തച്ചങ്കരിക്ക് ‘പണി’ കൊടുത്തു, പ്രോസിക്യൂഷന്‍ അനുമതി മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് സൂപ്രണ്ടിനെയുള്‍പ്പെടെ സ്ഥലം മാറ്റി താന്‍ ഇട്ട ഉത്തരവ് റദ്ദാക്കിയ ആഭ്യന്തര സെക്രട്ടറിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഡിജിപി ടി.പി സെന്‍കുമാര്‍.

സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരുന്ന എ എസ് ഐയെ മാറ്റാനുള്ള ഉത്തരവ് അംഗീകരിക്കാതെയാണ് സെന്‍കുമാര്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്.

ചുമതലപ്പെട്ടവര്‍ മറുപടി നല്‍കിയിട്ട് ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നാണ് ഡിജിപിയുടെ നിലപാട്.

ടി ബ്രാഞ്ചിലെ സൂപ്രണ്ട് അടക്കമുള്ളവരുടെ സ്ഥലമാറ്റം റദ്ദാക്കിയ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവും സെന്‍കുമാര്‍ അംഗീകരിച്ചിട്ടില്ല.

ഈ സ്ഥലമാറ്റങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കാതെ നടപ്പാക്കാനാവില്ല.

ടി ബ്രാഞ്ചിലെയും മറ്റും സ്ഥലമാറ്റ ഉത്തരവ് ആഭ്യന്തര സെക്രട്ടറി മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ തല്‍സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടാല്‍ ഈ ഉദ്യേഗസ്ഥര്‍ക്ക് തന്നെ അത് ‘പണിയാകും’

ജൂണ്‍ 30 ന് സെന്‍കുമാര്‍ വിരമിക്കുമെന്നതിനാല്‍ മാത്രമാണ് ‘സാഹസത്തിന്’ ഒരു വിഭാഗം മുതിര്‍ന്നതത്രെ.

അതേസമയം തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ചീഫ് സെക്രട്ടറിയും മറ്റ് ചില ‘വിരുദ്ധന്‍മാരും’ കൂടി ഒപ്പിച്ച പണിയാണ് പ്രോസിക്യൂഷന്‍ അനുമതിയെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

വിവരാവകാശ നിയമപ്രകാരം രേഖകള്‍ കയ്യില്‍ കിട്ടുന്ന മുറക്ക് കോടതിയില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.

ചാര്‍ജെടുത്ത് ഇന്നുവരെ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ സന്ദര്‍ശിക്കുവാന്‍ പോലും സംസ്ഥാന പൊലീസ് മേധാവി തയ്യാറായിട്ടില്ല.

നളിനി നെറ്റോയും രണ്ട് മാസം കൊണ്ടു വിരമിക്കാനിരിക്കെ ഇരുവരും തമ്മിലുള്ള ‘പോരാട്ടം’ ഇനി കളത്തിന് പുറത്തായിരിക്കുമെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്.

നളിനി നെറ്റോ റിട്ടയര്‍ ചെയ്താല്‍ അവര്‍ക്കെതിരെ പുറ്റിങ്ങല്‍ കേസിലെ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതിന് നിയമ നടപടി സ്വീകരിക്കാനാണ് സെന്‍കുമാറിന്റെ തീരുമാനം.

ഇതിനിടെ സര്‍ക്കാറിന്റെ വിശ്വസ്തനായ എഡിജിപി ടോമിന്‍ തച്ചങ്കരിയെ പൊലീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും സെന്‍കുമാര്‍ മാറ്റിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

സാധാരണ പൊലീസ് ആസ്ഥാനത്തെ എഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനിരിക്കേണ്ട ഈ ചുമതലയില്‍ സൗത്ത് സോണ്‍ എഡിജിപി ബി.സന്ധ്യക്കാണ് സെന്‍കുമാര്‍ ചുമതല നല്‍കിയിരിക്കുന്നത്. തച്ചങ്കരിയുടെ ജൂനിയര്‍ കൂടിയാണ് സന്ധ്യ.

പൊലീസ് ആസ്ഥാനത്ത് തച്ചങ്കരി പിടിമുറുക്കിയതും താന്‍ കണ്ടതിനു ശേഷം ഫയലുകള്‍ ഡിജിപിക്ക് പോയാല്‍ മതിയെന്നുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശവുമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

ഇത് വീണ്ടും പൊലീസ് ആസ്ഥാനത്ത് രൂക്ഷമായ ഭിന്നതയിലേക്കും ഏറ്റുമുട്ടലിലേക്കും കാര്യങ്ങള്‍ എത്തുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Top