ആര്‍.എസ്.എസിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ട് ഫസലിന്റെ ഭാര്യയും സഹോദരിയും രംഗത്ത്

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസിന് ആശ്വാസമായി ഫസലിന്റെ ഭാര്യയും സഹോദരിയും രംഗത്ത്.

ഫസലിനെ കൊന്നത് തങ്ങളാണെന്ന് പറയുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍ വീഡിയോയും ഫോണ്‍ സംഭാഷണവും വ്യാജമാണെന്ന് ആരോപിച്ച ഭാര്യ മറിയവും സഹോദരി റംലയും സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വന്നു.

‘ഫസലിനെ കൊന്നത് സിപിഎമ്മാണ്. അവരുടെ നേതാക്കളായ കാരായിമാര്‍ക്ക് അതില്‍ പങ്കുണ്ട്. സിബിഐ പിടികൂടിയവര്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതികളെന്നും’ അവര്‍ ആവര്‍ത്തിച്ചു,

കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെടുന്ന ഫസലിന്റെ മൂത്ത സഹോദരങ്ങളായ അബ്ദുറഹിമാനും അബ്ദുല്‍ സത്താറും കാരായിമാരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.

കൊലക്ക് പിന്നില്‍ സിപിഎം അല്ലന്ന് വിശ്വസിപ്പിക്കാന്‍ അബ്ദുറഹിമാന്‍ മുമ്പും ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നടിച്ചു.

അബ്ദുല്‍ സത്താര്‍ ഗള്‍ഫിലായിരുന്നപ്പോള്‍ ഒരു സിപിഎം എംഎല്‍എയുടെ ബന്ധുക്കള്‍ സത്താറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ഇരുവരും പറഞ്ഞു.

അതേ സമയം ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്ന അബ്ദുറഹിമാന്‍ താന്‍ പറയാത്ത കാര്യങ്ങള്‍ മൊഴിയായി ചേര്‍ത്താണ് സിബിഐ കാരായിമാരെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു.

സിബിഐ കുറ്റപത്രം വായിക്കുന്നതു വരെ ഫസലിനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെയാണെന്നാണ് വിശ്വസിച്ചിരുന്നത്. സി.ബി.ഐ കുറ്റപത്രത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് പുനഃരന്വേഷണം ആവശ്യപ്പെടുന്നത്. കാരായിമാര്‍ പ്രതികളാണെന്ന് കരുതുന്നില്ലന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

ഫസല്‍ കേസില്‍ ഭാര്യയും സഹോദരിയും ഒരു ഭാഗത്തും സഹോദരന്‍മാര്‍ മറുഭാഗത്തുമായി പരസ്പരം ഭിന്നാഭിപ്രായവുമായി രംഗത്ത് വന്നത് കേസിലെ പുനരന്വേഷണ ഹര്‍ജിയെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

കാര്യങ്ങളെന്തായാലും ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുബീഷിന്റെതായി പുറത്ത് വന്ന സംഭാഷണത്തോടെ പ്രതിരോധത്തിലായിരുന്ന സിബിഐക്ക് സഹോദരിയുടെയും ഭാര്യയുടെയും നിലപാട് ആശ്വാസമായിട്ടുണ്ട്.

ബിജെപി-ആര്‍.എസ്.എസ് നേതൃത്വങ്ങളാകട്ടെ ഫസലിന്റെ ഭാര്യക്കും സഹോദരിക്കും ബോധ്യപ്പെടാത്ത കാര്യം തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ ഇനി വിലപ്പോകില്ലന്ന നിലപാടിലുമാണ്.

Top