സംഘപരിവാറിന്റെ ‘കെണി’യില്‍ വീഴരുത് . . പാര്‍ട്ടി ജനപ്രതിനിധികളോട് സി.പി.ഐ(എം)

cpim

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെയും അവരുമായി ബന്ധമുള്ള മറ്റു സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി ജനപ്രതിനിധികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ സിപിഎം തീരുമാനം.

അറിയാതെ പോലും ഇത്തരം സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട പാര്‍ട്ടി ഘടകം വഴി എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവര്‍ക്ക് ഈ തീരുമാനം ബാധകമാകും.

മുന്‍പ് കൊല്ലത്ത് സംഘ പരിവാര്‍ വേദിയിലെത്തിയ ജനപ്രതിനിധിയായ പാര്‍ട്ടി നേതാവിനെതിരെ സംഘടനാ നടപടി സ്വീകരിച്ചിട്ടും ഇരിങ്ങാലക്കുടയില്‍ പാര്‍ട്ടി എംഎല്‍എ പ്രൊഫ.അരുണന്‍ ആര്‍ എസ് എസ് സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകനായത് സിപിഎം നേതൃത്ത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതാണ് പെട്ടെന്ന് തന്നെ ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിക്കുവാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.

സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം കൂടിയായ അരുണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്ത്വം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത് വ്യാഴാഴ്ച express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എംഎല്‍എയെ പുറത്താക്കിയില്ലെങ്കിലും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുമെന്നാണ് സൂചന.

ആഴ്ചകള്‍ക്ക് മുന്‍പ് മുസ്ലീം ലീഗ് വനിതാ വിഭാഗം പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ ബിജെപി ഫണ്ട് ശേഖരണം തിരൂരില്‍ ഉദ്ഘാടനം ചെയ്ത സംഭവത്തിനെതിരെ സിപിഎം ആഞ്ഞടിച്ചു രംഗത്ത് വന്നിട്ടും പാര്‍ട്ടി എംഎല്‍എ തന്നെ ആര്‍എസ്എസ് വേദിയിലെത്തിയതാണ് സിപിഎം നേതാക്കളെയും രാഷ്ട്രീയ കേരളത്തെയും അമ്പരിപ്പിച്ചത്.

സംഘ പരിവാര്‍ സംഘടനകളായ ആര്‍എസ്എസുമായും ബിജെപിയുമായും നിരന്തരം പോരാടുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ഈ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്താല്‍ പൊതുസമൂഹത്തിനിടയിലും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സിപിഎം നേതൃത്ത്വത്തിന്റെ വിലയിരുത്തല്‍.

മാത്രമല്ല പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളെയും രക്തസാക്ഷി കുടുംബങ്ങളെയും ഈ ‘സഹകരണം ‘വേദനിപ്പിക്കുമെന്നും സിപിഎം വിലയിരുത്തുന്നു.

എത്ര ഉന്നതനായ നേതാവായാലും പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതാണ് കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ പാരമ്പര്യം.

സംസ്ഥാനത്ത് ബിജെപിയും ആര്‍എസ്എസും ശക്തി പ്രാപിക്കാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് മറ്റു പാര്‍ട്ടികളിലെ നേതാക്കളെയും ജനപ്രതിനിധികളെയും ബോധപൂര്‍വ്വം സംഘപരിവാര്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെന്നാണ് സിപിഎമ്മും ഇപ്പോള്‍ സംശയിക്കുന്നത്.

ഖമറുന്നീസ അന്‍വറിനെയും ഇരിങ്ങാലക്കുട എംഎല്‍എ അരുണന്‍ മാസ്റ്ററെയും സംഘപരിവാര്‍ ലക്ഷ്യമിട്ട് പരിപാടികളില്‍ ഉദ്ഘാടകരാക്കിയത് ഒറ്റപ്പെട്ട സംഭവമായി ചുരുക്കിക്കാണാന്‍ അതുകൊണ്ടു തന്നെ സിപിഎം സംസ്ഥാന നേതൃത്ത്വം തയ്യാറുമല്ല.

എംഎല്‍എക്കെതിരായ പാര്‍ട്ടി നടപടിയും നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ജാഗ്രതാ നിര്‍ദ്ദേശവും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

Top