ഡല്‍ഹി: ഒരൊറ്റ നമ്പറില്‍ ഇനി എല്ലാം ഭദ്രം. ഇന്ത്യയില്‍ ഇനി ജനിക്കുന്ന ഓരോ കുഞ്ഞിനും പ്രത്യേകം തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. അതേസമയം, ആധാറിലെ പോലെ ബയോമെട്രിക് വിവരങ്ങളൊന്നും ഇതില്‍ ഉള്‍പ്പെടുത്തുന്നില്ലയെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഒരൊറ്റ നമ്പറില്‍ ജനനം മുതലുള്ള എല്ലാ സമഗ്രവിവരങ്ങളും ഉള്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ആരോഗ്യം, വിദ്യാഭ്യാസം, ജോലി തുടങ്ങി കുട്ടിയുടെ ജനനം മുതലുള്ള എല്ലാ വിവരങ്ങളെല്ലാം ശേഖരിക്കുകയാണ് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ലക്ഷ്യം.
ജനനസമയത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന നമ്പറായിരിക്കും കുട്ടിയുടെ ആധാറുമായി ബന്ധിപ്പിക്കുക. ഇതിലൂടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരവും രേഖപ്പെടുത്തുന്നത് വഴി ഭാവിയില്‍ ഓരോ പൗരന്റെയും ചികിത്സയ്ക്ക് ഉപകരിക്കുമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം കണക്കുകൂട്ടുന്നത്.
സ്‌കൂളില്‍ പോകാനാകാത്ത കുട്ടികള്‍, പഠനശേഷം ജോലി ലഭിക്കാത്തവര്‍ തുടങ്ങിയ കണക്കുകള്‍ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നും കരുതുന്നു. വിദ്യാഭ്യാസ പദ്ധതികളുടെയും തൊഴിലധിഷ്ഠിത പരിശീലന പരിപാടികളുടെയും നിലവാരവും വിലയിരുത്താനാകും.