സ്ത്രീകൾ ആക്രമിച്ചാൽ സ്റ്റേഷൻ ജാമ്യമോ ? പൊലീസിനെതിരെ ശക്തമായ പ്രതിഷേധം

കൊച്ചി : പട്ടാപ്പകല്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായ മൂന്ന് സ്ത്രീകളെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം വ്യാപകം.

കരിങ്കല്ലുകൊണ്ട് തലക്കടിയേറ്റ യുബര്‍ ഡ്രൈവര്‍ ഷെഫീക്ക് ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ പ്രവേശിക്കപ്പെട്ടിട്ടും കസ്റ്റഡിയിലെടുത്ത സ്ത്രീകളെ മരട് പൊലീസ് ജാമ്യത്തില്‍ വിട്ടത് എന്തടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

സംഭവത്തിന് ദൃക്‌സാക്ഷിയായ ഷിനോജ് പൊലീസിന്റെ നടപടിയില്‍ അത്ഭുതം പ്രകടിപ്പിച്ചു.

യൂബര്‍ ടാക്‌സി ഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ ഏകസാക്ഷിയാണു തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ്.

പൂള്‍ ടാക്‌സി പ്രകാരം വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ തുടര്‍ന്ന് യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തുന്നു.

കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷഫീക്കിന്റെ പരാതി പൂര്‍ണമായും സത്യമാണെന്നും ഷിനോജ് പറഞ്ഞു. ഇതിനു പുറമേ നടുറോഡില്‍ ഷഫീക്കിന്റെ മുണ്ടഴിച്ച് അടിവസ്ത്രം വരെ യുവതികള്‍ വലിച്ചു കീറിയെന്നും ഷിനോജ് പറയുന്നു.

അക്രമത്തിന്റെ തീവ്രതയനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്നു തന്റെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ഷിനോജ് പറഞ്ഞു.

സ്ത്രീകളെ ഒന്നു നോക്കിയാല്‍ പോലും കേസെടുക്കാമെന്ന് പറഞ്ഞ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീപക്ഷവാദികളും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഷെയര്‍ ടാക്ലിയിലുള്ള യാത്രക്കാരനെ ഇറക്കിവിടാത്തതിന് ആക്രമിച്ചു എന്നത് ഗൗരവകരമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയടക്കമുള്ളവരായിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തത്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംക്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. നടുറോഡിലെ അടിപിടി കണ്ട് നാട്ടുകാര്‍ കൂടിയതോടെ പൊലീസെത്തി യുവതികളെ വൈറ്റില ട്രാഫിക് ടവറിലേക്കും ഷെഫീക്കിനെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഷെഫീക്കിന്റെ മുഖത്തും തലയിലും ദേഹത്തും പരുക്കുണ്ട്. വനിതാ പൊലീസെത്തിയാണ് യുവതികളെ മരട് പൊലീസ് സ്റ്റേഷനിലേക്കു നീക്കിയത്.

ഇക്കാര്യത്തില്‍ വുമണ്‍ സിനിമാ കളക്ടീവ് ഭാരവാഹികള്‍ പ്രതികരിക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

ഷിനോജ് എറണാകുളം ഷേണായീസിന് സമീപത്ത് നിന്നും തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിനാണ് ഓണ്‍ലൈന്‍ ഷെയര്‍ ടാക്‌സി വിളിച്ചു യാത്രചെയ്തത്.

വൈറ്റിലയില്‍ ടാക്‌സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നെന്നു പൊലീസും സമ്മതിക്കുന്നു. എന്നാല്‍ നടപടിയുടെ കാര്യത്തിലാണ് കാക്കിയുടെ ഇരട്ടനീതി.

Top