ഹാംബര്‍ഗ്: ലോക രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്കാണെന്ന് വ്യക്തമായതോടെ മലക്കം മറിഞ്ഞ് ചൈന !
സിക്കിമിലെ ദോക് ലാ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഉടക്കി നില്‍ക്കുന്ന ചൈന ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്നും യുദ്ധത്തിന് തയ്യാറാണെന്നും വീമ്പിളക്കിയതിന് തൊട്ട് പിന്നാലെ ഇപ്പോള്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് അമേരിക്ക, മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി രൂക്ഷമായി തര്‍ക്കം നിലനില്‍ക്കുകയും ഇന്ത്യക്കെതിരായ നീക്കത്തിന് റഷ്യയുടെ പോലും സഹായം ലഭിക്കില്ലെന്നുമുള്ള തിരിച്ചറിവുമാണ് ചൈനയുടെ മനം മാറ്റത്തിന് കാരണമെന്നാണ് സൂചന.
രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമാധാന പൂര്‍വ്വം പരിഹരിക്കണമെന്നാണ് ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് ഷിചിന്‍പിങ്ങ് ആഹ്വാനം ചെയ്തത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ച ചൈന നിലപാടില്‍ അയവു വരുത്തിയത് ലോക രാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ അംഗങ്ങളായുള്ളവര്‍.
ജി-20 ഉച്ചകോടിക്കിടെ ബ്രിക്‌സ് നേതാക്കള്‍ യോഗം ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചൈന ഇന്ത്യയുമായി ചര്‍ച്ചക്കില്ലെന്ന് പറഞ്ഞത് അതിര്‍ത്തിയില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരുന്നു.
ഇതിനിടെ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ ചൈനാ കടലിനു മുകളിലൂടെ പറക്കുക കൂടി ചെയ്തത് ചൈനയെ പ്രതിരോധത്തിലുമാക്കി.
ഉത്തര കൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണം നടത്തിയതിനു പിന്നില്‍ ചൈനയുടെ മൗനസമ്മതമാണെന്നാണ് അമേരിക്ക കരുതുന്നത്.
ഒരേ സമയം ഇന്ത്യയുമായും അമേരിക്കയുമായും ഏറ്റുമുട്ടുന്ന സാഹചര്യം ആത്മഹത്യാപരമായിരിക്കുമെന്ന് ചൈനയും വിലയിരുത്തുന്നു.
പാക്കിസ്ഥാനുമായും ചൈനയുമായും ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവിശ്വാസവും ചൈനയെ സംബന്ധിച്ച് പുതിയ ‘അനുഭവ’മാണ്.
സൈനിക ശക്തിയില്‍ ചൈനയോട് കിടപിടിക്കുന്ന ശക്തി ഇന്ത്യ ഇതിനകം തന്നെ ആര്‍ജിച്ച് കഴിഞ്ഞതും റഷ്യയുടെ അകമൊഴിഞ്ഞ പിന്തുണ ഇന്ത്യക്കുള്ളതുമാണ് ചൈനയെ പ്രധാനമായും പ്രതിരോധത്തിലാക്കുന്നത്.
അമേരിക്കയുമായി ഏത് തരത്തിലുള്ള സംഘര്‍ഷമുണ്ടായാലും റഷ്യ സഹായിച്ചില്ലെങ്കില്‍ പോലും നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ചൈനക്ക് ഉറപ്പുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യയുടെ കാര്യം വരുമ്പോള്‍ സൈനികമായി ഇന്ത്യക്കൊപ്പം റഷ്യന്‍ പട്ടാളത്തെ നേരിടേണ്ട സാഹചര്യം പ്രമുഖ ചൈനീസ് നേതാക്കള്‍ ആരും ആഗ്രഹിക്കുന്നില്ല.
കമ്യൂണിസ്റ്റ് ഭരണം തൂത്തെറിയപ്പെട്ടെങ്കിലും പഴയ കമ്യൂണിസ്റ്റുകാരനായ റഷ്യന്‍ പ്രസിഡന്റ് പുടിനില്‍ നിന്നും അമേരിക്കക്കെതിരായ നീക്കങ്ങള്‍ക്ക് ചൈന പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
എന്തിനേറെ അമേരിക്കയെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പോലും ചൈനക്കൊപ്പം സഹായം പ്രതീക്ഷിക്കുന്ന രാജ്യമാണ് റഷ്യ.
മുന്‍പ് ഇന്ത്യാ-പാക് യുദ്ധകാലത്ത് പാക്കിസ്ഥാനെ സഹായിക്കാന്‍ വന്ന അമേരിക്കന്‍ പടകപ്പലുകളെ വഴിയില്‍ തടഞ്ഞ് തിരിച്ചയച്ചത് അന്നത്തെ സോവിയറ്റ് യൂണിയന്റെ (റഷ്യ) പടകപ്പലുകളായിരുന്നു.
ഇന്നും റഷ്യയുമായി സൈനിക സഹകരണം ശക്തമായി തുടരുന്ന ഇന്ത്യ, അമേരിക്കയുമായും ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ് എന്നതും ശ്രദ്ധേയമാണ്.
ലോകത്തെ വന്‍ സൈനിക ശക്തികളായ ഈ രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ ആയുധ ശക്തികളും അനിവാര്യമായ ഘട്ടത്തില്‍ ഇന്ത്യയെ സഹായിച്ചേക്കുമെന്നാണ് ചൈന ഭയപ്പെടുന്നത്.
പാക്കിസ്ഥാനും ഉത്തര കൊറിയയുമല്ലാതെ തങ്ങളെ സഹായിക്കാന്‍ ഉറപ്പുള്ള ഒരു രാജ്യവും ചൈനയുടെ ലിസ്റ്റില്‍ ഇപ്പോഴില്ല.
ഇതില്‍ ഉത്തര കൊറിയ അമേരിക്കയുടെയും പാക്കിസ്ഥാന്‍ ഇന്ത്യയുടെയും ശത്രുരാജ്യമായതിനാല്‍ യുദ്ധം അനിവാര്യമായാല്‍ ലോക യുദ്ധത്തിലേക്ക് കലാശിക്കാനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്.
തര്‍ക്ക പ്രദേശത്ത് ചൈന സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഇരട്ടിയിലധികമാണ് ഇന്ത്യയുടെ സൈനീക വിന്യാസം.
പോര്‍വിമാനങ്ങള്‍, മിസൈലുകള്‍, പീരങ്കി പട, പാരാമിലിട്ടറി ഫോഴ്‌സ് എന്നിവയെയും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ ഈ ആത്മവിശ്വാസത്തോടെയുള്ള സന്നാഹവും അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ചൈനാ കടലിനു മുകളിലെ വട്ടമിട്ട് പറക്കുന്നതും റഷ്യയുടെ നിലപാടുമെല്ലാം ചൈനയെ വലിയ ആശങ്കയില്‍ ആഴ്ത്തിയിരിക്കെയാണ് പ്രസിഡന്റിന്റെ സമാധാനത്തിനുള്ള ആഹ്വാനം.
പെട്ടെന്നൊരു മനംമാറ്റം രാജ്യത്തിനകത്ത് പ്രശനമുണ്ടാക്കുമെന്നതിനാല്‍ പ്രതികരണം പ്രസ്താവനയാല്‍ ഒതുക്കി ചൈനക്ക് പതുക്കെ നിലപാടില്‍ നിന്നും പിറകോട്ട് പോകേണ്ടി വരുമെന്ന് തന്നെയാണ് നയതന്ത്ര വിദഗ്ദരും വിലയിരുത്തുന്നത്.