ജീവന്‍ രക്ഷിച്ച ദിലീപിനിട്ട് ‘പണി’ കൊടുത്ത യുവാവിനെ പൊളിച്ചടക്കി സോഷ്യല്‍ മീഡിയ

ദുബായ്: അവസരം കിട്ടിയപ്പോള്‍ ദിലീപ് ജീവന്‍ രക്ഷിച്ച യുവാവും തിരിഞ്ഞ് കുത്തി.

നന്ദികേടിന്റെ പ്രതിരൂപമായി മാറിയത് കോഴിക്കോട് വടകര സ്വദേശി ജാസിറാണ്.

രക്ഷകനായി ജീവന്‍ രക്ഷിച്ച ദിലീപിനെ വില്ലനാക്കിയ ഈ യുവാവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദുബായിലെ ഒരു കമ്പനിയില്‍ ഡെലിവറി ബോയിയുടെ ജോലി ചെയ്ത് വരവെ ജാസിറിന്റെ ബൈക്കില്‍ ഒരു ഫോര്‍ വീലര്‍ വാഹനമിടിച്ച് തെറുപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു.

എണീറ്റ് നില്‍ക്കാന്‍ കഴിയാതെ പിടഞ്ഞ യുവാവിനെ തൊട്ട് പിന്നില്‍ വാഹനത്തില്‍ വരികയായിരുന്ന ദിലീപും സുഹൃത്തും തങ്ങളുടെ വാഹനത്തില്‍ കയറ്റി ശുശ്രൂഷിക്കുകയും പിന്നീട് പൊലസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ഇതെല്ലാം മറന്നുകൊണ്ടാണിപ്പോള്‍ ജാസിര്‍ ദിലീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്.

”ദിലീപിനെ നേരിട്ട് കണ്ടിരുന്നെങ്കില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു എനിക്ക്. എന്തിനായിരുന്നു പ്രതിമാസം ആയിരത്തോളം ദിര്‍ഹം ടിപ്‌സ് അടക്കം നാലായിരത്തോളം ദിര്‍ഹം സമ്പാദിക്കാന്‍ സാധിച്ചിരുന്ന ജോലി രാജിവയ്പിച്ചത്. എന്തിനായിരുന്നു കുറഞ്ഞ ശമ്പളത്തിനുള്ള ജോലിയില്‍ കയറ്റി കഷ്ടപ്പാടിലാക്കിയത്. എന്തുകൊണ്ടാണ് തന്റെ ഫോണ്‍ കോളുകള്‍ക്ക് പോലും മറുപടി നല്‍കാത്തത്. ഇതിന് മറുപടി പറയാന്‍ ദിലീപും ദുബായിലെ സുഹൃത്തും ബാധ്യസ്ഥരാണ്’-ജാസിറിന്റെ ഇപ്പോഴത്തെ പ്രതികരണമാണിത്.

താന്‍ വാഹനമിടിച്ച് നിലത്ത് വീണ് പിടഞ്ഞപ്പോള്‍ നിര്‍ത്താതെ പോയ വാഹനങ്ങളെയെങ്കിലും ഓര്‍ക്കുമായിരുന്നെങ്കില്‍ സഹായിച്ച ദിലീപിനിട്ട് ഇങ്ങനെ ഒരു ‘പണി’ ജാസിര്‍ കൊടുക്കില്ലായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്നും ഇഷ്ടനായകന്‍ അദ്ദേഹമാണെന്നു പറയണമെന്നും നിര്‍ദ്ദേശിച്ചുവെന്നാണ് ജാസിറിന്റെ ഇപ്പോഴത്തെ മറ്റൊരു വാദം.

dileep

ആശുപത്രി വിട്ട ശേഷം ഷൂട്ടിങ് അവസാനിച്ചതിനോടനുബന്ധിച്ച് ജുമൈറയില്‍ നടന്ന പാര്‍ട്ടിയിലേയ്ക്ക് ജാസിറിനെ ദിലീപ് ക്ഷണിച്ചിരുന്നു. അന്ന് തന്റെ കുടുംബകാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ദിലീപ്, തന്നോട് കഫ്റ്റീരിയയിലെ ഡെലിവറി ബോയിയുടെ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞെന്നും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മെച്ചപ്പെട്ട ജോലി തന്റെ സ്‌പോണ്‍സറുടെ കമ്പനിയില്‍ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയതെന്നും ജാസിര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ജോലി രാജി വെച്ച തന്റെ ഭാവി അവതാളത്തിലായെന്നാണ് ജാസിറിന്റെ കുറ്റപ്പെടുത്തല്‍.

”ദിലീപ് പറഞ്ഞ് പറ്റിച്ചതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സന്ദര്‍ശക വീസയില്‍ മൂന്ന് മാസം മുന്‍പ് ദുബായിലെത്തി. പഴയ ജോലി ലഭിച്ചില്ല. റാഷിദിയ്യയിലെ ഒരു കഫ്റ്റീരിയയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. എന്നാല്‍, പണ്ട് കിട്ടിയിരുന്നത്ര വരുമാനം ഇപ്പോള്‍ എത്ര പരിശ്രമിച്ചിട്ടും സാധ്യമാകുന്നില്ല. അന്നത്തെ ജോലിയില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടില്‍ നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ ജോലി തുടര്‍ന്നിരുന്നെങ്കില്‍ അവിടെ ഒരു വീട് വയ്ക്കാന്‍ കഴിയുമായിരുന്നു. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു. എന്തിനാണ് ദിലീപ് തന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വേണ്ടി എന്നെപ്പോലെ ഒരു സാധാരണക്കാരനെ പറഞ്ഞു പറ്റിച്ചത്? എന്തിനായിരുന്നു എന്റെ വിലയേറിയ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയത് ” ജാസിര്‍ തുറന്നടിച്ചു.

ദിലീപ് സ്‌പോണ്‍സറുടെ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനായി നല്‍കിയ ജോലി ശമ്പളം കുറഞ്ഞുപോയി എന്ന ഒറ്റ കാരണം പറഞ്ഞാണ് അദ്ദേഹത്തെ യുവാവ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

ആരും തിരിഞ്ഞു നോക്കാതെ റോഡില്‍ കിടന്ന് പിടഞ്ഞ യുവാവിന്റെ ജീവന്‍ രക്ഷിക്കുകയും ജോലി വാങ്ങി നല്‍കുകയും ചെയ്തിട്ട് ശമ്പളക്കുറവ് എന്ന മുടന്തന്‍ന്യായം പറഞ്ഞ് ആക്ഷേപങ്ങള്‍ ചൊരിയുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെയും പ്രകോപിപ്പിക്കാന്‍ കാരണം.

മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ലഭിച്ച ശമ്പളത്തിന്റെ കാര്യമടക്കം യുവാവ് പറഞ്ഞ പലകാര്യങ്ങളും കളവാണെന്നുള്ള കമന്റുകളും വ്യാപകമാണ്. ജീവനേക്കാള്‍ വലുതല്ല പണമെന്ന ഓര്‍മ്മപ്പെടുത്തലും സോഷ്യല്‍ മീഡിയ നല്‍കുന്നു..

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ വേട്ടയാടുന്നവരുടെ കൂട്ടത്തില്‍ താരം ജീവന്‍ രക്ഷിച്ച യുവാവും വേട്ടയാടുന്നത് എന്തായാലും സോഷ്യല്‍ മീഡിയ വകവെച്ച് കൊടുത്തിട്ടില്ല.

Top