കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ്, തന്നെ കള്ള കേസില്‍ കുടുക്കിയതിനെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കും.
അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.
ഇതു സംബന്ധമായി ഉടന്‍ തന്നെ ദിലീപ് അഭിഭാഷകരുമായി ചര്‍ച്ച നടത്തും.
എ.ഡി.ജി.പി ബി.സന്ധ്യ, ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജ്, സി.ഐ ബൈജു പൗലോസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെടുക.
സി.ബി.ഐയോ അതല്ലങ്കില്‍ സത്യസന്ധരായ മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരോ പൊലീസ് നടപടി അന്വേഷിക്കണമെന്നതാണ് ആവശ്യം.
എ.ഡി.ജി.പി സന്ധ്യ തന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി ചേര്‍ന്ന് നടത്തിയ ‘ഗൂഢാലോചന’യാണ് തന്നെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് ദിലീപിന്റെ ആരോപണം.
അവസരം കിട്ടിയപ്പോള്‍ ശത്രുപക്ഷത്തുള്ളവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ട്. ഇതും അന്വേഷിക്കണം.
ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ സുപ്രീം കോടതി വരെ പോയാണെങ്കിലും തന്നെ ദ്രോഹിച്ചവരെ വിടില്ലന്ന വാശിയിലാണ് ദിലീപ്.
രാമലീലയുടെ വിജയം ദിലീപിന്റെ ‘താര വില’ വലിയ തോതില്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ഇനി തനിക്ക് ഒന്നും നോക്കാനില്ലെന്ന ആത്മവിശ്വാസം ജയിലില്‍ സന്ദര്‍ശിച്ച അടുപ്പക്കാരോട് ദിലീപ് പറഞ്ഞിരുന്നു.
ജനങ്ങള്‍ കൂടെയുള്ളതാണ് കരുത്തെന്നും നിരപരാധിത്വം തെളിയിക്കേണ്ടതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്നുമാണ് താരത്തിന്റെ നിലപാട്.
ഇതിനിടെ ദിലീപിന്റെ ജാമ്യ വാര്‍ത്തയറിഞ്ഞ ആരാധകര്‍ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി നൃത്തം ചവിട്ടി. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
രാമലീലയുടെ തകര്‍പ്പന്‍ വിജയത്തോടെ ദിലീപ് പുറത്തിറങ്ങിയത് ഇരട്ടി മധുരമാണ് ആരാധകര്‍ക്ക് നല്‍കിയത്.
സന്ധ്യയ്‌ക്കെതിരായ ആരോപണം
ആദ്യം തന്നെ ബ്‌ളാക്ക് മെയില്‍ ഭീഷണിയുണ്ടായിട്ടും ഏപ്രില്‍ 22 നാണ് ദിലീപ് പരാതി നല്‍കിയതെന്ന് നേരത്തേ പൊലീസ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നടിയുമായി കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യയ്ക്ക് അടുപ്പമുണ്ട്. തനിക്കെതിരായ അന്വേഷണ നടപടികളെക്കുറിച്ച് അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിന് അറിവുണ്ടായിരുന്നില്ലെന്നുമാണ് ദിലീപിന്റെ ആരോപണം.
ചോദ്യം ചെയ്യലിനിടെ കാമറ ഓഫാക്കി
തന്നെ ചോദ്യം ചെയ്തപ്പോള്‍ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്റെ ജീവിതത്തിലുള്ള പ്രതിനായക വേഷത്തെക്കുറിച്ച് വിശദമായി പറഞ്ഞു. മുന്‍ ഭാര്യ മഞ്ജു വാര്യരുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രീകുമാര്‍ മേനോനു ബന്ധമുണ്ടെന്ന സംശയത്തെക്കുറിച്ചും ചോദ്യം ചെയ്യലില്‍ വിശദീകരിച്ചിരുന്നു. ഈ നേരമത്രയും ചോദ്യം ചെയ്യല്‍ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ കാമറ ഓഫായെന്ന് കണ്ടു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അവരുടെ പ്രതികരണം സംശയാസ്പദമായിരുന്നു.
വന്‍കിട മാദ്ധ്യമ കോര്‍പറേറ്റുകളുമായി ഉള്‍പ്പെടെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശ്രീകുമാര്‍ മേനോന്‍. ഒരുപാടു വ്യവസായ ബന്ധങ്ങളുള്ള ശ്രീകുമാര്‍ മേനോനു തന്നോടു ശത്രുതയുണ്ട്. സമരം പരാജയപ്പെട്ടതോടെ ലിബര്‍ട്ടി ബഷീറും തനിക്കെതിരെ തിരിഞ്ഞെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.