ആ പാട്ട് പാടിയത് ഒരു വര്‍ഷം മുന്‍പ്, ചതിച്ചത് സസ്‌പെന്‍ഷനിലായ പൊലീസുകാരന്റെ പക !

താനൂര്‍: മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളടക്കം ആഘോഷിച്ച ആക്ഷന്‍ ഹീറോ ബിജുവിന്റെ ‘തനിയാവര്‍ത്തനം’ നടന്നത് ഒരു വര്‍ഷം മുന്‍പ്.

പൂവാലശല്യത്തിന് പിടികൂടിയ പ്രതികളെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സി.ഐ അലവി പാട്ടു പാടിച്ചതായ വാര്‍ത്ത തെറ്റായ വാര്‍ത്തയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല.

സംഭവം ഇങ്ങനെയാണ് :

ഒരു വര്‍ഷം മുന്‍പ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ താനൂര്‍ പി.വി.എസ് തിയറ്ററില്‍ മദ്യപിച്ച് പാട്ട് പാടി ബഹളം വച്ചവര്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ താനൂര്‍ എസ്.ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു.

എന്നാല്‍ എസ്.ഐക്കും സംഘത്തിനും പ്രശ്‌നക്കാരെ നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി.

തുടര്‍ന്നാണ് വിവരമറിഞ്ഞ് താനൂര്‍ സി.ഐ അലവിയും സംഘവും എത്തിയത്.

മദ്യപിച്ച് ലക്കുകെട്ട യുവാക്കളെ അതേ വേഷത്തില്‍ തന്നെ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

‘തിയറ്ററിനകത്തും പുറത്തും ബഹളം വെച്ച് പാടിയ പാട്ട് ഇവിടെ പാടി നിങ്ങളുടെ ആവേശം തീര്‍ത്തോ പക്ഷേ മദ്യപിച്ച് തിയറ്ററില്‍ പ്രശ്‌നമുണ്ടാക്കാന്‍ സമ്മതിക്കില്ലന്ന് ‘സി.ഐ യുവാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ മദ്യലഹരിയില്‍ അല്പസമയം പാടി നിര്‍ത്തുകയായിരുന്നുവത്രെ.

ഈ സംഭവം ആണ് ഇപ്പോള്‍ നടന്ന സംഭവമെന്ന രൂപത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ അടക്കം ആഘോഷമാക്കിയത്.

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ നായകന്‍ പ്രതികളെ കൊണ്ട് പാട്ടു പാടിക്കുന്നത് പോലെ സി.ഐ അലവി പാട്ടു പാടിച്ചു എന്നതായിരുന്നു വാര്‍ത്ത.

അടിവസ്ത്രത്തിലാണ് ഗാനാലാപനം നടന്നതെന്ന് പറഞ്ഞ് വാര്‍ത്ത സെന്‍സേഷനാക്കാനും കാര്യം അറിയാതെ സോഷ്യല്‍ മീഡിയയും മത്സരിച്ചു.

താനൂര്‍ പൊലീസ് സ്റ്റേഷന്‍ എന്നത് പോലും വാര്‍ത്തയില്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനായി മാറി.

ചില കേന്ദ്രങ്ങള്‍ക്ക് തെറ്റായ വാര്‍ത്തകളും ഫോട്ടോയും ചോര്‍ത്തിക്കൊടുത്തതിന് ഒരു പൊലീസുകാരനെ അടുത്തയിടെ സസ്‌പെന്റ് ചെയ്തിരുന്നു.

ഈ പൊലീസുകാരന്‍ ആ പക തീര്‍ക്കാന്‍ മുന്‍പ് ചിത്രീകരിച്ച ദൃശ്യം തെറ്റായ വിവരം നല്‍കി പുറത്തു വിടുകയായിരുന്നുവെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ സംശയിക്കുന്നത്.

ഇതു സംബന്ധമായി അന്വേഷണം നടക്കുമെന്നാണ് സൂചന.

Top