special-in mahabharatha mohanlal focus on oscar;br shetty has business interests

ഹാഭാരതം സിനിമക്ക് 850 കോടി ചോദിച്ചപ്പോള്‍ 1000 കോടി വാഗ്ദാനം ചെയ്ത വ്യവസായി ബി.ആര്‍ ഷെട്ടിയുടേത് തന്ത്രപരമായ ബിസിനസ്സ് താല്‍പര്യം.

ഭീമന്റെ കണ്ണിലൂടെ മഹാഭാരതകഥ പറയുന്ന ചിത്രത്തിന് നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ പ്രതീക്ഷ ഒരു പടി കടന്ന് ഓസ്‌കാര്‍ അവാര്‍ഡ് വരെയുണ്ടത്രെ.

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പലവട്ടം നേടിയ മോഹന്‍ലാലും ഓസ്‌കാര്‍ അവാര്‍ഡ് ലക്ഷ്യം വയ്ക്കുന്നുണ്ട്. രണ്ട് വര്‍ഷത്തോളം നീളുന്ന മഹാഭാരതത്തിന്റെ ചിത്രീകരണത്തിനായി മറ്റു സിനിമകള്‍ പലതും മാറ്റിവച്ച് ലാല്‍ ‘ശാരീരികമായ’ തയ്യാറെടുപ്പിനൊരുങ്ങുന്നത് ഈ ചരിത്രനേട്ടം സ്വന്തമാക്കാനാണ്. പുരാണ യുദ്ധ കഥകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ഹോളിവുഡില്‍ മഹാഭാരതം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് താരം.

രാജ്യത്ത് ചരിത്രം സൃഷ്ടിക്കുന്ന, ലോക നിലവാരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമയുടെ സൃഷ്ടാവാകുക എന്നത് ഷെട്ടി എന്ന എന്‍ ആര്‍ ഐ ബിസിനസ്സുകാരനെ സംബന്ധിച്ചും വന്‍ നേട്ടമാകും.

ചിത്രം വന്‍ വിജയമായാല്‍ മഹാഭാരതത്തിന്റെ നിര്‍മ്മാതാവ് എന്ന പേരിലായിരിക്കും ഈ ബിസിനസ്സുകാരന്‍ അറിയപ്പെടുക.

ആരാണ് ബി.ആര്‍ ഷെട്ടി എന്നറിയാത്തവര്‍ പോലും ഇപ്പോള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യുന്നതും ഈ പേരാണ്. എത്ര കോടികള്‍ വാരിയെറിഞ്ഞാലും ലഭിക്കാത്ത പബ്ലിസിറ്റി ഷെട്ടിക്കും മോഹന്‍ലാലിനും സംവിധായകന്‍ ശ്രീകുമാറിനും ഇതിനകം രാജ്യത്ത് ലഭിച്ചു കഴിഞ്ഞു.

ഇനി മഹാഭാരതത്തിന്റെ പിറവി എങ്ങനെയായിരിക്കുമെന്നതിനെ അനുസരിച്ചായിരിക്കും ഈ രംഗത്തെ ഇവരുടെ ‘തലയിലെഴുത്ത് ‘ഒറ്റ സിനിമാ പ്രഖ്യാപനത്തോടെയാണ് രാജ്യത്തെ സിനിമാ മേഖലയെ മുഴുവന്‍ ഈ മൂവര്‍ സംഘം ഞെട്ടിച്ചത്.

മഹാഭാരതം ഇന്ത്യന്‍ പുരാണങ്ങളുടെ ഭാഗമാണെന്നും അപൂര്‍ണ്ണമായാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ തന്നെ ബാധിക്കുമെന്നുമുള്ള ഷെട്ടിയുടെ കാഴ്ചപാടാണ് 850ല്‍ നിന്ന് 1000 കോടി ബഡ്ജറ്റിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒന്നും ‘കാണാതെ’ ഷെട്ടി 1000 കോടി എറിയില്ലന്നത് വേറെ കാര്യം. ഇന്ത്യന്‍ വിപണിക്കപ്പുറം അന്തര്‍ദേശീയ വിപണി തന്നെയാണ് പ്രധാന ലക്ഷ്യം.

എന്നാല്‍ ആയിരം കോടി മുടക്കുന്ന സിനിമയുടെ മുടക്കുമുതല്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തില്‍ സംശയവുമായി മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റായ പുലി മുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമുള്‍പ്പെടെയുള്ളവര്‍ സംശയമുയര്‍ത്തി കഴിഞ്ഞു.

‘മഹാഭാരതത്തിന് അതിരുകളില്ല, പക്ഷേ മോഹന്‍ലാലിന് അതിരുകളുണ്ട് ‘ ഒരു പ്രമുഖ സിനിമാ നിരൂപകന്റെ വിലയിരുത്തലാണിത്.

മോഹന്‍ലാല്‍ മലയാളികളെ സംബന്ധിച്ച് എന്നും ആവേശമാണ് പക്ഷേ ഇന്ത്യയിലെ മറ്റു ഭാഷകളില്‍ അങ്ങനെയല്ല. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ പോലും സ്വപ്ന പദ്ധതിയായിരുന്നു മഹാഭാരതമെങ്കിലും ഇത്രയും വലിയ തുക മുടക്കി സിനിമ നിര്‍മ്മിക്കാന്‍ ആരും മുന്നോട്ട് വരാതിരുന്നതാണ് സ്വപ്ന പദ്ധതിയായി മാത്രം ചിത്രം ഷാരൂഖിന്റെ മനസ്സിലും ഒതുങ്ങിയത്.

ഇന്ത്യന്‍ വിപണിക്കപ്പുറം വന്‍ വിജയം നേടിയാല്‍ മാത്രമേ മഹാഭാരതത്തിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയൂ. അതിന് ബാഹുബലിക്കും മേലെ നില്‍ക്കുന്ന സിനിമയായി ഉയരുക മാത്രമല്ല ഹോളിവുഡ് നിലവാരത്തോട് കിടപിടിക്കുകയും വേണം.

മോഹന്‍ലാലിനൊപ്പം രാജ്യത്തെ മറ്റ് പ്രമുഖ താരങ്ങള്‍ അഭിനയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രമായി പ്രചരണം ലഭിച്ച മഹാഭാരതത്തില്‍ പ്രതിഫലം കൂടുതല്‍ ലഭിക്കുമെന്നതിനാല്‍ മാത്രം എത്ര സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്.

ഹോളിവുഡ് നടന്‍മാരെ പരിഗണിക്കുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ഇന്ത്യന്‍ പുരാണ കഥയില്‍ ഇന്ത്യന്‍ മുഖമല്ലാതെ വിദേശമുഖങ്ങള്‍ എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നതും കണ്ടറിയേണ്ട കാര്യമാണ്.

ഒരു സിനിമയും ചെയ്ത് പരിചയമില്ലാത്ത പരസ്യ സംവിധായകന്‍ ശ്രീകുമാറിനെ ഈ ദൗത്യം ഏല്‍പ്പിച്ച ഷെട്ടിയുടെ ധൈര്യം സിനിമാ മേഖലയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പരസ്യമേഖലയില്‍ രാജ്യത്ത് മുന്‍നിരയിലുള്ള സംവിധായകനാണ് ശ്രീകുമാര്‍. കടുത്ത ജീവിത പ്രതിസന്ധികളെ നേരിട്ടാണ് അദ്ദേഹം ഉയര്‍ന്നു വന്നത്.

വെറും ഒരു ട്രക്ക് ഡ്രൈവറായിരുന്ന ജയിംസ് കാമറൂണിന് ടൈറ്റാനിക്, അവതാര്‍, ഏലിയന്‍സ്, ടെര്‍മിനേറ്റര്‍ തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിയുമെങ്കില്‍ ശ്രീകുമാറിന് ഇത് അസാധ്യമല്ലന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. മഹാഭാരതം വിജയം നേടിയാല്‍ ശ്രീകുമാറും ചരിത്രമാകും.

Top