ഖമറുന്നീസക്കും ഒരു ‘പിൻഗാമി’ സി പി എം എംഎൽഎ ആർ എസ് എസ് വേദിയിൽ . . !

തൃശൂർ: ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത പാർട്ടി എംഎൽഎയുടെ നടപടി സിപിഎമ്മിനെ വെട്ടിലാക്കി.

ഇരിങ്ങാലക്കുട എംഎൽഎയും സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമായ അരുൺ മാസ്റ്ററാണ് പാർട്ടിയുടെ ‘പ്രഖ്യാപിത’ ശത്രുക്കൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.

ആർ.എസ്.എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാർത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആർ.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണോത്ഘാടനം പാർട്ടി എംഎൽഎ ഉദ്ഘാടനം ചെയ്ത നടപടി സിപിഎം പ്രവർത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്.

വലിയ വിവാദമാണ് ഇതുസംബന്ധമായി സിപിഎമ്മിൽ ഇപ്പോൾ പൊട്ടി പുറപ്പെട്ടിരിക്കുന്നത്.

എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് ജില്ലയിലെ സിപിഎമ്മിനകത്തെ പൊതുവികാരം.

‘രാത്രി ആർ.എസ്.എസും പകൽ കോൺഗ്രസ്സുമെന്ന് തങ്ങളെ കളിയാക്കുന്ന സിപിഎം, പകൽ തന്നെ ആർഎസ്എസ് ആയത് കണ്ടില്ലേയെന്ന്’ ചോദിച്ച് കോൺഗ്രസ്സുകാരും അവസരം മുതലെടുത്ത് രംഗത്തിറങ്ങി കഴിഞ്ഞു.

വനിതാലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഖമറുന്നീസ അൻവർ തിരൂരിൽ ബിജെപി സംഘടിപ്പിച്ച ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത വിവാദം കെട്ടടങ്ങും മുൻപാണ് പുതിയ വിവാദത്തിന് തൃശൂരിൽ തുടക്കമായിരിക്കുന്നത്.

unnamed

ഖമറുന്നീസ ബി.ജെ.പി വേദിയിലെത്തിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവർ രംഗത്ത് വന്നിരുന്ന പശ്ചാത്തലത്തിൽ ഓർക്കാ പുറത്തുള്ള തിരിച്ചടിയാണ് പാർട്ടി എം.എൽ.എ തന്നെ ഇപ്പോൾ സിപിഎമ്മിന് നൽകിയിരിക്കുന്നത്.

അണികളെ എങ്ങനെ ഇനി കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും എന്നതിനേക്കാൾ രാഷ്ട്രീയ എതിരാളികളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് സിപിഎമ്മിനെ അലട്ടുന്ന പ്രധാന പ്രശ്നം.

സോഷ്യൽ മീഡിയയിലും സിപിഎമ്മിന്റ ഇരട്ടതാപ്പ് ചൂണ്ടിക്കാട്ടി പരിഹാസങ്ങളും ട്രോളുകളും വ്യാപിക്കുകയാണ്.

അടുത്തയിടെ നിയമസഭയിൽ സംസാരിക്കുമ്പോൾ ‘ 1983-ൽ ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കപിൽ ദേവിന്റെ ടീമിലുണ്ടായിരുന്ന യുവരാജ് സിങ്ങ് . .’ എന്ന പരാമർശം നടത്തിയ എംഎൽഎയാണ് ഇരിങ്ങാലക്കുട എം.എൽ.എയായ പ്രൊഫ. കെ.യു. അരുണൻ.

തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

അതേസമയം ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയുടെ നടപടിയില്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.

മറുപടി അറിഞ്ഞശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Top