തിരുവനന്തപുരം: യഥാര്‍ത്ഥ ഇടതു മുന്നണി യുഡിഎഫ് ആകുമോ ? കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്കു വീക്ഷിച്ചാല്‍ സ്വാഭാവികമായും ആരുടെ മനസ്സിലും ഉയരുന്ന ചോദ്യമാണിത്.
ഇടതുപക്ഷത്ത്, ഇടതുപക്ഷ സ്വഭാവമുള്ള രണ്ടേ രണ്ടു പാര്‍ട്ടികള്‍ മാത്രമാണ് നിലവിലുള്ളത്. അത് സിപിഎമ്മും സിപിഐയും മാത്രമാണ്.
മറ്റുളള ഇടതു ഘടകകക്ഷികള്‍ എന്‍സിപി, ജനതാദള്‍ (എസ്), കോണ്‍ഗ്രസ്സ് (എസ്) എന്നിവയാണ്. ഇവയെ ഒരിക്കലും ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നു പറയാന്‍ പറ്റില്ല. ഭാഗ്യം കൊണ്ടു മാത്രം ഇടതില്‍ ‘ബര്‍ത്ത് ‘ ലഭിച്ചവരാണ് ഇവര്‍. മുതലാളിത്ത താല്‍പ്പര്യങ്ങളുള്ള വലതുപക്ഷ പാര്‍ട്ടികള്‍ . .
ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് അംഗത്തെപോലും വിജയിപ്പിക്കാനുള്ള കരുത്ത് മൂന്നു പാര്‍ട്ടികള്‍ക്കുമില്ല. സിപിഎം കൈവിട്ടാല്‍ ഓഫീസ് പൂട്ടി വീട്ടില്‍ പോയിരിക്കേണ്ടി വരുമെന്ന് വ്യക്തം.
ഇടതുമുന്നണി ഘടകകക്ഷികളായിരുന്ന ആര്‍ എസ് പിയും ജനതാദളും ( ജെഡിയു ) ഇടത് മുന്നണി വിട്ടതിനാലാണ് ഈ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ക്ക് പിണറായി മന്ത്രിസഭയില്‍ മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കാന്‍ വഴി ഒരുങ്ങിയത്. ശതകോടീശ്വരനായ തോമസ് ചാണ്ടിവരെ ഇതോടെ ‘പാവങ്ങളുടെ’ സര്‍ക്കാറില്‍ മന്ത്രിയുമായി.
ശശീന്ദ്രന് പകരമെത്തിയ തോമസ് ചാണ്ടി എന്‍സിപിയെ പ്രതിനിധീകരിക്കുമ്പോള്‍ ജനതാദള്‍ (എസ്)നെ പ്രതിനിധികരിച്ച് മാത്യു ടി തോമസും, കോണ്‍ഗ്രസ്സ് (എസ്സ്)നെ പ്രതിനിധീകരിച്ച് രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് മന്ത്രിസഭയിലുള്ളത്.
ദേശീയ തലത്തില്‍ ഇപ്പോഴും ഇടതുപക്ഷത്തിന്റെ ഭാഗമാണ് കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമായ ആര്‍എസ്പി. കഴിഞ്ഞ ദിവസം മറ്റൊരു ഇടതുപാര്‍ട്ടിയായ ഫോര്‍വേഡ് ബ്ലോക്കിന് കൂടി യുഡിഎഫില്‍ പ്രവേശനം അനുവദിച്ചും കഴിഞ്ഞു.
അതായത് പരമ്പരാഗതമായും പ്രത്യേയശാസ്ത്രപരമായും ചുവപ്പു രാഷ്ട്രീയത്തിലൂടെ സഞ്ചരിക്കുന്ന രണ്ടു ഇടതുപക്ഷ പാര്‍ട്ടികള്‍ ഇതിനകം തന്നെ വലതു മുന്നണിയിലെത്തി കഴിഞ്ഞു.
മറ്റൊന്ന് വീരേന്ദ്രകുമാറിന്റെ നേതൃത്ത്വത്തിലുള്ള ജെഡിയു ആണ്. കേരളത്തില്‍ പൂര്‍ണ്ണമായും ഇടതുപക്ഷ സ്വഭാവമുള്ള സോഷ്യലിസ്റ്റു പാര്‍ട്ടിയാണിത്.
ഇടതുപക്ഷത്ത് സിപിഎമ്മും സിപിഐയും കഴിഞ്ഞാല്‍ മൂന്നാമതും നാലാമതും ശക്തിയുണ്ടായിരുന്ന പാര്‍ട്ടികളാണ് ആര്‍എസ്പിയും ജെഡിയുവും. ചില ജില്ലകളില്‍ ഇപ്പോഴും ഇവര്‍ക്ക് സ്വാധീനമുണ്ട്.
ഫോര്‍വേഡ് ബ്ലോക്കാകട്ടെ ഒരുപാട് കാലമായി ഇടത് ‘ബര്‍ത്ത് ‘ കേരളത്തില്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരുന്നതിനാലാണ് ഇപ്പോള്‍ യുഡിഎഫില്‍ ചേക്കേറിയിരിക്കുന്നത്. ബംഗാളില്‍ സിപിഐയേക്കാള്‍ ചില മേഖലകളില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണിത്. ഈ പാര്‍ട്ടികളെപോലെ സ്വാധീനമൊന്നുമില്ലങ്കിലും ഒരുപാടു കാലമായി സിഎംപിയും യുഡിഎഫിന്റെ ഭാഗമാണ്.
ഇതോടെ നിലവില്‍ എണ്ണത്തില്‍ ഇടതു സ്വഭാവമുള്ള പാര്‍ട്ടികള്‍ കൂടുതല്‍ യുഡിഎഫിന്റെ ഭാഗമായി കഴിഞ്ഞു. ഇടതുപക്ഷം തള്ളിയ ഈ മൂന്ന് പ്രമുഖ ഇടതുപാര്‍ട്ടികളെ സ്വീകരിച്ച യുഡിഎഫ് ഇപ്പോള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നത് സിപിഐക്ക് വേണ്ടിയാണ്.
കുരുശ് വിവാദം ഇടതിനും സര്‍ക്കാറിനും ‘കുരുശായതിനാല്‍’ അധികം താമസിയാതെ തന്നെ സിപിഐക്ക് ഇടതു മുന്നണി വിടേണ്ടി വരുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
ജിഷ്ണു പ്രണോയ് കേസ്, ലോ അക്കാദമി സമരം തുടങ്ങി പല വിവാദ വിഷയങ്ങളിലും സര്‍ക്കാറിനെയും സിപിഎം നേതൃത്വത്തെയും പ്രതിരോധത്തിലാക്കുന്ന നിലപാട് സ്വീകരിച്ച സിപിഐ ഇപ്പോള്‍ ഇടുക്കിയിലെ ഭൂമികയ്യേറ്റ പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാട് മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടുത്ത രോഷത്തിലാക്കിയതിനാല്‍ ഇടതു മുന്നണിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.