ദിലീപ് പുറത്തിറങ്ങിയാൽ ഉടൻ ‘അമ്മയുടെ’ ജനറൽ ബോഡി, വിരുദ്ധരെ പുറത്താക്കും ! !

കൊച്ചി: നടന്‍ ദിലീപ് ജയില്‍ മോചിതനായാല്‍ ഉടന്‍ തന്നെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുമെന്ന് സൂചന.

ദിലീപ് വിഭാഗം താരങ്ങളാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍.

തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം കിട്ടിയില്ലങ്കില്‍ പോലും സെഷന്‍സ് കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ ഇത്തവണ തീര്‍ച്ചയായും ജാമ്യം കിട്ടുമെന്നാണ് ദിലീപിനെ അനുകുലിക്കുന്ന താരങ്ങള്‍ വിശ്വസിക്കുന്നത്.

നാദിര്‍ഷയെയും കാവ്യ മാധവനെയും അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലീസിന് തന്നെ തിരിച്ചടിയായ പശ്ചാത്തലത്തില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലന്ന് തന്നെയാണ് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്. ഡ്രൈവര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം നിലനില്‍ക്കെ ചോദ്യം ചെയ്ത് വിട്ടത് കണക്ട് ചെയ്യാനുള്ള തെളിവുകള്‍ ഇല്ലാത്തത് കൊണ്ടാണെന്നാണ് വാദം.

ദിലീപ് പുറത്തിറങ്ങിയാല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാനാണ് സിനിമാ താരങ്ങളില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നതെന്ന് പ്രമുഖ താരം വെളിപ്പെടുത്തി.

സിനിമാരംഗത്തെ മറ്റു സംഘടനകളും സമാന നിലപാടിലാണ്.

ദിലീപിനെ തിരക്കിട്ട് പുറത്താക്കിയ നടപടിക്ക് ഇതുവരെ ‘അമ്മ’ ജനറല്‍ ബോഡി അംഗീകാരം കൊടുത്തിട്ടില്ല. ഏതാനും ഭാരവാഹികള്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നപ്പോള്‍ ചില യുവതാരങ്ങള്‍ യോഗത്തെ ‘ഹൈജാക്ക്’ ചെയ്തതാണ് പുറത്താക്കലിന് ഇടയാക്കിയത്.

ഇക്കാര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറ്റബോധമുണ്ട്. അവര്‍ അത് അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ തിരുത്തും എന്നാണ് പ്രതീക്ഷ. അതല്ലങ്കില്‍ ഭൂരിപക്ഷം താരങ്ങള്‍ ഇടപെട്ട് തിരുത്തിക്കും.

ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കാത്ത സംഘടനയില്‍ തുടരണമോ എന്ന കാര്യവും ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനത്തിനും ദിലീപിന്റെ നിലപാടിനും അനുസരിച്ച് തീരുമാനിക്കുമെന്നും താരം പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് മലയാള സിനിമാലോകം. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ വകവെച്ച് കൊടുക്കില്ല.

സി.ബി.ഐ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ദിലീപിനെതിരെ സംഘടിതമായി നീങ്ങിയ യുവസംവിധായകന്‍, വനിതാ സിനിമാ സംഘടന എന്നിവക്കെതിരെ കടുത്ത നിലപാട് സിനിമാ സംഘടനകള്‍ സ്വീകരിച്ചേക്കുമെന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.

അപ്രഖ്യാപിത ‘നിസഹകരണം’ ഇവര്‍ക്കെതിരെ ഏര്‍പ്പെടുത്താനാണ് നീക്കമത്രെ.

റിപ്പോര്‍ട്ട് : എം വിനോദ്

Top