കൊച്ചി: പള്‍സര്‍ സുനിയും സംഘവും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ കോള്‍ വിളിച്ചിട്ടും ദിലീപ് പരാതി നല്‍കാന്‍ വൈകിയതിന് കാരണം പ്രമുഖരെ വലിച്ചിഴക്കേണ്ടന്ന് കരുതിയാണെന്ന് സൂചന.
ഒന്നര കോടി നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടര കോടി നല്‍കാന്‍ ആളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കോളില്‍ യുവ നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളുണ്ടായിരുന്നു.
താന്‍ പരാതി നല്‍കിയാല്‍ ഇവര്‍ വലിച്ചിഴക്കപ്പെടുമെന്ന് കരുതിയാണത്രെ ദിലീപ് എടുത്ത് ചാടി പരാതി കൊടുക്കാതിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
അതേ സമയം ഈ പ്രമുഖരെ വിളിച്ച് ഇങ്ങനെ ഒരു കോള്‍ നാദിര്‍ഷക്ക് വന്ന കാര്യം അറിയിക്കാനും ദിലീപ് മറന്നില്ല. പ്രമുഖരുടെ പേര് പറഞ്ഞ് പണം തട്ടാന്‍ ശ്രമം നടന്നു എന്നതല്ലാതെ മറ്റേതെങ്കിലും തരത്തില്‍ ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ദിലീപും നാദിര്‍ഷയും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലത്രെ.
എന്നാല്‍ പിന്നീട് ഭീഷണി കോള്‍ നിരന്തരം വരാന്‍ തുടങ്ങിയതോടെ ‘വിദഗ്ദ’ ഉപദേശം മാനിച്ച് ഒടുവില്‍ പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അങ്ങനെയാണ് ഡിജിപി ലോക് നാഥ് ബഹ്‌റക്ക് നേരിട്ട് ദിലീപ് തന്നെ പരാതി നല്‍കിയിരുന്നത്.
ഈ കേസില്‍ പള്‍സര്‍ സുനിയെയും കൂട്ടുപ്രതികളെയും ഇന്‍ഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്.
തിങ്കളാഴ്ച വരെ കസ്റ്റഡി കാലാവധിയുള്ളതിനാല്‍ അതിനിടക്ക് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നതാണ് പൊലീസ് ശ്രമിക്കുന്നത്.
ഇതിനു ശേഷമായിരിക്കും ഫോണ്‍ കോളില്‍ പരാമര്‍ശിച്ച താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നതിനെ കുറിച്ച് അന്തിമമായി തീരുമാനിക്കുക എന്നാണ് അറിയുന്നത്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവര്‍ക്ക് ഏപ്രില്‍ ആദ്യവാരമാണ് ജയിലില്‍ നിന്നും കോള്‍ പോയതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞാണ് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. ഇത് എന്ത് കൊണ്ടാണ് എന്നത് പരിശോധിക്കണമെന്നാണ് ബ്ലാക്ക് മെയില്‍ കേസ് അന്വേഷിക്കുന്ന ലോക്കല്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നത്.
സഹതടവുകാരന്റെ പേരില്‍ പള്‍സര്‍ സുനി തന്നെ നേരിട്ടാണ് നാദിര്‍ഷയെ വിളിച്ചതെന്ന് അന്വഷണ സംഘം ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.