തിരുവനന്തപുരം: അണികളുടെ കത്തി പടരുന്ന പക നേതാക്കള്‍ക്ക് അണക്കാന്‍ പറ്റുമോ ?
രാഷ്ട്രീയ സംഘര്‍ഷം പടരാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഎം, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണക്ക് ശേഷം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്ന പ്രധാന ചോദ്യമാണിത്.
പ്രത്യേയശാസ്ത്രപരമായി മാത്രമല്ല വ്യക്തിപരമായും സംസ്ഥാനത്ത് സി.പി.എം അണികളും ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ കടുത്ത പകയാണ് നിലനില്‍ക്കുന്നത്.
അനവധി സിപിഎം-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കാണ് ഈ രാഷ്ട്രീയ പകമൂലം ജീവന്‍ നഷ്ടമായത്. നൂറ് കണക്കിന് പേര്‍ അംഗവൈകല്യം വന്ന് ഇപ്പോഴും ജീവിച്ച് മരിക്കുന്നു.
മരണത്തെ കണ്ണിന്റെ മുന്നില്‍ കാണുമ്പോഴും നെഞ്ചോട് ചേര്‍ത്ത പ്രത്യേയശാസ്ത്രത്തിനു വേണ്ടി അഭിമാനത്തോടെ പിടഞ്ഞ് വീണ രക്തസാക്ഷികള്‍/ ബലിദാനികള്‍ ഇരു വിഭാഗത്തിനും എന്നും ആവേശമാണ്.
പിടഞ്ഞ് വീഴുന്നവരുടെ ചോര തുള്ളികള്‍ക്ക് കണക്ക് തീര്‍ക്കാന്‍ വീണ്ടും ആയുധമെടുക്കുന്നത് കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമാകുന്നതിലേക്ക് എത്തിയിട്ടും വിട്ടുവീഴ്ച ചെയ്യാന്‍ സിപിഎമ്മോ സംഘപരിവാറോ തയ്യാറല്ല എന്നതാണ് കഴിഞ്ഞകാല ചരിത്രം.
സംയമനമായാലും പ്രത്യാക്രമണമായാലും കേഡര്‍ പാര്‍ട്ടികളായ ഇരു വിഭാഗത്തിന്റെയും തലപ്പത്ത് ഒരു തീരുമാനമെടുത്താല്‍ നടപ്പാക്കാന്‍ വലിയ ബുദ്ധിമുട്ട് വരില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
സാമുദായിക കലാപം പോലെ നിയന്ത്രണ വിധേയമല്ലാതെ പിടി വിട്ടു പോകുന്നതല്ല രാഷ്ട്രീയ ‘കലാപങ്ങള്‍’
എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം കലാപമായി മാറിയപ്പോള്‍ പൊലീസിന് നിയന്ത്രിക്കാന്‍ വഴി ഒരുക്കിയത് സിപിഎം-ബിജെപി-ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ സംഘടനാപരമായ തീരുമാനം എടുത്തത് കൊണ്ട് കൂടിയാണ്.
ഏത് രാഷ്ട്രീയ സംഘര്‍ഷത്തിന്റെയും പരിസമാപ്തി ഒടുവില്‍ നേതൃത്വം സ്വീകരിക്കുന്ന സംയമനത്തിലൂടെ തന്നെയാണ് ശാശ്വതമാകുന്നത്.
യുവാക്കളായ അണികളെ പിടിച്ചു നിര്‍ത്തുന്നതിന് അടിക്ക് തിരിച്ചടി നല്‍കേണ്ടത് സിപിഎം-സംഘപരിവാര്‍ സംഘടനകളെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം കുറഞ്ഞ കാലയളവില്‍ നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിലടക്കം വലിയ നേട്ടമാണ് ബിജെപിയുണ്ടാക്കിയിരുന്നത്.
ഇടക്കാലത്ത് എസ് എഫ് ഐ-ഡി.വൈ.എഫ്.ഐ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതാണ് ഇതിന് പ്രധാന കാരണമായത്.
എന്നാല്‍ അപകടം തിരിച്ചറിഞ്ഞ സി.പി.എം നേതൃത്വം പിന്നീട് ഉഷാറാവുകയും യുവ-വിദ്യാര്‍ത്ഥി കേഡറുകളെ വളര്‍ത്തിയെടുക്കുന്ന ഈ വര്‍ഗ്ഗ ബഹുജന സംഘടനകളെ കര്‍മനിരതമാക്കുകയും ചെയ്തതോടെ ഇടവേളക്ക് ശേഷം വീണ്ടും ഇടത് രാഷ്ട്രീയത്തിന് ചൂടുപിടിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ഭീഷണി ഉയര്‍ത്തുന്ന സംഘ പരിവാറിനെ തളക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിനും അവരുടെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും മാത്രമേ കഴിയൂ എന്നതായിരുന്നു സിപിഎമ്മിന്റെ പ്രധാന പ്രചരണം.
വര്‍ഗ്ഗീയതക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് ഉദാഹരണമായി സിപിഎം-സംഘപരിവാര്‍ വിരോധത്തെ ഫലപ്രദമായി തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുകയും ചെയ്തു.
ഇടതുപക്ഷത്തിന് പ്രതികൂല സാഹചര്യത്തിലും വന്‍ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വരാനായത് കാവിപ്പടക്ക് എതിരായ ഈ ശക്തമായ നിലപാടിന്റെ ഭാഗമായാണ്.
അധികാരത്തില്‍ വന്നിട്ടും സംഘപരിവാര്‍ സംഘടനകളോട് സമരസപ്പെട്ട് പോകാന്‍ സിപിഎം അണികള്‍ തയ്യാറായിരുന്നില്ല എന്നതാണ് തുടര്‍ച്ചയായി ഏറ്റുമുട്ടലിന് കാരണമായി പറയപ്പെടുന്നത്.
ഭരണത്തിലുണ്ട് എന്ന് കരുതി ഇങ്ങോട്ട് ആക്രമിക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കണമോ എന്നതാണ് സിപിഎം അണികളുടെ ചോദ്യം.
കാലാകാലങ്ങളായി ഉരുകുന്ന ഈ ‘പക’ തന്നെയാണ് സിപിഎം അണികളെ സംബന്ധിച്ച് അവരുടെ ഊര്‍ജമെന്ന് പറഞ്ഞാല്‍, അത് നിഷേധിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും കഴിയില്ല.
എന്തിനോട് ഒത്ത് തീര്‍പ്പുണ്ടാക്കിയാലും ആര്‍.എസ്.എസ്-ബി.ജെ.പി സംഘടനകളോട് ഒരു കാരണവശാലും ഒത്തുതീര്‍പ്പുണ്ടാക്കില്ലന്നതാണ് സി.പി.എമ്മിനോട് മത ന്യൂനപക്ഷങ്ങളെ അടുപ്പിച്ച് നിര്‍ത്തുന്നതിന്റെ പ്രധാന കാരണം.
ബിജെപിയാവട്ടെ കേന്ദ്രഭരണം കൈയിലുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് പരമാവധി വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
അത് കൊണ്ട് തന്നെ ഇപ്പോള്‍ താല്‍ക്കാലികമായി പിന്‍വലിഞ്ഞാലും പ്രകോപനം ആരുണ്ടാക്കിയാലും മറു വിഭാഗം തിരിച്ചടിച്ചാല്‍ ‘പണി’ പാളും.
ഇരു വിഭാഗവും കീഴ്ഘടകങ്ങള്‍ക്ക് അക്രമം പാടില്ലന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഒരു പരിധി വരെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത് സഹായകരമാവുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
കേന്ദ്ര ഭരണത്തിന്റെ ആത്മവിശ്വാസം ബിജെപിക്ക് കരുത്താകുമ്പോള്‍ സര്‍ക്കാറിനെ പിരിച്ചുവിടാതിരിക്കാനുള്ള ജാഗ്രതയാണ് സിപിഎം ഇപ്പോള്‍ കാണിക്കുന്നത്.
റിപ്പോര്‍ട്ട് : അബ്ദുള്‍ ലത്തീഫ്