കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മുന്‍പ് തന്നെ സൂപ്പര്‍ താരമായി മെട്രോ മാന്‍.
രാജ്യത്തെ അഴിമതി തൊട്ടു തീണ്ടാത്ത മികച്ച വ്യക്തിത്വത്തിനുടമയും ഒന്നാന്തരം സാങ്കേതിക വിദഗ്ദനുമായ ഇ.ശ്രീധരനു വേണ്ടി സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
രാജ്യത്തിന് മാത്രമല്ല, ലോകത്തിന് മുന്നില്‍ തന്നെ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് മെട്രോ മാന്‍ ശ്രീധരന്‍.
അതുകൊണ്ട് തന്നെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കിയതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചിരുന്നത്. ഈ പ്രതിഷേധമാണിപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.ശനിയാഴ്ച മെട്രോയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ഇ.ശ്രീധരനുമുണ്ടാകും.
താന്‍ ഏറ്റെടുത്ത പദ്ധതികളില്‍ എല്ലാം എത്രയോ കോടികള്‍ കൈകൂലി വാങ്ങാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി എന്നത് മാത്രമല്ല, മറ്റാരെയും വാങ്ങാനും സമ്മതിച്ചിട്ടില്ല ശ്രീധരന്‍.
കമ്മിഷനായി ലഭിക്കേണ്ടിയിരുന്ന പണം കൂടി ചെയ്യുന്ന വര്‍ക്കിന് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഈ മലയാളിക്ക് മുന്‍പില്‍ ലോകത്തെ പ്രമുഖ കോര്‍പ്പറേറ്റുകള്‍ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു തവണയല്ല പല തവണ . .
ഏറ്റവും ഒടുവില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പോലും ഇക്കാര്യം പ്രകടമായിരുന്നു.
അഴിമതിരഹിതന്‍ എന്ന് സ്വയം പറയുന്നതിലല്ല മറ്റുള്ളവരെ കൊണ്ട് പറയിക്കുന്നതിലാണ് കാര്യമെന്ന് പഠിക്കാന്‍ ശ്രീധരന്റെ ജീവചരിത്രം പഠിച്ചാല്‍ മാത്രം മതി.
ഡല്‍ഹി ഭൂഗര്‍ഭ തീവണ്ടിപ്പാത ഏറെ വെല്ലുവിളികള്‍ തരണം ചെയ്താണ് ശ്രീധരന്റെ നേതൃത്ത്വത്തില്‍ സ്ഥാപിച്ചത്.
ഇതിനു പുറമെ കൊല്‍ക്കത്ത ഭൂഗര്‍ഭ തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത, തകര്‍ന്ന പാമ്പന്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയവ മുതല്‍ കൊച്ചി മെട്രോ വരെ എത്തി നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ കയ്യൊപ്പ്.
2001ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച ശ്രീധരന് 1963ല്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പ്രത്യേക പുരസ്‌കാരം, 2002ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് തുടങ്ങി 12 ഉന്നത ബഹുമതികള്‍ ലഭിച്ചിട്ട്. 2008ല്‍ രാജ്യം പത്മവിഭൂഷണും നല്‍കി ആദരിച്ചു.
കൊച്ചി മെട്രോയെ കുറിച്ച് പറയുമ്പോള്‍ ശ്രീധരനെ പരാമര്‍ശിക്കാതെ ആര്‍ക്കും സംസാരിക്കാന്‍ കഴിയില്ല.
മാനദണ്ഡങ്ങള്‍ക്കും അപ്പുറമാണ് അദ്ദേഹത്തിന്റെ സ്ഥാനം. നേരത്തെ ഈ പദ്ധതിയില്‍ നിന്ന് തന്നെ അദ്ദേഹത്തെ മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചതിനെ ശക്തമായാണ് കേരളം ചെറുത്ത് തോല്‍പ്പിച്ചത്.
ഒടുവില്‍ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും ആ നീക്കത്തില്‍ നിന്നും ഗത്യന്തരമില്ലാതെ പിന്തിരിയേണ്ടിവന്നു.
ശ്രീധരനെ വേദിയിലിരുത്താതെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുന്നത് ഉചിതമാകില്ലെന്ന് കണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണിപ്പോള്‍ തെറ്റ് തിരുത്തിയിരിക്കുന്നത്.
മെട്രോമാന്‍ ഇല്ലാത്ത വേദിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ അതിന് പകിട്ട് കുറയുമായിരുന്നുവെന്ന് മാത്രമല്ല, പ്രായം പോലും വകവയ്ക്കാതെ നൂറ് ശതമാനവും മെട്രോക്ക് വേണ്ടി പ്രയത്‌നിച്ച ഒരു വ്യക്തിയെ അപമാനിക്കുന്നതിന് തുല്യവുമാകുമായിരുന്നുഅത്.
ശ്രീധരന്‍ ഇല്ലായിരുന്നുവെങ്കില്‍ ഉദ്ഘാടനം ചെയ്യാന്‍ ഈ സമയത്ത് മെട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമായിരുന്നില്ല എന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് വൈകിവന്ന ഈ വിവേകം.
Team Express Kerala