പൊലീസിന് കരുത്തായത് പിണറായിയുടെ കർക്കശ നിലപാട് നായകനായി പിണറായി

കൊച്ചി: പിണറായിയുടെ പൊലീസ് ഏത് സൂപ്പര്‍ താരത്തിന് മേലെയും ‘കൈ വയ്ക്കാന്‍’ മടിക്കില്ല എന്ന സന്ദേശം ദിലീപിന്റെ അറസ്റ്റോടെ നല്‍കിയതില്‍ ഞെട്ടിത്തരിച്ച് സിനിമാപ്രവര്‍ത്തകര്‍. കൈയ്യടിച്ച് ജനങ്ങള്‍ അഭിനന്ദിക്കുമ്പോള്‍ അന്തംവിട്ട് നില്‍ക്കുകയാണ് പ്രതിപക്ഷം.

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും മുഖം നോക്കാതെ നടപടി സ്വീകരിക്കാനും ഐജി ദിനേന്ദ്ര കാശ്യപിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കരുത്ത് പകര്‍ന്നത് പിണറായിയാണ് മുഖ്യമന്ത്രി എന്നതാണെന്നത് കൊണ്ട് മാത്രമായിരുന്നു.

അന്വേഷണത്തില്‍ ഒരു ഇടപെടലും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടാണ് താരാരാധകരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പുറകോട്ടടുപ്പിച്ചത്

ദിലീപ് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ള നടന്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് എന്നതിനാല്‍ അന്വേഷണത്തില്‍ പല അട്ടിമറിയും സിനിമാ ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ യാഥാര്‍ത്ഥ്യം പുറത്ത് വരണമെന്ന നിലപാടില്‍ തന്നെയായിരുന്നു മമ്മൂട്ടി.

ഇത്തരമൊരു അറസ്റ്റ് ‘സീന്‍’ സിനിമാരംഗത്തുള്ളവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നടനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കാര്യം മാത്രമാണ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

‘തെളിവുണ്ടെങ്കില്‍ എന്ത് നടപടിയും സ്വീകരിക്കാം. ആരും തടയില്ല, പക്ഷേ തെളിവു കണ്ടെത്തിയിരിക്കണം ‘

കുറ്റവാളികള്‍ ആരായാലും വലക്കുള്ളില്‍ നിന്നും രക്ഷപ്പെട്ടില്ലെന്ന് പിന്നീട് മുഖ്യമന്ത്രി പിണറായി തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ആരാധനയോടെ കാണുന്ന സിനിമാ താരങ്ങള്‍ ദിലീപിന്റെ അറസ്‌റ്റോടെ പൊലീസിന്റെ നിഴല്‍ കണ്ടാല്‍ പേടിക്കുന്ന അവസ്ഥയിലാണ്.

പല താരങ്ങളുടെ ബിനാമി ക്വട്ടേഷന്‍ ഇടപാടുകള്‍ തുടങ്ങി മയക്കു മരുന്ന് – കഞ്ചാവ് ഇടപാടുകള്‍ വരെ ഇപ്പോള്‍ പൊലീസ് അന്വേഷിച്ച്‌കൊണ്ടിരിക്കുകയാണ്.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഇനി ഷൂട്ടിങ്ങ് സ്ഥലത്ത് അടക്കം പൊലീസ് റെയ്ഡ് ഉണ്ടാവുമെന്ന ഭീതിയിലാണ് ഒരു വിഭാഗം സിനിമാപ്രവര്‍ത്തകര്‍.

പൊലീസിന് വിവരങ്ങള്‍ കളക്ട് ചെയ്ത് കൊടുക്കാന്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന ഉണ്ട് എന്നതും ‘കുത്തക’ സിനിമാക്കാരുടെ ഉറക്കം കെടുത്തുന്നതാണ്.

അവസരം തേടി വരുന്നവരെയും വനിതാ താരങ്ങളെയുമെല്ലാം കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്നവര്‍ ഇനി ‘കളക്ടീവിന്റെ’ ചാരക്കണ്ണില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കാനാണ് തീരുമാനം.

തെളിവ് സഹിതം പിടിച്ചാല്‍ അടിയും അഴിയും മാനഹാനിയും ഉറപ്പാണ് എന്നതിനാല്‍ സിനിമയുടെ ചിത്രീകരണം ഇനി കേരളം വിട്ട് നടത്തേണ്ടി വരുമോ എന്ന് പോലും പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ടത്രെ.

പുറത്ത് ചിത്രീകരിക്കാന്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതും കഥ ആവശ്യപ്പെടുന്ന സ്ഥലം മിക്കവാറും കേരളമാകുമെന്നതിനാലും ഇവിടം വിട്ട് പോകാന്‍ കഴിയാത്ത ‘താപ്പാനകളാണ് ‘ ഇപ്പോള്‍ പ്രധാനമായും വെട്ടിലായിരിക്കുന്നത്.

യഥാര്‍ത്ഥ ജീവിതത്തില്‍ ‘ഷോ’ കാണിക്കാതെ മാനം മര്യാദക്ക് സിനിമ ചിത്രീകരിക്കുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാണെങ്കിലും എല്ലാം ‘സ്വാതന്ത്ര്യത്തോടെ’ പ്രാപിക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗത്തിന് പക്ഷേ ഇതങ്ങ് ബോധ്യപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇത്തരക്കാര്‍ തങ്ങളുടെ ഭൂതകാലത്തിലേക്ക് പൊലീസ തിരിഞ്ഞ് നോക്കുമോ എന്ന ഭയപ്പാടിലാണിപ്പോള്‍. 2013-ല്‍ തുടങ്ങിയ ഗൂഢാലോചനയാണ് പൊലീസ് ഇപ്പോള്‍ പൊളിച്ചിരിക്കുന്നത് എന്നതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.

Top