ഉത്സവകാലം മുന്‍നിര്‍ത്തി ഒക്ടോബര്‍ പത്തിന് പുതിയ ടാറ്റ ടിഗോര്‍ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുറംമോടിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും സ്‌പെഷ്യല്‍ എഡിഷന്‍ ടിഗോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ടിഗോറിന്റെ എഞ്ചിനിലോ, സാങ്കേതിക മുഖത്തോ കമ്പനി മാറ്റം വരുത്തിയിട്ടില്ല. നിലവിലുള്ള 1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.05 ലിറ്റര്‍ റെവടോര്‍ഖ് മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ സ്‌പെഷ്യല്‍ എഡിഷനിലും തുടരും.
1.2 ലിറ്റര്‍ പെട്രോളിന് 85 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം 70 bhp കരുത്തും 140 Nm torque മാണ് 1.05 ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലെയും മാനുവല്‍ ഗിയര്‍ബോക്‌സ്. അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആവശ്യമെങ്കില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്നാണ് സൂചന.