ന്യൂഡല്‍ഹി : വളരെ ആത്മവിശ്വാസത്തോടെ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കച്ചമുറുക്കി ആം ആദ്മി പാര്‍ട്ടി രംഗത്തിറങ്ങിയതോടെ ബി.ജെ.പിയും കോണ്‍ഗ്രസ്സും കടുത്ത ആശങ്കയില്‍.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപിക്കും മോദിക്കും അതി നിര്‍ണ്ണായകമാണ്.
പ്രത്യേകിച്ച് സിറ്റിങ് സീറ്റിലേക്ക് നടക്കുന്ന മത്സരമായതിനാല്‍ കേന്ദ്ര നേതൃത്വം നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്വരണ്‍ സിങ്ങാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.
പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനാവട്ടെ ഗുരുദാസ്പൂര്‍ മണ്ഡലം ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുക്കുക എന്നത് അഭിമാനത്തിന്റെ മാത്രമല്ല, ദേശീയ തലത്തില്‍ നിലനില്‍പ്പിനും പിടിവള്ളിയാണ്. സുനില്‍ ഝാക്കറാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി.
രാഹുല്‍ ഗാന്ധി നേരിട്ടാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നത്.
ഈ രണ്ട് ‘ഭരണ’ പാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി മേജര്‍ ജനറല്‍ സുരേഷ് ഖജൂരിയെയാണ് ആം ആദ്മി പാര്‍ട്ടി മണ്ഡലം പിടിച്ചെടുക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ ഉരുക്കുക്കോട്ടയായി അറിയപ്പെടുന്ന ഗുരുദാസ്പൂരില്‍ 2009ല്‍ കോണ്‍ഗ്രസ്സ് അട്ടിമറി വിജയം നേടിയിട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വിശ്വസ്തനെ തന്നെ കോണ്‍ഗ്രസ്സ് രംഗത്തിറക്കിയത് പഴയ ചരിത്രം ആവര്‍ത്തിക്കാന്‍ തന്നെയാണ്.
കന്നി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ ‘കറുത്ത കുതിരയായി’ മുഖ്യ പ്രതിപക്ഷമായി മാറി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടി പ്രചരണത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് നേതൃത്വം നല്‍കുന്നത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന്റെ ആവേശം പഞ്ചാബില്‍ അലയടിക്കുമെന്നാണ് പാര്‍ട്ടി അണികളുടെ പ്രതീക്ഷ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് ബദലായി കെജ് രിവാളിനെ ഉയര്‍ത്തിക്കാട്ടാന്‍ പഞ്ചാബില്‍ അട്ടിമറി വിജയം നേടിയാല്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ് രിവാള്‍ തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പ്രചരണത്തിനായി ഇവിടെ എത്തും.