അമിത് ഷായ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും ഇന്ത്യാ പര്യടനത്തിന്, യുപിഎ വിപുലീകരിക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും ഇന്ത്യാ പര്യടനത്തിന് ഒരുങ്ങുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

വൈകാതെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും യുപിഎ മുന്നണിയുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് പര്യടനം തുടങ്ങുമെന്ന് ഹൈക്കമാന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പാവപ്പെട്ടവന്റെ കുടിലുകളില്‍ നിന്നും ഭക്ഷണം കഴിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ചെയ്തു തുടങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടുന്ന കോണ്‍ഗ്രസ്സ് നേതൃത്ത്വം ബിജെപിയുടെ ‘നാടകം’ വിലപ്പോവില്ലന്നും തുറന്നടിച്ചു.

ബിജെപിക്ക് താരതമ്യേന ശക്തിയില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ കണ്ണുവച്ച് അമിത് ഷാ നടത്തുന്ന പ്രവര്‍ത്തനത്തെ ഗൗരവമായാണ് കോണ്‍ഗ്രസ്സ് നേതൃത്ത്വം കാണുന്നത്.

കര്‍ണ്ണാടകയില്‍ വിജയം ആവര്‍ത്തിക്കുന്നതോടൊപ്പം കേരളത്തില്‍ നിന്നും കൂടുതല്‍ ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് പ്രതീക്ഷിക്കുന്നുണ്ട്.

തമിഴകത്ത് രജനികാന്ത് എന്ത് തന്നെ നിലപാട് സ്വീകരിച്ചാലും യുപിഎ ഘടകകക്ഷിയായ ഡിഎംകെയുടെ ഒപ്പം നില്‍ക്കാനാണ് തീരുമാനം.

പഴയ ആന്ധ്രപ്രദേശായ തെലുങ്കാന-സീമാന്ധ്ര സംസ്ഥാനങ്ങളില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിലാവാനാണ് രാഹുല്‍ ഗാന്ധി നീക്കം നടത്തുന്നത്.

മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ആര്‍ രാജശേഖര റെഡ്ഡിയുടെ മകനായ ജഗ്‌മോഹന്‍ റെഡ്ഡിയാണ് സീമാന്ധ്രയിലെ പ്രതിപക്ഷ നേതാവ്

ഇവിടെ ഭരിക്കുന്ന ബി ജെ പി സഖ്യകക്ഷിയായ തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാറിനെതിരെ ജനവികാരം ശക്തമായ സാഹചര്യത്തില്‍ സീമാന്ധ്രയില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസ്സിനുള്ളത്.

തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന സര്‍ക്കാറിനെതിരെ കര്‍ഷക വികാരം ശക്തമായതും നേട്ടമാക്കാനാണ് നീക്കം. വൈ എസ്സ് ആര്‍ കോണ്‍ഗ്രസ്സിന് ഇവിടെയും നിര്‍ണ്ണായക ശക്തിയുണ്ട്.

തെലുങ്കാനയെ പോലെ കര്‍ഷക പ്രക്ഷോഭം ശക്തമായ മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.

എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി ഇതിനകം തന്നെ പ്രത്യേക കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി യുപിഎ വിപുലീകരിക്കുന്നതിന് പവാറിന്റെ സഹായം തേടിയിട്ടുണ്ട്.

ബീഹാറില്‍ ജെഡിയു ബിജെപിക്കൊപ്പം പോയാലും ലല്ലു പ്രസാദിന്റെ ആര്‍ജെഡിയുമായി സഖ്യം തുടരും.

ബി.ജെ.പി ഏറെക്കാലമായി ഭരണം നടത്തുന്ന ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഭരണ വിരുദ്ധ വികാരമുയര്‍ത്തി അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുമെന്നാണ് ഹൈക്കമാന്റ് കരുതുന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കുമെന്ന ആശ്വാസവും കോണ്‍ഗ്രസ്സിനുണ്ട്.

ഇവിടെ ബിജെപി സര്‍ക്കാറിനെതിരെ പ്രക്ഷോഭ രംഗത്തുള്ള പട്ടേല്‍-ദളിത് വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് നീക്കം. പാര്‍ട്ടി നേതൃരംഗത്തുള്ള പോരായ്മ രാഹുലിന്റെ സന്ദര്‍ശനത്തോടെ മാറ്റിയെടുക്കാമെന്നാണ് ആത്മവിശ്വാസം.

ഏറ്റവും അധികം എംപിമാരെ തിരഞ്ഞെടുത്തയക്കുന്ന യുപിയില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിക്കുന്നതോടൊപ്പം ബി എസ് പിയെയും സഖ്യത്തില്‍ പങ്കാളിയാക്കാന്‍ ശ്രമിക്കും.

വോട്ട് ഭിന്നിക്കുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നതിനാല്‍ ബിഎസ്പി അദ്ധ്യക്ഷ മായാവതി ഒടുവില്‍ സഖ്യത്തിന് സമ്മതം മൂളുമെന്ന് തന്നെയാണ് കോണ്‍ഗ്രസ്സ് കരുതുന്നത്.

ഇതേ രൂപത്തില്‍ രാജസ്ഥാന്‍ ഉള്‍പ്പെടെ മറ്റു എല്ലാ സംസ്ഥാനങ്ങളിലെയും സാഹചര്യം പരിശോധിച്ച് വിപുലമായ രീതിയില്‍ ബിജെപി വിരുദ്ധ കൂട്ടുകെട്ടിനാണ് രാഹുല്‍ ലഷ്യമിടുന്നത്.

സിപിഎമ്മുമായി കേരളത്തില്‍ ഒരു ധാരണക്കും വിദൂരമായി പോലും സാധ്യതയില്ലങ്കിലും ബംഗാളിലും തെലങ്കാനയിലും സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ്സിന് താല്‍പ്പര്യമുണ്ട്.

ബംഗാളില്‍ മമത സഖ്യത്തിന് തയ്യാറായാല്‍ തൃണമൂലിനായാരിക്കും പരിഗണന.

രാജ്യ വ്യാപക പര്യടനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളുടെയും മറ്റു വിഭാഗങ്ങളുടെയും നേതാക്കളുമായും രാഹുല്‍ കൂടിക്കാഴച നടത്തും.

യാത്ര സംബന്ധമായ വിവരങ്ങള്‍ അധികം താമസിയാതെ തന്നെ തീരുമാനിക്കുമെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍

Top