special-CPM looking for an alternative to the CPI-acting ideas for new union Behind the screen

തിരുവനന്തപുരം: സിപിഐയുമായി ഭിന്നത രൂക്ഷമായിരിക്കെ കടുത്ത നിലപാടിലേക്ക് കടക്കുന്നതിനെ കുറിച്ച് സിപിഎമ്മില്‍ ആലോചനകള്‍ സജീവം.

തുടര്‍ച്ചയായി മുന്നണി മര്യാദകള്‍ ലംഘിച്ച് സിപിഐ സര്‍ക്കാറിനുണ്ടാക്കുന്ന തലവേദന ഇനിയും തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയില്ലന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍.

ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ രണ്ടാമത്തെ പ്രമുഖ പാര്‍ട്ടിയാണെന്ന പരിഗണന, എന്തും വിളിച്ചു പറയാന്‍ സിപിഐക്ക് ‘ലൈസന്‍സ് ‘ നല്‍കുന്നതാണെന്ന് ആ പാര്‍ട്ടിയുടെ നേതൃത്വത്തിന് തോന്നുന്നുണ്ടെങ്കില്‍ കേരളത്തില്‍ ഇടതു മുന്നണിയില്‍ തുടരാന്‍ പറ്റില്ലന്ന് നിലപാട് സിപിഎം സ്വീകരിച്ചേക്കുമെന്നാണ് സൂചന.

കേന്ദ്രത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗമായ ആര്‍ എസ് പിയും ഫോര്‍വേഡ് ബ്ലോക്കും സംസ്ഥാനത്ത് യുഡിഎഫിന്റെ ഭാഗമാണ് എന്നതിനാല്‍ മുന്നണി മാറിയാലും പ്രശ്‌നമില്ലന്ന് ഒരു പക്ഷേ സിപിഐ ചിന്തിക്കുന്നുണ്ടായിരിക്കാം എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സിപിഐ മുന്നണി വിട്ടാല്‍ പോലും സര്‍ക്കാര്‍ നിലംപൊത്തില്ലന്ന് വിശ്വസിക്കുന്ന സിപിഎം ബദല്‍ സംവിധാനത്തിനായി കേരള കോണ്‍ഗ്രസ്സിലെ ജോസഫ് ഗ്രൂപ്പുമായി ധാരണയിലെത്തിയതായാണ് അറിയുന്നത്.

140 അംഗ നിയമസഭയില്‍ സിപിഐയുടെ 19 അംഗങ്ങള്‍ പോയാലും കേവല ഭൂരിപക്ഷത്തിനുള്ള 72 അംഗങ്ങളുടെ പിന്തുണ സര്‍ക്കാറിനുണ്ടാകും. സ്പീക്കറെ മാറ്റി നിര്‍ത്തിയാലും ഒരു സീറ്റിന്റെ ഭൂരിപക്ഷമുണ്ടാകും.

ഒരു മുന്‍കരുതലെന്ന നിലയിലാണ് ജോസഫ് വിഭാഗവുമായുള്ള ‘ധാരണ’ നിലനിര്‍ത്തുന്നത്.

രണ്ട് എംഎല്‍എമാരാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. ഇപ്പോള്‍ ഇടതുപക്ഷത്തോട് സഹകരിക്കുന്ന പഴയ ജോസഫ് വിഭാഗം നേതാക്കളെ മുന്‍നിര്‍ത്തിയാണ് ഈ മുന്‍കരുതല്‍.

ഇപ്പോള്‍ ഒരു മുന്നണിയിലും പെടാതെ ‘തുല്യ’ അകലം പാലിച്ചാണ് കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കുന്നത്. ബാര്‍ കോഴ കേസില്‍ മാണി രക്ഷപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ ഇടതുപക്ഷം ആഗ്രഹിച്ചാല്‍ കേരള കോണ്‍ഗ്രസ്സ് മൊത്തത്തില്‍ ഇടതുപക്ഷത്തെത്തും. ജോസഫ് വിഭാഗത്തിലെ രണ്ട് പേരടക്കം ആകെ ആറ് എംഎല്‍എമാരാണ് കേരള കോണ്‍ഗ്രസ്സിനുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന് കോട്ടയം സീറ്റ് നല്‍കിയാല്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മാവേലിക്കര, ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് സിപിഎം നേതൃത്വം കണക്ക് കൂട്ടുന്നത്.

കുടിയേറ്റ കര്‍ഷകര്‍ ഉള്ള കണ്ണൂര്‍, വയനാട്, മണ്ഡലങ്ങളിലും ഇടതുപക്ഷം കേരള കോണ്‍ഗ്രസ്സില്‍ നിന്നും നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.

ഇത്തവണ ബിജെപി കേന്ദ്ര ഭരണ സ്വാധീനമുപയോഗിച്ച് ‘കാടിളക്കി’ വരുമെന്നതിനാല്‍ ഇടതിന് ലഭിക്കാന്‍ സാധ്യതയുള്ള ഒരു വോട്ടു പോലും നഷ്ടപ്പെടുത്തരുതെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.

കേരള കോണ്‍ഗ്രസ്സ് മൊത്തത്തില്‍ ഇടത്തോട്ട് ചരിയുമോ അതോ ജോസഫ് വിഭാഗം മാത്രം സഹകരിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബിജെപിയും കേരള കോണ്‍ഗ്രസ്റ്റിനെ ലക്ഷ്യമിട്ട് ചില ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. മാണി ബിജെപിയോട് സഹകരിക്കാന്‍ തീരുമാനിച്ചാല്‍ ജോസഫ് വിഭാഗം പാര്‍ട്ടി വിടും.

അതേസമയം അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫിലെ ഒരു പ്രമുഖ പാര്‍ട്ടി ഇടതു പക്ഷത്തേക്ക് വരാനുള്ള സാധ്യത സിപിഎം നേതൃത്വവും തള്ളിക്കളയുന്നില്ലന്നതും ശ്രദ്ദേയമാണ്.

ഫോര്‍വേഡ് ബ്ലോക്കിനെ മുന്നണിയിലെടുത്തപ്പോള്‍ കേരള കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ പരിഗണിക്കേണ്ട എന്ന നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിച്ചതും പല അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ്സിനെയും മുസ്ലീം ലീഗിനെയും വലവീശി പിടിക്കാന്‍ സിപിഎം ശ്രമിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരെ പോലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും കരുതുന്നത്.

മുസ്ലീം ലീഗില്‍ രണ്ട് ചേരികള്‍ക്ക് നേതൃത്ത്വം കൊടുക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുള്‍ വഹാബും മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരായതിനാല്‍ ലീഗ് ഒരിക്കലും മറുകണ്ടം ചാടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പോലും ഇപ്പോള്‍ തയ്യാറാകുന്നില്ല.

കടുത്ത വിരോധികളാണെന്ന് പറയുന്നുണ്ടെങ്കിലും മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ അടവുനയത്തിന്റെ ഭാഗമായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യം സിപിഎമ്മിനും ലീഗിനുമുണ്ട്.

സിപിഎം അണികള്‍ക്കും ലീഗ് അണികള്‍ക്കും ( പ്രത്യേകിച്ച് മലബാറിലെ) ഇത്തരമൊരു സഹകരണം ‘ദഹിക്കില്ലങ്കിലും’ കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിനും, എല്ലാ അധികാരവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിഷിപ്തമായ ലീഗിനും അണികളെ സഖ്യത്തിന്റെ ‘അനിവാര്യത’ ബോധ്യപ്പെടുത്താന്‍ എതിര്‍പ്പിനിടയിലും കഴിഞ്ഞേക്കാം.

സിപിഎമ്മില്‍ വിഎസിന്റ നിലപാടുകള്‍ക്കോ ലീഗില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ക്കോ പ്രാമുഖ്യം ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ സിപിഎം-ലീഗ് നേതൃതലത്തില്‍ സഖ്യ തീരുമാനം കൈകൊണ്ടാല്‍ അതായിരിക്കും നടപ്പാകുക..

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷമാകാറിയിട്ടും ശക്തമായ ഒരു പ്രതികരണം പോലും നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും ലീഗ് നേതൃത്ത്വത്തിന്റെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിക്കെതിരെയോ സിപിഎം നേതൃത്വത്തിനെതിരേയോ ഇതുവരെ ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസ്സുകാര്‍ തെരുവിലിറങ്ങിയ സമരങ്ങളില്‍ പോലും പലതിലും ലീഗിന്റെ സാന്നിധ്യം പോലും ഉണ്ടായിരുന്നില്ലന്നതും ശ്രദ്ധേയമാണ്. പങ്കാളിത്വമുണ്ടായതിലാകട്ടെ പല പ്രതികരണങ്ങളും ‘ചടങ്ങിന് ‘ മാത്രമായി ഒതുങ്ങുകയും ചെയ്തു. ഇക്കാര്യത്തെ ചൊല്ലി യൂത്ത് ലീഗില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

മലപ്പുറം തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ടി കെ ഹംസയെയോ റഷീദലിയേയോ മത്സരിപ്പിക്കുകയും ജിഷ്ണു പ്രണോയിയുടെ അമ്മയുടെ പ്രതിഷേധം ഉണ്ടാവുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ അട്ടിമറി വിജയം നേടാമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് മലപ്പുറത്തെ സിപിഎം അണികള്‍.

പ്രതികൂല സാഹചര്യത്തിലും ഒരു ലക്ഷത്തിലധികം വോട്ട് കുടുതല്‍ നേടാന്‍ കഴിഞ്ഞതും വോട്ട് ശതമാനത്തിലെ വര്‍ദ്ധനവും ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍.

കുഞ്ഞാലിക്കുട്ടിക്കെതിരായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇങ്ങനെ മതി എന്നു തീരുമാനിച്ചതിന്റെ ഉത്തരം തേടുമ്പോള്‍ ഭാവിയില്‍ ‘ഏണി’ ഭരണ തുടര്‍ച്ചയേറാന്‍ സഹായകരമാവുമെന്ന് സിപിഎം നേതൃത്വം കണക്ക് കൂട്ടിയിട്ടുണ്ടാകാമെന്ന് കരുതുവാനാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കും താല്‍പ്പര്യം.

സിപിഎമ്മിനെ സംബന്ധിച്ച് ദേശീയ തലത്തില്‍ തന്നെ നിലനില്‍പ്പിന് കേരളത്തില്‍ ശക്തി ചോരാതെ നില്‍ക്കേണ്ടത് ആവശ്യമായതിനാല്‍ സംസ്ഥാന ഘടകത്തിന്റെ താല്‍പര്യത്തിനെതിരായ നിലപാട് കേന്ദ്ര നേതൃത്വവും സ്വീകരിക്കാന്‍ സാധ്യതയില്ല.

യുഡിഎഫിനെ സംബന്ധിച്ചാണെങ്കില്‍ നിലനില്‍പ്പ് തന്നെ അപകടത്തിലാകും ലീഗ് മുന്നണി വിട്ടാല്‍. ലീഗ് ഇടത്തോട്ട് ചെരിഞ്ഞാല്‍ വലത്തോട്ട് ചെരിയുകയല്ലാതെ സിപിഐക്ക് മുന്നിലും മറ്റു മാര്‍ഗ്ഗങ്ങളുണ്ടാകില്ല.

അങ്ങനെ സംഭവിച്ചാല്‍ സിപിഎം ഒഴികെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ യുഡിഎഫിലാകും. യഥാര്‍ത്ഥ ഇടതുപക്ഷം യുഡിഎഫ് ആണെന്ന് അവകാശപ്പെടുന്ന ആ കാഴ്ച കൂടി ഇനി കാണേണ്ടി വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Top