തിരുവനന്തപുരം: ജയിലില്‍ കിടക്കവെ നടന്‍ ദിലീപിനു വേണ്ടി മൂകാംബിക ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ച മുന്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച സംഭവമാണ്.
ഇപ്പോഴും പാര്‍ട്ടിക്ക് അകത്തില്ലങ്കിലും ആര്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഈ നേതാവ് അരയും തലയും മുറുക്കി ദിലീപിനു വേണ്ടി സജീവമായി രംഗത്തുണ്ട്.
സമാന നിലപാടില്‍ തന്നെയാണ് സംസ്ഥാനത്തെ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളും.
സിനിമാ രംഗത്തെ സംഘപരിവാര്‍ അനുഭാവികളാണ് ‘വസ്തുതകള്‍’ നേതാക്കളെ ധരിപ്പിക്കുന്നത്.
ദിലീപിനെതിരെ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊതു സമൂഹത്തിന് ബോധ്യപ്പെടുന്ന ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് സംഘപരിവാര്‍ നേതൃത്വം.
ഭരണ-പൊലീസ് ഗൂഢാലോചനയില്‍ ദിലീപിനെ മന:പൂര്‍വ്വം കുരുക്കിയതാണെങ്കില്‍ സി.ബി.ഐ അത് പുറത്തു കൊണ്ടു വരണമെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.
ദിലീപുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങള്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ആഭ്യന്തര സെക്രട്ടറിക്ക് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് പരാതി നല്‍കിയതെന്നാണ് സൂചന.
ഇനി ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം സി.ബി.ഐയും എതിര്‍കക്ഷിയാകും.
സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന നിലപാട് ഹൈക്കോടതിയില്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സംസ്ഥാന പൊലീസാണ് വെട്ടിലാവുക.
സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ, എ.ഡി.ജി.പി ബി.സന്ധ്യ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണം പരാതിയില്‍ ഉള്ളതിനാല്‍ ഇനി സംസ്ഥാന പൊലീസിന് കേസ് അന്വേഷിക്കാന്‍ ധാര്‍മ്മികമായി ബുദ്ധിമുട്ടാണ്.
പ്രത്യേകിച്ച് മുന്‍പ് പരാതി കിട്ടിയ കാര്യം ഡി.ജി.പി തന്നെ സ്ഥിരീകരിച്ച സ്ഥിതിക്ക്.
സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടില്ലങ്കിലും ഹൈക്കോടതിയോ സുപ്രീം കോടതിയോ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സാധ്യതയുണ്ടെന്ന് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം.
സി.ബി.ഐ അന്വേഷണം വരികയും ദിലീപിന്റെ നിരപരാധിത്വം വെളിവാകുകയും ചെയ്താല്‍ അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്നാണ് ബി.ജെ.പി കരുതുന്നത്.
സുഹൃത്തായ കെ.ബി ഗണേഷ്‌കുമാറിനു വേണ്ടി പലതവണ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ദിലീപ് നിര്‍ണ്ണായക ഘട്ടത്തില്‍ സാഹായിച്ചവരെയും കൈവിടില്ലന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.