ഇന്‍ഡോര്‍: യു പി കഴിഞ്ഞാല്‍ രാജ്യത്തെ ബി ജെ പിയുടെ ശക്തികേന്ദ്രമായ മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം സംസ്ഥാന സര്‍ക്കാറിന് വന്‍ തിരിച്ചടിയാകുന്നു.
കര്‍ഷക പ്രക്ഷോഭത്തിനെതിരായ പൊലീസ് വെടിവയ്പ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടതാണ് സ്ഥിതി വഷളാക്കിയിരിക്കുന്നത്.
സംഭവം വിവാദമാക്കി കര്‍ഷകര്‍ക്കൊപ്പം സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
പശ്ചിമ മധ്യപ്രദേശിലെ മന്‍ദസൂരില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന പ്രതിഷേധമാണ് അക്രമാസക്തമായത്.
ഉള്ളി, പരിപ്പ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ഷക സമരം.
മഹാരാഷ്ട്രയിലും യുപിയിലും ചെയ്തതുപോലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
ഈ രണ്ട് സംസ്ഥാനങ്ങളിലും ഭരിക്കുന്നത് ബിജെപി ആയതിനാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ എന്ത് കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നില്ല എന്ന ചോദ്യം പാര്‍ട്ടിക്കകത്തും വ്യാപകമാണ്.
മോദിയുടെ രണ്ടാമൂഴത്തിന് യുപി ക്കൊപ്പം നിര്‍ണ്ണായക ശക്തിയായി നില്‍ക്കേണ്ട മധ്യപ്രദേശില്‍ കര്‍ഷക സമരം വഷളാക്കിയതില്‍ ബിജെപി കേന്ദ്ര നേതൃത്ത്വത്തിന് ശക്തമായ അമര്‍ഷമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബിജെപി പ്രസിഡന്റ് അമിത് ഷാ തന്നെ നേരിട്ട് അറിയിച്ചതായാണ് സൂചന.
സംഘര്‍ഷം നീണ്ടു പോകാതെ സമരം അവസാനിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.
ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുമായി ഏറ്റുമുട്ടിയ കര്‍ഷകര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടിട്ടുണ്ട്.
ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭം, മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം, ഹരിയാനയിലെ ജാട്ട് പ്രക്ഷോഭം . .ഇപ്പോള്‍ മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭവും . . ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഈ വെല്ലുവിളി എങ്ങനെ ബിജെപി നേരിടുമെന്നതിനെ ആശ്രയിച്ചായിരിക്കും പ്രധാനമന്ത്രി പദത്തിലെ മോദിയുടെ രണ്ടാമൂഴം.