായി ‘വ്യാഖ്യാനിക്കാന്‍’ സാഹചര്യമൊരുക്കാതിരിക്കാന്‍ വേണ്ടിയാണെന്നതാണ് നേതൃത്വത്തിന്റെ വിശദീകരണം.

മമ്മുട്ടിക്ക് രാഷ്ട്രീയ-സാമുദായിക ഭേദമന്യേ കേരളത്തിനകത്തും പുറത്തും വലിയ അംഗീകാരമുള്ളതിനാല്‍ വിവാദം മുന്‍ നിര്‍ത്തി പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ മമ്മുട്ടിയുടെ വിശദീകരണം വന്ന ശേഷവും അദ്ദേഹത്തിനെതിരായ വാര്‍ത്ത ഷെയര്‍ ചെയ്തത് ശരിയായില്ലന്നും സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ദിലീപ് വിവാദം മുതല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്ന സിനിമയിലെ വനിതാ കൂട്ടായ്മക്ക് ഇനി അത്തരമൊരു സഹകരണമുണ്ടാകില്ലന്നാണ് സൂചന. പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ അതിനെ വിമര്‍ശിച്ച് മന്ത്രിമാരായ തോമസ് ഐസക്കും, എ.കെ ബാലനും രംഗത്ത് വന്നിരുന്നു.

റിപ്പോര്‍ട്ട് : എം വിനോദ്

Top