കെ.ഇ ഇസ്മയിലിനെതിരെ സി.പി.ഐയില്‍ പടയൊരുക്കം, അച്ചടക്ക നടപടിക്ക് സാധ്യത

തിരുവനന്തപുരം : സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ കെ.ഇ ഇസ്മയിലിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പരാമര്‍ശം നടത്തിയതിന് ഇസ്മയിലില്‍ നിന്നും വിശദീകരണം ചോദിക്കണമെന്നും തൃപ്തികരമല്ലങ്കില്‍ നടപടി സ്വീകരിക്കണമെന്നതുമാണ് നേതൃതലത്തിലെ പൊതു വികാരം.

ഇസ്മയില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആയതിനാല്‍ കേന്ദ്ര നേതൃത്വം നടപടി സ്വീകരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ ആവശ്യം.

സി.പി.ഐ മന്ത്രിമാര്‍ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടതില്ലന്നത് പാര്‍ട്ടി തീരുമാനമാണ്.

ഇത്തരത്തില്‍ പെട്ടന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധമായി നിര്‍ദ്ദേശം നല്‍കേണ്ടത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്.

എല്ലാ കാര്യവും ഇസ്മയിലിനോട് ആലോചിച്ച് തീരുമാനിക്കാന്‍ പാര്‍ട്ടിയെ നയിക്കുന്നത് ഇസ്മയിലല്ലന്ന് ഓര്‍ക്കണമെന്നും സി.പി.ഐ നേതൃത്വം തുറന്നടിച്ചു.

സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ അനുമതിയും പൊതുസമൂഹത്തിന്റെ താല്‍പ്പര്യവും കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.

സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയെ മന്ത്രി തോമസ് ചാണ്ടി അവഹേളിച്ചപ്പോള്‍ പ്രതികരിക്കാതെ ഇരുന്നവര്‍ ഇപ്പോള്‍ ആരുടെയും വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലന്നും സി.പി.ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.

എം.പി.ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഇസ്മയിലിന്റെ വാദങ്ങള്‍ വസ്തുതക്ക് നിരക്കുന്നതല്ലന്നും സമ്പന്നര്‍ക്ക് ‘പാത ‘ഒരുക്കുന്നതിനല്ല പാവങ്ങളുടെ കണ്ണീരിന് പരിഹാരം കാണുന്നതിനാണ് ഒരു കമ്യൂണിസ്റ്റുകാരന്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നും മുതിര്‍ന്ന സി.പി.ഐ നേതാവ് പറഞ്ഞു.

ആലപ്പുഴയില്‍ വലിയകുളം സീറോ ജെട്ടി റോഡിന് താന്‍ എം പി ഫണ്ട് അനുവദിച്ചത് സിപിഐയുടെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണെന്ന് ഇസ്മയില്‍ നേരത്തെ പറഞ്ഞിരുന്നു.

എം പി ഫണ്ട് അനുവദിക്കാറുള്ളത് പാര്‍ട്ടി പറയുന്നതനുസരിച്ചാണെന്ന് വ്യക്തമാക്കിയ ഇസ്മയില്‍ താന്‍ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ പോയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇസ്മയിലിന്റെ ഈ വാദമുഖങ്ങളെല്ലാം അടുത്ത സിപിഐ സംസ്ഥാന കൗണ്‍സിലിലും പരിശോധനകള്‍ക്ക് കാരണമാകും.

തോമസ് ചാണ്ടിയുടെ രാജിയില്‍ മുഖം നഷ്ടപ്പെട്ട സി.പി.എം നേതാക്കള്‍, ഇസ്മയിലടക്കം സി.പി.ഐയിലെ എതിര്‍വിഭാഗത്തെ സ്വാധീനിച്ച് പാര്‍ട്ടിക്കകത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന സംശയവും സി.പി.ഐ ഔദ്യോഗിക വിഭാഗത്തിനുണ്ട്.

ഇസ്മയിലിന്റെ പ്രതികരണത്തെ ഒറ്റപ്പെട്ട പ്രതികരണമായി അവര്‍ കാണുന്നില്ല.

സി.ദിവാകരന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗവും മന്ത്രിസഭയില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലന്ന നിലപാടിലാണ്.

അടുത്ത സംസ്ഥാന കൗണ്‍സിലില്‍ വിഷയം ഉന്നയിക്കാനാണ് ഈ വിഭാഗത്തിന്റെ തീരുമാനം.

എന്നാല്‍ ഒരു മുഴം മുന്‍പേ ഇതിന് തിരിച്ചടിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കം. പരസ്യ പ്രസ്താവന നടത്തിയ മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയും റവന്യൂ മന്ത്രിയുമായിരുന്ന ഇസ്മയിലിനെ ലക്ഷ്യമിടുന്നത് അതുകൊണ്ടു തന്നെയാണ്.

തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാട് പൊതു സമുഹത്തില്‍ അന്തസ്സ് ഉയര്‍ത്തിയതായും പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കിയതായുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മുന്തിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് കൊണ്ടു മാത്രമാണ് തോമസ് ചാണ്ടി രാജിവച്ചതെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു തന്നെ ബോധ്യമായതിനാല്‍ ഇതാണ് ഇക്കാര്യത്തില്‍ സി.പി.എം പ്രതികരണത്തിനുള്ള മറുപടിയെന്നും സി.പി.ഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

മുന്നണിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായ തകരുന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടിയുടെ രാജി നീട്ടികൊണ്ട് പോയത് ശരിയായിരുന്നില്ല.

റവന്യൂ-വനം വകുപ്പുകള്‍ക്കെതിരെ സി.പി.എം നേതൃത്വത്തില്‍ ഇടുക്കിയില്‍ ആരംഭിച്ച സമരം കണ്ട് പേടിച്ച് ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലന്നും സര്‍ക്കാര്‍ ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ലന്നും സി.പി.ഐ നേതൃത്വം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: എം വിനോദ്

Top