ചെന്നൈ: തമിഴകത്തിന്റെ ‘ഭാവി’ നിശ്ചയിക്കുന്ന നിര്‍ണ്ണായക വിധിയെഴുത്ത് അടുത്തിരിക്കെ തിളച്ചു മറിഞ്ഞ് ആര്‍.കെ.നഗര്‍.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കാണാത്ത വീറും വാശിയുമാണ് ആര്‍.കെ.നഗറിലേത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്നു എന്നത് മാത്രമല്ല, ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി ആരാണെന്നത് കൂടി തെളിയിക്കപ്പെടുന്ന തിരഞ്ഞെടുപ്പായതിനാല്‍ അണ്ണാ ഡിഎംകെയിലെ പനീര്‍ശെല്‍വ-ശശികല വിഭാഗങ്ങളുടെയും ജയലളിതയുടെ സഹോദര പുത്രി ദീപയുടെയും രാഷ്ട്രീയ നിലനില്‍പ്പിനുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
ഇനി അണ്ണാ ഡിഎംകെ വോട്ടുകള്‍ വിഭജിച്ച് പോവുന്നത് മുഖ്യ പ്രതിപക്ഷമായ ഡിഎംകെക്ക് നേട്ടമായാല്‍ പോലും രണ്ടാം സ്ഥാനത്ത് ആരാണ് വരുന്നതെന്നാണ് പ്രാധാന്യം.
അണ്ണാ ഡിഎംകെയുടെ ഈ മൂന്ന് വിഭാഗങ്ങളില്‍ ഏത് വിഭാഗത്തിനാണ് കൂടുതല്‍ വോട്ട് നേടാന്‍ കഴിയുന്നത് ആ വിഭാഗത്തോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം അണ്ണാ ഡിഎംകെ അണികളുടെയും നേതാക്കളുടെയും ഒഴുക്കുണ്ടാകും.
പാര്‍ട്ടി എം എല്‍ എമാരും എംപിമാര്‍ പോലും നിലനില്‍പ്പിനു വേണ്ടി കളം മാറ്റി ചവിട്ടാന്‍ തയ്യാറെടുത്തു കഴിഞ്ഞതായാണ് സൂചന. ആരാണ് കരുത്ത് തെളിയിക്കുന്നത് അവരുടെ കൂടെ കൂടാനാണ് ഇവരുടെ നീക്കമത്രെ.
ശശികല വിഭാഗം അണ്ണാ ഡിഎംകെ പരാജയപ്പെട്ടാല്‍ രൂക്ഷമായ ഭിന്നതക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ തന്നെ അധികം താമസിയാതെ വീണേക്കുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെയും അനുമാനം. മറിച്ചായാല്‍ അത് ജയിലില്‍ കിടക്കുന്ന ശശികലക്കാകും കരുത്താകുക.
ഇലക്ഷന്‍ കമ്മിഷന്‍ മരവിപ്പിച്ച ഇരട്ട ഇല ചിഹ്നം വീണ്ടെടുക്കാനും യഥാര്‍ത്ഥ അണ്ണാ ഡിഎംകെ തങ്ങളുടേതാണെന്ന് ജനം വിധിയെഴുതിയെന്ന് ചൂണ്ടി കാട്ടി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും വിജയം ശശികല വിഭാഗത്തിന് ആത്മവിശ്വാസം നല്‍കും.
അങ്ങിനെ വന്നാല്‍ ടി ടി ദിനകരന്‍ തന്നെ മുഖ്യമന്ത്രി പദം ഏറ്റെടുക്കാനാണ് സാധ്യത.
ഇനി പനീര്‍ശെല്‍വ വിഭാഗമാണ് ശക്തി തെളിയിക്കുന്നതെങ്കില്‍ ദീപ വിഭാഗത്തിനു ഈ വിഭാഗവുമായി യോജിപ്പിലെത്തേണ്ടി വരും. മാത്രമല്ല, ആടി നില്‍ക്കുന്ന അണ്ണാ ഡിഎംകെ എം എല്‍ എമാരെ അടര്‍ത്തിമാറ്റി സര്‍ക്കാരിനെ മറിച്ചിടാനും ഇത്തരം സാഹചര്യങ്ങളെ പനീര്‍ശെല്‍വ വിഭാഗം ഉപയോഗപ്പെടുത്തും.
യഥാര്‍ത്ഥ അണ്ണാ ഡിഎംകെയാണ് തങ്ങളുടേതെന്ന പനീര്‍ശെല്‍വ വിഭാഗത്തിന്റെ അവകാശവാദത്തിന്റെ പ്രസക്തിയും വര്‍ദ്ധിക്കും. ഭരണപക്ഷത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് നേതാക്കളെയും അണികളെയും കൂടെ നിര്‍ത്താനും പനീര്‍ശെല്‍വ വിഭാഗം രംഗത്തിറങ്ങും.
ദീപയാണ് ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി എന്നു തെളിയിക്കപ്പെട്ടാല്‍ പിന്നെ ഈ രണ്ട് സാധ്യതകള്‍ക്കും പ്രസക്തി ഇല്ലന്നു മാത്രമല്ല, അണ്ണാ ഡിഎംകെ അണികളുടെയും അനുഭാവികളുടെയും വന്‍ പ്രവാഹമായിരിക്കും ദീപയുടെ എംജിആര്‍ അമ്മ ദീപ പേരാവൈയിലേക്ക് ഉണ്ടാവുക.
ഡിഎംകെയെ സംബന്ധിച്ചും അവരുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എം കെ സ്റ്റാലിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയായിരിക്കുമിത്.
കാരണം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തനായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ രണ്ട് അണ്ണാ ഡിഎംകെ ക്കും ഉയര്‍ത്തി കാട്ടാനില്ലങ്കിലും പുതുതലമുറയില്‍പ്പെട്ട ദീപ സ്റ്റാലിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും.
വിജയിച്ചില്ലങ്കിലും ദീപ കൂടുതല്‍ വോട്ട് നേടി രണ്ടാം സ്ഥാനത്ത് വന്നാലും ഡിഎംകെക്ക് വെല്ലുവിളിയാകും. തിരഞ്ഞെടുപ്പില്‍ ശശികല-പനീര്‍ശെല്‍വ വിഭാഗങ്ങളേക്കാള്‍ കൂടുതല്‍ വോട്ട് നേടിയാല്‍ ഈ വിഭാഗത്തില്‍പ്പെട്ട എം എല്‍ എമാരും എംപിമാരും പോലും എംജിആര്‍ അമ്മ ദീപ പേരാവൈയില്‍ ചേരാനാണ് സാധ്യത കൂടുതല്‍.
അത്തരമൊരു സാഹചര്യത്തില്‍ പരമ്പരാഗത വൈരികളായ ഡിഎംകെയെ തൂത്തെറിയാന്‍ ദീപയാണ് ശക്തയെന്ന് കണ്ട് അണ്ണാ ഡിഎംകെ അണികള്‍ സംഘടിച്ച് അവര്‍ക്കൊപ്പം നില്‍ക്കുകയും ജയലളിതയുടെ പിന്‍ഗാമി എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയും ചെയ്താല്‍ സ്റ്റാലില്‍ നന്നായി വിയര്‍ക്കേണ്ടി വരും.
ഇപ്പോള്‍ ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ ആര്‍കെ നഗറില്‍ നിന്ന് ജയിക്കുക എന്നതിനേക്കാള്‍ ഒന്നാമതായും രണ്ടാമതായും ദീപ വരരുതെന്നാണ് ഡിഎംകെ ആഗ്രഹിക്കുന്നത്.
ജയലളിതയുടെ മാനറിസങ്ങളും അവരുടേതായ വസ്ത്ര രീതിയും പ്രസംഗ രീതിയും പിന്‍തുടരുന്ന ദീപയെ സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള ആര്‍കെ നഗര്‍ സ്വീകരിക്കുമോ അതോ കൈവിടുമോ എന്നതാണ് തമിഴകം പ്രധാനമായും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
അതേസമയം വാശിയേറുന്ന പോരാട്ടത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ട് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ കേന്ദ്രസേനയെ ഇപ്പോള്‍ ആര്‍കെ നഗറില്‍ വിന്യസിച്ചിട്ടുണ്ട്.