കൊച്ചി: അവശനിലയില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി മലയാള സിനിമാ ലോകം രംഗത്തിറങ്ങാന്‍ ഒരുങ്ങുന്നു.
ക്രിമിനലായ ഒരു വ്യക്തിയുടെ വാക്ക് കേട്ട് എന്തിനു വേണ്ടിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം പോലും ഇപ്പോള്‍ ശക്തമായി തുടങ്ങി.
ചാലക്കുടിയിലെ ദിലീപിന്റെ ഡി.സിനിമാസ് അടച്ചു പൂട്ടിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് വ്യക്തമായതോടെയാണ് സിനിമാരംഗത്ത് പ്രതിഷേധം ആരംഭിച്ചത്. ജയിലിനുള്ളിലെ ദിലീപിന്റെ ആരോഗ്യ സ്ഥിതി വഷളാകുകകൂടി ചെയ്തതോടെ സിനിമാ രംഗത്ത് പ്രതിഷേധം ഇപ്പോള്‍ കത്തിപ്പടരുകയാണ്
ജയില്‍ മേധാവി ശ്രീലേഖ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എഴുനേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപ്.
ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിന്. അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദം കൂടുകയും, ഇതേത്തുടര്‍ന്ന് ഫ്‌ളൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന്റെ ആരോഗ്യനില വഷളാക്കുന്നത്.
ജയിലില്‍ ദിലീപിന് മരുന്ന് നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ ചാനലും സംഘവും ദിലീപ് അഭിനയിക്കുകയാണെന്ന് പറഞ്ഞ് സഹതടവുകാരന്റെ വാക്കുകള്‍ ഉദ്ധരിച്ച് തെറ്റായ വാര്‍ത്ത നല്‍കുകയാണ് ചെയ്തത്.
ആഗസ്ത് രണ്ട് മുതല്‍ നാല് വരെ രണ്ട് ദിവസം മോഷണകുറ്റത്തിന് അകത്ത് കിടന്ന ഈ പ്രതിക്ക് ജൂലൈ 28ന് ജയിലില്‍ സന്ദര്‍ശനം നടത്തിയ എഡിജിപി ശ്രീലേഖയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് പറയാന്‍ എങ്ങിനെ കഴിയുമെന്ന ചോദ്യം ഉയര്‍ന്നതോടെ കള്ള വാര്‍ത്ത ചാനല്‍ തന്നെ പിന്നീട് പിന്‍വലിക്കുകയുണ്ടായി.
എന്നാല്‍ ചാനല്‍ വാര്‍ത്ത പിന്‍വലിച്ചതറിയാതെ മറ്റൊരു വിഭാഗം ‘വേട്ടക്കാര്‍’ സോഷ്യല്‍ മീഡിയയില്‍ ദിലീപ് വധം ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
അടൂര്‍ ഗോപാലകൃഷ്ണനുപുറമെ നിര്‍മ്മാതാവ് സുരേഷ് കുമാറും ചില താരങ്ങളും ദിലീപിനെ പീഢിപ്പിക്കുന്നതിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നാണ് സൂചന.
ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി പിടിയിലായാല്‍ എല്ലാം പുറത്തുവരുമെന്ന് ആഘോഷിച്ചവര്‍ ഇപ്പോള്‍ എവിടെ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.
ഇനിയും ജനപ്രിയതാരം ദിലീപിന് വേണ്ടി ശബ്ദിച്ചില്ലങ്കില്‍ നാളെ സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെയും ഏതെങ്കിലും ക്രിമിനല്‍ മൊഴി നല്‍കിയാല്‍ അകത്താകുമെന്ന മുന്നറിയിപ്പാണ് സിനിമാരംഗത്തെ പ്രമുഖര്‍ നല്‍കുന്നത്.
താരങ്ങള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, സാങ്കേതിക വിദഗ്ദരുടെ സംഘടനകള്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുന്ന കാര്യമാണ് തിരക്കിട്ട് ആലോചിക്കുന്നത്.
ഡി. സിനിമാസ് അടച്ചു പൂട്ടിയത് ബാഹ്യ ഇടപെടല്‍ മൂലമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ കഴിഞ്ഞ ദിവസം സിനിമാ സംഘടനകള്‍ തീരുമാനിച്ചിരുന്നു.
ചൊച്ചാഴ്ച റിമാന്‍ഡ് കാലാവധി കഴിഞ്ഞ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാലും ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടും
ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വഴി നല്‍കുന്ന ജാമ്യഹര്‍ജിയിലാണ് എല്ലാവരുടെയും കണ്ണുകള്‍.
നേരത്തെ ജാമ്യം നിഷേധിക്കുന്നതിന് ഹൈക്കോടതിക്ക് മുന്‍പില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലാത്ത പശ്ചാത്തലത്തില്‍ ദിലീപിന് ജാമ്യം ലഭിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
അപ്പുണ്ണി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായതും തൊണ്ടിമുതലായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പറ്റാത്തതുമാണ് അന്വേഷണ സംഘത്തിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ഇതിനിടെ ദിലീപിനെതിരെ നിലപാടെടുത്ത നടന്‍ പൃഥ്വിരാജും സംഘവും സിനിമാ മേഖലയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.
ദിലീപിനെ താരസംഘടനയില്‍ നിന്നും പുറത്താക്കാനും ‘അമ്മ’ ഭാരവാഹികള്‍ മാറണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്ന പൃഥ്വിരാജ് ഇപ്പോള്‍ മലക്കം മറിഞ്ഞത് തന്നെ ‘പാളയത്തില്‍’ തന്നെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ്.
വിചാരണ കോടതി വിധിക്കും മുന്‍പ് ദിലീപിനെ കുറ്റക്കാരനാക്കി പൊതു സമൂഹത്തില്‍ ‘വിചാരണ’ ചെയ്യുന്നതിന് ചാനലുകള്‍ക്ക് അവസരമൊരുക്കിയതില്‍ വുമണ്‍ ഇന്‍ കളക്ടീവ് സിനിമ സംഘടനയെ പോലെ തന്നെ പൃഥ്വിരാജിനും വലിയ പങ്കുണ്ടെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.