ഗുർമീത് തകർത്തത് കേരളത്തിലെ ബി.ജെ.പി സ്വപ്നം, പിണറായി സർക്കാറിനിത് ആയുധം !

തിരുവനന്തപുരം: ഒരു സംസ്ഥാന ഭരണകൂടത്തെ പിരിച്ചുവിടാന്‍ എന്തൊക്കെ സാഹചര്യമാണോ ഉരുതിരിയേണ്ടത് അതും അതിനപ്പുറവും അരങ്ങേറിയ സംസ്ഥാനമാണ് ബി.ജെ.പി ഭരിക്കുന്ന ഹരിയാന.

മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണമായിരുന്നു അവിടെ അരങ്ങേറിയതെങ്കില്‍ ഇതിനകം തന്നെ കേന്ദ്രം ഇടപെട്ട് പിരിച്ചുവിടുമായിരുന്നു.

35 ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും അനവധി കോടികള്‍ നാശനഷ്ടമുണ്ടാവുകയും ചെയ്ത സംഭവത്തിന്റെ പ്രഭവകേന്ദ്രമായ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ചെറുവിരലനക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.

തങ്ങള്‍ ഭരിക്കുന്ന പഞ്ചാബിലും ആക്രമണങ്ങളും കൊലപാതകങ്ങളും വ്യാപകമായി നടന്നതിനാല്‍ ഹരിയാന സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് പറയാന്‍ കോണ്‍ഗ്രസ്സിനും ധൈര്യമില്ല.
21100716_1994916060744258_2100967892_n

കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടി പിണറായി സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ആര്‍.എസ്.എസ്-ബിജെപി നേതൃത്വങ്ങളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.

ആക്രമണങ്ങള്‍ പടര്‍ന്ന് പിടിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുന്നതായതിനാല്‍ അവിടെ ഒക്കെ പിരിച്ച് വിട്ടിട്ട് കേരളത്തിലേക്ക് വന്നാല്‍ മതിയെന്ന പരിഹാസം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്.

ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാറിനും ബി.ജെ.പി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് ഇതിനകം തന്നെ സി.പി.എം കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നു കഴിഞ്ഞു.

വിവാദ ആള്‍ ദൈവത്തെ വെള്ള പൂശി രംഗത്ത് വന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രതികരണവും സി.പി.എമ്മിനെ സംബന്ധിച്ച് വീണു കിട്ടിയ നല്ലൊരു ആയുധമാണ്.
21121940_1994916074077590_1237257797_n

ഗുര്‍മീതിനെ വളര്‍ത്തിയതില്‍ ബി.ജെ.പിയെ പോലെ തന്നെ മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ക്കും വലിയ പങ്കുള്ളതിനാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വവും പ്രതിരോധത്തിലാണ്.

കലാപം നടക്കുമ്പോള്‍ രണ്ട് സര്‍ക്കാറുകളും നോക്കി നിന്നതും മുന്‍ കരുതല്‍ സ്വീകരിക്കാതിരുന്നതും ഗുര്‍മീത് ‘ഭക്തി’ കൊണ്ടാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആയുധങ്ങളുമായി സംഘടിക്കാന്‍ അവസരം നല്‍കിയതാണ് കലാപത്തിന് വഴിവച്ചതെന്നും കോടതിയെ പോലും ‘ഹൈജാക്ക്’ ചെയ്യാന്‍ ശ്രമിച്ചതായും പാര്‍ട്ടി ആരോപിക്കുന്നു.

ഗുരുതരമായ സാഹചര്യം മുന്‍കൂട്ടി കണ്ട് ആളുകള്‍ കൂട്ടം കൂടുന്നത് തടഞ്ഞ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ഭരണകൂടം വൈകിയത് വലിയ വീഴ്ചയായിട്ടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍പോലും ചൂണ്ടിക്കാണിക്കുന്നത്. അക്രമപരമ്പര അരങ്ങേറിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഖട്ടര്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇത് ആദ്യത്തെ വീഴ്ചയല്ല. ആള്‍ദൈവം രാംപാലിന്റെ അറസ്റ്റിനെ തുടര്‍ന്ന് അരങ്ങേറിയ അക്രമങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. സംവരണം ആവശ്യപ്പെട്ടുള്ള ജാട്ട് പ്രക്ഷോഭം സംസ്ഥാനത്തെ നിശ്ചലമാക്കിയപ്പോഴും സര്‍ക്കാര്‍ കാഴ്ചക്കാരായിരുന്നു.
21122124_1994918534077344_1425284989_n

വെള്ളിയാഴ്ച അരങ്ങേറിയ അക്രമങ്ങളും കൊള്ളിവെപ്പും നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരന്വേഷണത്തിന് പോലും ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയതിന് ഒരു നടപടിയും ഇതുവരെയുണ്ടായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

വിമര്‍ശനം രൂക്ഷമായതോടെ സംഭവദിവസം രാത്രിയോടെ അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച അംഗീകരിക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മാത്രമാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും, പ്രക്ഷോഭകാരികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഇപ്പോള്‍ തുറന്നടിച്ചിട്ടുണ്ട്. ഇതും ബിജെപി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്.

ഇനി കേരള സര്‍ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്‍ പോലും കേന്ദ്രത്തിന് ധാര്‍മ്മിക അവകാശമില്ലന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

കണ്ണൂരും തിരുവനന്തപുരത്തുമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പറന്നെത്തിയ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളും കലാപകാരികള്‍ ഉത്തരേന്ത്യയില്‍ അഴിഞ്ഞാടുമ്പോള്‍ മാളത്തിലായിരുന്നോ എന്ന ചോദ്യവും സി.പി.എം ഉയര്‍ത്തുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സി.പി.എം ആക്രമണം ആരോപിച്ച് കേരള സര്‍ക്കാറിനെ ലക്ഷ്യമിട്ട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും 13 മുഖ്യമന്ത്രിമാരും പങ്കെടുത്ത് അടുത്തമാസം കണ്ണൂരില്‍ നിന്നും തിരുവനന്തപുരം വരെ നടത്തുന്ന ജനരക്ഷായാത്ര തുറന്ന് കാട്ടി വ്യാപകമായ പ്രചാരണം നടത്താനാണ് പാര്‍ട്ടിയുടെ നീക്കം.

യാത്ര നടത്തേണ്ടത് കലാപകാരികള്‍ അഴിഞ്ഞാടിയ ബി.ജെ.പി ഭരിക്കന്ന സംസ്ഥാനങ്ങളിലാണെന്നാണ് സി പി.എം തുറന്നടിക്കുന്നത്.

Top