തിരുവനന്തപുരം: സിപിഐക്ക് ‘റെഡ് സിഗ്‌നലുയര്‍ത്തി’ സിപിഎമ്മിന്റെ തന്ത്രപരമായ നീക്കം.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്സ് ധാരണ ഇടതുമുന്നണി ധാരണയാക്കാന്‍ ശ്രമിക്കുന്ന സിപിഎം വേണ്ടിവന്നാല്‍ സിപിഐയെ കൈവിടുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.
കോണ്‍ഗ്രസ്സിലെ സണ്ണി പമ്പാടിയെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ ആറംഗങ്ങളുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്സ് ഭരണം പിടിച്ചത്. സിപിഐയിലെ ഒരംഗവും പി.സി.ജോര്‍ജ് അനുഭാവിയായ ഒരംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ജില്ലാ പഞ്ചായത്ത് അധ്യക്ഷനായിരുന്ന കോണ്‍ഗ്രസ്സിലെ അഡ്വ ജോഷി ഫിലിപ്പ് ഡിസിസി അധ്യക്ഷനായ ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം സംസ്ഥാന നേതൃത്ത്വത്തിന്റെ അനുമതി പ്രകാരമാണ് ജില്ലാ നേതൃത്ത്വം ധാരണയുണ്ടാക്കിയത്.
ഇടതുപക്ഷത്ത് ഇനി സിപിഐ വേണ്ട എന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം ഏറ കുറേ മാറി കഴിഞ്ഞു.
സര്‍ക്കാറിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന സിപിഐ നേതൃത്വത്തിന്റെ നടപടിയാണ് സിപിഎം നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചിരിക്കുന്നത്.
സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടാലും ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാടുമായി മുന്നോട്ട് പോവാനാണ് സിപിഎമ്മിലെ പ്രബല വിഭാഗത്തിന്റെ തീരുമാനം.
ദേശീയ തലത്തിലെ ഇടതുപക്ഷത്തിന്റെ ഘടനയല്ല കേരളത്തിലെ ഇടതുമുന്നണിക്ക് എന്നതിനാല്‍ ഇവിടെ സംസ്ഥാന നേതൃത്ത്വം സ്വീകരിക്കുന്ന നിലപാട് തന്നെയായിരിക്കും നടപ്പാക്കപ്പെടുക.
മൂന്ന് കാര്യങ്ങളാണ് പ്രധാനമായും സിപിഎം നീക്കത്തിന് പിന്നില്‍.
1, കേരള കോണ്‍ഗ്രസ്സ് ഇടതുപക്ഷവുമായി ധാരണയിലെത്തിയാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ വലിയ നേട്ടമുണ്ടാക്കും.
2, ഇത് പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ചക്കും വഴി ഒരുക്കും
3, സര്‍ക്കാറിന്റെ ഭാഗമായിട്ടും നിരന്തരം വിമര്‍ശനമുന്നയിക്കുന്ന സിപിഐയെ സമ്മര്‍ദ്ദത്തിലാക്കുക. കേരള കോണ്‍ഗ്രസ്സുമായി ധാരണയിലെത്തിയാല്‍ മുന്നണിയില്‍ സിപിഐയെ മൂന്നാം സ്ഥാനത്ത് ഒതുക്കുക.(പറ്റുമെങ്കില്‍ ഒഴിവാക്കുക)
ജനസ്വാധീനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് യഥാക്രമം സിപിഎം, കോണ്‍ഗ്രസ്സ്, മുസ്ലീംലീഗ്, ബിജെപി പാര്‍ട്ടികള്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് കേരള കോണ്‍ഗ്രസ്സ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് പ്രധാന സ്വാധീനം. തൃശൂര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില ജില്ലകളിലും ചില മേഖലകളില്‍ ഇപ്പോഴും കേരള കോണ്‍ഗ്രസ്സിന് സ്വാധീനമുണ്ട്. കൂടാതെ കത്തോലിക്കാ സഭയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്.
ഇതെല്ലാം മുന്നില്‍ കണ്ടാണ് സിപിഎം ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. സഖ്യത്തിന് വിഎസും സിപിഐയും എതിര്‍ത്താല്‍ ഗൗനിക്കേണ്ടതില്ലന്നാണ് തീരുമാനം.
കേരള കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇപ്പോള്‍ ‘ത്രിശങ്കു’ വിലായതിനാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലം കൈവിട്ട് പോകുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ല.
ഇടതു സഖ്യമായാല്‍ കോട്ടയത്ത് ജോസ് കെ മാണിയുടെ വിജയം സുനിശ്ചിതമാണ്.
ഇടതു മുന്നണിക്കാകട്ടെ പത്തനംതിട്ട, ഇടുക്കി മാവേലിക്കര ,എറണാകുളം, ആലപ്പുഴ, ചാലക്കുടി മണ്ഡലങ്ങളില്‍ സഖ്യം നേട്ടമാകാനാണ് സാധ്യത.
ഇതില്‍ ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളൊഴികെയുള്ളവയില്‍ യുഡിഎഫ് എം പിമാരാണ് പ്രതിനിധീകരിക്കുന്നത്.
കേരളത്തില്‍ നിന്ന് 20-ല്‍ 15 സീറ്റാണ് സിപിഎം കേന്ദ്ര നേതൃത്ത്വം ലക്ഷ്യമിടുന്നത്. ബംഗാളിലെ സ്ഥിതി പരുങ്ങലിലായതിനാല്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്ര നേതൃത്വവും തയ്യാറാകാനാണ് സാധ്യത.
അതേസമയം ബാര്‍ കോഴ വിവാദമുയര്‍ത്തി മാണിയുടെ ഇടത് പ്രവേശനം തടയാന്‍ വി എസിനെ മുന്‍നിര്‍ത്തിയുള്ള ശ്രമം സിപിഐ നേതൃത്ത്വം ഇതിനകം തുടങ്ങിയിട്ടുണ്ട്.
ഇടത് മുന്നണിയില്‍ നിന്നും പുറത്തു പോകേണ്ടി വന്നാല്‍ യുഡിഎഫിന്റെ ഭാഗമാകുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവരുടെ മുന്നിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.