ചൈനയെയാകെ ചാമ്പലാക്കാൻ ശേഷിയുള്ള മിസൈൽ ഇന്ത്യയുടെ പക്കലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍; ചൈന ഇന്ത്യയെ ഭയക്കേണ്ട നാളുകളാണ് വരുന്നതെന്ന് അമേരിക്കന്‍ ആണവ വിദഗ്ദര്‍.

ദക്ഷിണേന്ത്യന്‍ ബേസുകളില്‍ നിന്നും ചൈനയെ മുഴുവനായി പരിധിയിലാക്കാന്‍ കഴിയുന്ന മിസൈല്‍ ഇന്ത്യ തയ്യാറാക്കി കഴിഞ്ഞുവെന്നും ഇതിന്റെ പരീക്ഷണം ഏത് നിമിഷവും നടക്കാമെന്നും അമേരിക്കന്‍ ഡിജിറ്റല്‍ മാസികയായ ‘ആഫ്റ്റര്‍ മിഡ്‌നൈറ്റില്‍’ പ്രസിദ്ധീകരിച്ച ‘ഇന്ത്യന്‍ ന്യൂക്ലിയര്‍ ഫോഴ്‌സസ് 2017’ ലേഖനത്തില്‍ ആണവ വിദഗ്ദര്‍ വെളിപ്പെടുത്തി.

പ്രധാനമായും പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ആണവ നയം രൂപീകരിച്ച ഇന്ത്യ തന്ത്രപരമായി ആണവ സംവിധാനം വന്‍തോതില്‍ ആധുനിക വല്‍ക്കരിക്കുന്നത് ചൈനയെ ലക്ഷ്യമിട്ടാണെന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

120 മുതല്‍ 130 വരെ അണ്വായുധങ്ങള്‍ ഇന്ത്യ ഇതുവരെ നിര്‍മിച്ചിട്ടുണ്ടാകാമെങ്കിലും 150 മുതല്‍ 200 വരെ അണ്വായുധങ്ങള്‍ നിര്‍മിക്കാനാവശ്യമായ പ്ലൂട്ടോണിയം ഇന്ത്യയുടെ ശേഖത്തില്‍ ഇപ്പോള്‍ ഉണ്ടെന്നും പ്രമുഖ ആണവ ശാസ്ത്രഞ്ജരായ ഹാന്‍സ് എം. ക്രിസ്റ്റെന്‍സെനും റോബര്‍ട്ട് എസ്. നോറിസും വ്യക്തമാക്കുന്നു.

നിലവില്‍ ഏഴ് ആണവ സംവിധാനങ്ങളാണ് ഇന്ത്യ നിര്‍മിച്ചുകൊണ്ടിരിക്കുന്നതെന്നും രണ്ടു വിമാനങ്ങളും നിലത്തുനിന്നു തൊടുക്കാവുന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കടലില്‍നിന്നു വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലും കൂടാതെ നാല് സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നതായും ശാസ്ത്രഞ്ജര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ സേനയുടെ ഭാഗമാക്കി അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇവ വിന്യസിക്കുമെന്നാണ് വിലയിരുത്തല്‍. അണ്വായുധത്തിന് ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ 600 കിലോ പ്ലൂട്ടോണിയം ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഇവ അണ്വായുധ നിര്‍മാണത്തിനു മാത്രമായല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാണെന്നും ഹാന്‍സ് എം. ക്രിസ്റ്റെന്‍സെനും റോബര്‍ട്ട് എസ്. നോറിസും പറയുന്നു.

അഗ്‌നി 4 വടക്കുകിഴക്കന്‍ ഇന്ത്യയില്‍നിന്ന് ചൈനയിലെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു വിക്ഷേപിക്കാന്‍ ഉതകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്, ഷാങ്ഹായ് എന്നിവയും ഇതിന്റെ ദൂരപരിധിയില്‍പ്പെടുന്നതാണ്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (അഗ്‌നി 5) ഇന്ത്യ വികസിപ്പിക്കുന്നത് 5000 ത്തില്‍ അധികം കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ പര്യാപ്തമായ വിധത്തിലാണെന്നും അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷണഘട്ടത്തിലുള്ള മിസൈല്‍ വിജയകരമായാല്‍ ഇന്ത്യയുടെ മധ്യ, ദക്ഷിണ മേഖലകളില്‍നിന്നു ചൈനയെ ലക്ഷ്യമാക്കി ഇവ വിക്ഷേപിക്കാനാകുമെന്ന് ഇന്ത്യന്‍ നൂക്ലിയര്‍ ഫോഴ്‌സസ് 2017 വ്യക്തമാക്കിയതായും ലേഖനത്തില്‍ പറയുന്നു.

അതേസമയം ദോക് ലാമയില്‍ ചൈനയെ വെല്ലുവിളിച്ച് ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യന്‍ സൈന്യം ടെന്റുകള്‍ കെട്ടി താമസം തുടങ്ങിയത് സൈനിക ശക്തിയിലുള്ള ആത്മവിശ്വാസം കൊണ്ടാണെന്നും, 62ലെ അനുഭവം മുന്‍നിര്‍ത്തി ഇപ്പോള്‍ ഇന്ത്യയുമായി മുട്ടാന്‍ പോയാല്‍ ചൈന വിവരമറിയുമെന്നുമാണ് അമേരിക്കയും റഷ്യയുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെയും വിലയിരുത്തല്‍.

സ്വന്തം ശക്തിയില്‍ നല്ലൊരു പങ്കും വെളിപ്പെടുത്താത്തത് തന്നെയാണ് ഇന്ത്യയുടെ കാര്യത്തില്‍ പാക്കിസ്ഥാനെ പോലെ തന്നെ ചൈനയെയും ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നതത്രെ.

Top