തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ തട്ടി മന്ത്രി സ്ഥാനത്ത് നിന്നും തെറിച്ച ഇ പി ജയരാജന്‍ തിരിച്ച് മന്ത്രി സ്ഥാനത്ത് എത്തുന്നതിനു വേണ്ടിയാണ് പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ആക്ഷേപം.
സിപിഐ സംസ്ഥാന നേതൃത്വമാണ് ഇത്തരത്തില്‍ ഗുരുതരമായ ആക്ഷേപം ഉന്നയിക്കുന്നത്.
പൊലീസിന്റെ തെറ്റായ നിലപാടുകള്‍ മാത്രമാണ് കാനം രാജേന്ദ്രന്‍ ചൂണ്ടി കാണിച്ചതെന്നും അതിന് കാനം ഇടതു പക്ഷത്തിന്റെ മേധാവിയല്ലന്നും ആരും ചുമതലപ്പെടുത്തിയിട്ടില്ലന്നുമൊക്കെ പറയുന്നത് വ്യക്തിപരമായ ‘അജണ്ടയുടെ’ ഭാഗമായാണെന്നുമാണ് പാര്‍ട്ടി നേത്യത്വം പറയുന്നത്.
ഇടതുപക്ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഐക്ക് അഭിപ്രായം പറയാന്‍ ഇ പി ജയരാജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്നും. ബന്ധു നിയമനത്തിന് ശ്രമിച്ച് കമ്യൂണിസ്റ്റുകാരന്റെ മാന്യത കളഞ്ഞ ജയരാജനെ തിരിച്ച് മന്ത്രിസഭയിലെടുക്കാന്‍ നീക്കമുണ്ടായാല്‍ എതിര്‍ക്കുമെന്നുമാണ് സിപിഐ നേതാക്കള്‍ നല്‍കുന്ന സൂചന.
മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കില്‍ വീണ്ടും കയറി പറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമായാണത്രെ ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ബന്ധു നിയമനത്തില്‍ കേസന്വേഷണം സാധ്യമല്ലങ്കില്‍ വിജിലന്‍സിന് കേസ് അവസാനിപ്പിക്കാമെന്നാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.
അവധിയില്‍ പോയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിരിച്ചു വരാന്‍ സാധ്യത കുറവായതിനാല്‍ ഏതു വിധേയനേയും കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ടു കൊടുപ്പിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാവുക. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് ഇതുവരെ കേസുകളുടെ കാര്യത്തില്‍ പിണറായി സ്വീകരിച്ചിട്ടുള്ളത്.
സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളില്ലന്നും ആര്‍ക്കും സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളതെങ്കിലും ഒരു കമ്യൂണിസ്റ്റ് നേതാവ് പുലര്‍ത്തേണ്ട ജാഗ്രത ഇക്കാര്യത്താല്‍ ജയരാജന്‍ പുലര്‍ത്തിയിട്ടില്ല എന്ന് തന്നെയാണ് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നത്.
ഇതു സംബന്ധമായി ജയരാജനും ശ്രീമതിക്കുമെതിരായി നടപടി വേണമെന്ന ആവശ്യത്തെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് നീക്കം. സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ പിന്തുണ ഇക്കാര്യത്തില്‍ ഇ പി ജയരാജന് ഉണ്ടെങ്കിലും ബഹു ഭൂരിപക്ഷവും എതിരാണ്.
ഇനി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിലും സ്വാധീനം ചെലുത്തുക. പാര്‍ട്ടി പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കുന്നതോടെ മന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ ജയരാജന് കഴിയുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കള്‍ കരുതുന്നത്.
ഇതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താന്‍ ഘടകകക്ഷി നേതാക്കളുടെ മേല്‍ ജയരാജന്‍ മേക്കിട്ട് കയറുന്നതെന്നാണ് സിപിഐയുടെ ആരോപണം