സിപിഎമ്മിനെ പൊതു സമൂഹത്തിനിടയില്‍ നാണം കെടുത്തി പാര്‍ട്ടി മന്ത്രിമാരുടെ ‘തല കുനിക്കല്‍’
ജാതിക്കും മതത്തിനും അപ്പുറം മനുഷ്യ വികാരത്തിന് പ്രാധാന്യം നല്‍കുകയും വിഗ്രഹാരാധനയെയും മനഷ്യ ‘വിഗ്രഹ’ങ്ങളെയും എതിര്‍ക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ശൃംഗേരി മഠാധിപതി ശ്രീ ഭാരതീ തീര്‍ത്ഥ സ്വാമിക്ക് മുന്നില്‍ വണങ്ങുന്നതായ ഫോട്ടോയും വീഡിയോയും വ്യാപകമായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
ഇത് കണ്ട് അമ്പരന്ന സിപിഎം അണികള്‍ മന്ത്രിമാര്‍ക്കെതിരെ കടുത്ത രോക്ഷത്തിലാണിപ്പോള്‍.
ശൃംഗേരി മഠാധിപതിയുടെ സിംഹാസനം തലസ്ഥാനത്തെ പൊതുപരിപാടിയുടെ വേദിയില്‍ നിന്നും എടുത്ത് മാറ്റിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് കയ്യടിച്ചവര്‍ക്ക്, തൊട്ടുപിന്നാലെ വന്ന പാര്‍ട്ടി മന്ത്രി മാരുടെ തല കുനിക്കല്‍ ഇപ്പോള്‍ ശരിക്കും ‘എട്ടിന്റെ പണിയാണ് ‘ നല്‍കിയിരിക്കുന്നത്.
ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സര്‍ക്കാര്‍ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങിലായിരുന്നു മഠാധിപതി ശ്രീ ഭാരതീ തീര്‍ത്ഥ സ്വാമിക്ക് ഇരിക്കാനായി സംഘാടകര്‍ തയ്യാറാക്കിയ സിംഹാസനം ( പീഠം) ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ സഹായത്തോടെ പിന്നിലേക്ക് മാറ്റിയിട്ടിരുന്നത്.
ഈ സംഭവം പൊതു സമൂഹത്തിനിടയില്‍ ഏറെ ചര്‍ച്ചയായിരിക്കെയാണ് ഇപ്പോള്‍ സിപിഎമ്മിനെ വെട്ടിലാക്കുന്ന ദൃശ്യം പ്രചരിച്ചിരിക്കുന്നത്.
ജനകീയ ഭരണത്തില്‍ മന്ത്രിയുടെ ‘പവര്‍’ കാണിച്ച കടകംപളളി ഇടതു പക്ഷത്തിന് അഭിമാനമായപ്പോള്‍, അതിന്റെ ശോഭ കൊടുത്തുന്നതായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്കിന്റെയും ജി.സുധാകരന്റെയും നടപടികളെന്നാണ് സിപിഎം അണികളുടെ വിമര്‍ശനം.
ഔന്നത്യമില്ലന്ന് പരസ്യമായി മന്ത്രി സുധാകരന്‍ തന്നെ വിമര്‍ശിച്ച ശങ്കരാചാര്യരുടെ ശിഷ്യനാണ് ശ്രീ ഭാരതീ തീര്‍ത്ഥ സ്വാമി.
സുധാകരന്‍ ശങ്കരാചാര്യരെ വിമര്‍ശിച്ച പത്രവാര്‍ത്തയുടെ കട്ടിങ്ങ് സഹിതമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടക്കുന്നത്.
ആലപ്പുഴ തുറവൂരിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ശങ്കരാചാര്യര്‍ക്കെതിരെ മന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നത്.
ശ്രീ നാരായണ ഗുരുവിനും ഇ.എം എസിനുമുള്ള ഔന്നത്യം ശങ്കരാചാര്യര്‍ക്കില്ലെന്ന് പറഞ്ഞ മന്ത്രി ചാതുര്‍വര്‍ണ്യത്തെ ശക്തിപ്പെടുത്തിയതും ബ്രാഹ്മണ മേധാവിത്യം ചോദ്യം ചെയ്യപ്പെടാത്ത ഒന്നാക്കി മാറ്റിയതും ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
സാമൂഹിക പരിവര്‍ത്തനത്തിന് ശങ്കരാചാര്യര്‍ സംഭാവന നല്‍കിയില്ലെന്നും ഹിംസക്കെതിരെ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് മഠാധിപതിയെ സന്ദര്‍ശിച്ച് വണങ്ങിയ മന്ത്രി തോമസ് ഐസക്ക്.
താന്‍ തികഞ്ഞ കമ്യൂണിസ്റ്റാണെന്ന് തെളിയിക്കാന്‍ അന്ധവിശ്വാസങ്ങളുടെ ‘കേന്ദ്രമായ’ മന്‍മോഹന്‍ ബംഗ്ലാവ് തന്നെയാണ് മന്ത്രി ഐസക്ക് വസതിയായി ചോദിച്ചു വാങ്ങിയിരുന്നത്.
ഈ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ കാലാവധി തികക്കില്ലന്നും നിയമസഭ കാണില്ലന്നുമുള്ള അവസ്ഥ പേടിച്ച് ഇടത് പക്ഷത്തെ മറ്റു ചില മന്ത്രിമാര്‍ തന്നെ ഉള്‍വലിഞ്ഞപ്പോയാണ് തോമസ് ഐസക്ക് ധൈര്യമായി ബംഗ്ലാവ് തേടി മുന്നോട്ട് വന്നത്.
അശുഭകരമെന്ന് വിശ്വസിക്കപ്പെടുന്ന 13-ാം നമ്പര്‍ ആണ് തന്റെ ഔദ്യോഗിക കാറായി തോമസ് ഐസക്ക് ചോദിച്ചു വാങ്ങിയിരുന്നതെന്നതും ഓര്‍ക്കണം.
രണ്ട് മന്ത്രിമാരുടെയും ഈ ക്ലീന്‍ ഇമേജാണ് ഒറ്റയടിക്കിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. അതും തെളിവുകളുടെ പിന്‍ബലത്തില്‍.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഫോട്ടോയില്‍ പ്രധാനമായും സുധാകരന്‍ ശ്രീ ഭാരതീ തീര്‍ത്ഥ സ്വാമിക്ക് മുന്‍പില്‍ കാണിക്ക സമര്‍പ്പിച്ച് വണങ്ങുന്ന ദൃശ്യമാണുള്ളത്.
ന്യൂസ് 18 ചാനലിന്റെ ‘പുഷ്പുള്‍’ പരിപാടിയില്‍ അവതാരകന്‍ ലല്ലു കാണിച്ച ദൃശ്യത്തില്‍ സുധാകരന് പിന്നാലെ സ്വാമിക്ക് മുന്നില്‍ തോമസ് ഐസക്ക് വണങ്ങുന്നതും സ്വാമി നല്‍കുന്ന ആപ്പിള്‍ സ്വീകരിക്കുന്നതും വ്യക്തമായി കാണിക്കുന്നുണ്ട്.
രണ്ട് മന്ത്രിമാരും ‘ഭയഭക്തി’ ബഹുമാനത്തോടെയാണ് പീഠത്തില്‍ ഉപവിഷ്ടനായ ശ്രീ ഭാരതീ തീര്‍ത്ഥ സ്വാമിക്ക് മുന്‍പിലെത്തിയത് എന്നത് പരിഹാസത്തോടെയാണ് ചാനല്‍ അവതരിപ്പിച്ചത്.
‘ഒരു മന്ത്രി മഠാധിപതിയുടെ പീഠം എടുത്ത് മാറ്റി നിലപാട് വ്യക്തമാക്കിയപ്പോള്‍ മറ്റു രണ്ടു മന്ത്രിമാര്‍ പീഠത്തില്‍ ഉപവിഷ്ടനായ മറ്റൊരു മഠാധിപതിക്കു മുന്നില്‍ ‘കാണിക്ക’ വെച്ച് വണങ്ങിയത് പശ്ചാത്താപം കൊണ്ടാണോ’ എന്ന പരിഹാസങ്ങളും മന്ത്രിമാരുടെ നടപടി ചോദ്യം ചെയ്ത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അലയടിക്കുന്നുണ്ട്.
വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും ആകരുതെന്നാണ് പ്രധാന വിമര്‍ശനം. സിപിഎം അനുഭാവികള്‍ പോലും പ്രതികരണവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.