തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ പോര് രൂക്ഷമായിരിക്കെ വിഷയത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയും പുറത്ത് വരുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി വളരെ അടുത്ത ബന്ധമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമവായത്തിന്റെ നിലപാട് സ്വീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം കടുത്ത നിലപാടുമായി മുന്നാട്ട് പോവുകയാണ്.
മന്ത്രിസഭ ബഹിഷ്‌ക്കരിച്ച് പ്രതിസന്ധിയുണ്ടാക്കിയ സി.പി.ഐയെ പാഠം പഠിപ്പിക്കണമെന്ന കര്‍ശന നിലപാടിലാണ് മുഖ്യമന്ത്രി പിണറായിയുമായി അടുപ്പമുള്ള നേതാക്കള്‍ക്കുള്ളത്.
സര്‍ക്കാറിനെയും മുന്നണിയെയും മാത്രമല്ല, മുഖ്യമന്ത്രിയെ വ്യക്തിപരമായി മോശക്കാരനാക്കാനും ബോധപൂര്‍വ്വമായ ഇടപെടല്‍ സി.പി.ഐയുടെ ഭാഗത്ത് നിന്നുണ്ടായതായാണ് ആക്ഷേപം.
സി.പി.എം പി.ബി നിര്‍ദ്ദേശ പ്രകാരം സി.പി.ഐ നിലപാടിനെതിരെ കോടിയേരി പത്രസമ്മേളനം നടത്തിയെങ്കിലും വലിയ പ്രകോപനം ഉണ്ടാക്കാതെയായിരുന്നു കോടിയേരിയുടെ പ്രതികരണമുണ്ടായിരുന്നത്.
ഇതില്‍ മുതിര്‍ന്ന സി.പി.എം നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു.
കൂടുതല്‍ പരസ്യ പ്രതികരണങ്ങളിലേക്ക് പോവേണ്ടതില്ലന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതായ വാര്‍ത്ത പുറത്തുവന്ന ദിവസംതന്നെ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ തന്നെയാണ് ആദ്യ വെടി പൊട്ടിച്ചത്.
‘സി.പി.ഐ ഒറ്റക്ക് എന്ത് ചുക്ക് ചെയ്യാനാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയിലായിരിക്കുമെന്ന് പറയാന്‍ പറ്റില്ലന്നും ആനത്തലവട്ടം തുറന്നടിച്ചു.
ഇതിനു തൊട്ടുപിന്നാലെ ഇപ്പോള്‍ മന്ത്രി എം.എം മണിയും രൂക്ഷ പ്രതികരണത്തോടെ സി.പി.ഐക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നാണ് മണിയുടെ പ്രതികരണം.
സി.പി.ഐ മുന്നിണിയില്‍ തുടര്‍ന്നില്ലങ്കിലും പ്രശ്‌നമില്ലന്ന മാനസികാവസ്ഥയിലേക്ക് സി.പി.എമ്മിലെ ബഹുഭൂരിപക്ഷവും ഇതിനകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്.
ഇതിനിടെ കാസര്‍ഗോഡ് റവന്യുമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നും സ്ഥലം എം.പിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ പി.കരുണാകരനും മറ്റ് സി.പി.എം എം.എല്‍.എമാരും പങ്കെടുക്കാതിരുന്നത് സി.പി.ഐ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
സമവായത്തിന് കോടിയേരിയും കാനം രാജേന്ദ്രനും ഒരു ഭാഗത്ത് ശ്രമം നടത്തുന്നുണ്ടെങ്കിലും സ്ഥിതി കൂടുതല്‍ വഷളായി വരികയാണ്.
ഒരു വിട്ടുവീഴ്ചയും സി.പി.ഐയോട് വേണ്ട എന്ന് തന്നെയാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാക്കള്‍ പറയുന്നത്.
സി.പി.ഐ മുന്നണിയില്‍ നിന്നും പുറത്തായാലും സര്‍ക്കാര്‍ വീഴില്ലന്നും ശക്തമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാകുന്നു.
വരുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സി.പി.ഐക്കെതിരെ കടുത്ത ചില നിലപാടുകള്‍ ഉണ്ടാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.