ദിലീപ് വെട്ടിലാക്കിയത് ആഭ്യന്തര വകുപ്പിനെ . . കേസ് അന്വേഷിക്കാന്‍ സി.ബി.ഐ റെഡി !

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

ആഭ്യന്തര സെക്രട്ടറിയെ എതിര്‍കക്ഷിയാക്കിയാകും ഹര്‍ജി സമര്‍പ്പിക്കുക.

ഇതിന് കളമൊരുക്കുന്നതിനു വേണ്ടിയാണ് ആഭ്യന്തര സെക്രട്ടറിക്ക് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പ് പരാതി നല്‍കിയിരിക്കുന്നത്.

ദിലീപിന്റെ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടി വരുമെന്നാണ് നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റക്കെതിരെ തന്നെ ദിലീപ് ഗുരുതരമായ ആരോപണം ഉന്നയിച്ചതിനാല്‍ ഇനി സംസ്ഥാന പൊലീസ് ഈ കേസ് അന്വേഷിക്കുന്നതില്‍ പ്രസക്തിയില്ലന്നതാണ് നിയമ കേന്ദ്രങ്ങളുടെ അഭിപ്രായം.

അല്ലങ്കില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.

കാര്യങ്ങള്‍ സി.ബി.ഐ അന്വേഷണത്തിലേക്ക് പോകുന്നതിന് പ്രധാന കാരണമായി നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഡി.ജി.പിക്ക് എതിരായ ആക്ഷേപം തന്നെയാണ്.

ഏപ്രില്‍ പത്തിന് പള്‍സര്‍ സുനിയുടെ ആളുകള്‍ ഭീഷണിപ്പെടുത്തിയ വിവരം രേഖകള്‍ സഹിതം ഡി.ജി.പിക്ക് ദിലീപ് കൈമാറിയതില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് പൊലീസിനെ പ്രതിരോധത്തിലാക്കുന്ന പ്രധാന ഘടകമാണെന്നാണ് വിലയിരുത്തല്‍.

ഏപ്രില്‍ 10നു പുറമെ 18, 20, 21 ദിവസങ്ങളില്‍ നാദിര്‍ഷാക്കും ഡ്രൈവര്‍ അപ്പുണ്ണിക്കും വന്ന ബ്ലാക്ക് മെയില്‍ ഭീഷണിയുടെ ശബ്ദരേഖയും ഡി.ജി.പി. ലോക് നാഥ് ബഹ്‌റക്ക് കൈമാറിയതായാണ് ദിലീപ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇക്കാര്യം നേരത്തെ ഡി.ജി.പി തന്നെ സ്ഥിരീകരിച്ചതിനാല്‍ ഇനി ഈ നിലപാടില്‍ നിന്നും അദ്ദേഹത്തിനും പിന്‍മാറാന്‍ കഴിയില്ല.

ഡി.ജി.പിയുടെ ‘റോള്‍’ അടക്കം അന്വേഷിക്കേണ്ടതുള്ളതിനാല്‍ സംസ്ഥാന പൊലീസിന് കീഴില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിക്കാന്‍ സാധ്യതയില്ലന്നും സി.ബി.ഐക്ക് തന്നെ നറുക്ക് വീഴുമെന്നുമാണ് റിട്ടയര്‍ ചെയ്ത മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും പറയുന്നത്.

ദിലീപ് ഡി.ജി.പിക്ക് മുന്‍പ് നല്‍കിയ പരാതിയില്‍ സിനിമാരംഗത്തെ മൂന്ന് പ്രമുഖരുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇവരുടെ പേര് സൂചിപ്പിച്ചാണ് പള്‍സര്‍ സുനി നാദിര്‍ഷയോട് സംസാരിച്ചതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

എന്തുകൊണ്ടാണ് ഇത്രയും ഗുരുതരമായ പരാതിയായിട്ടും ഈ മൂന്നു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്താതെയിരുന്നതെന്നതിനും ഇതുവരെ വ്യക്തമായ മറുപടി പൊലീസ് പറഞ്ഞിട്ടില്ല.

എ.ഡി.ജി.പി ബി.സന്ധ്യ, ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ്, ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്‍, ഡി.വൈ.എസ്.പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സി.ഐ ബൈജു പൗലോസ് എന്നിവര്‍ ചേര്‍ന്ന് തന്നെ കുരുക്കി ജയിലിലടച്ചതായാണ് ദിലീപിന്റെ ആരോപണം.

സത്യസന്ധമായി കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് ദിലീപ് ഉറച്ചു വിശ്വസിക്കുന്നത്.

കേസില്‍ സി.ബി.ഐയെകൂടി കക്ഷിയാക്കുന്ന പശ്ചാത്തലത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിക്കാനാണ് സാധ്യത.

ഇതു സംബന്ധമായ സൂചനയാണ് സി.ബി.ഐ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.

Top