സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഒടുവില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനിന്ന ആ ‘സംശയം’ റഷ്യന്‍ പ്രസിഡന്റ് തന്നെ തീര്‍ത്തതോടെ വന്‍ പ്രഹരമേറ്റത് പാക്കിസ്ഥാനും ചൈനക്കും.
പാക്കിസ്താനുമായുള്ള സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ എക്കാലത്തും ഇന്ത്യയുമായി നിലനിന്ന അടുപ്പം റഷ്യ ഉപേക്ഷിക്കുമോ എന്ന സംശയത്തിനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ലോകത്തിന് മുന്നില്‍ വ്യാഴാഴ്ച മറുപടി പറഞ്ഞത്.
‘മിസൈല്‍’ ഉള്‍പ്പെടെയുള്ള അതി നിര്‍ണ്ണായക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനും സഹകരണത്തിനും പകരം വയ്ക്കാവുന്ന മറ്റു ബന്ധങ്ങള്‍ റഷ്യക്കില്ലെന്ന പ്രസിഡന്റിന്റെ മറുപടി റഷ്യക്ക് ഇന്ത്യയോടുള്ള അടുപ്പം വ്യക്തമാക്കുന്നതാണ്.
ഇന്ത്യയുമായി പ്രത്യേകതരം ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും പാക്കിസ്ഥാനുമായി സൈനിക ബന്ധം റഷ്യക്കില്ലെന്ന് തുറന്ന് പറയാനും പുടിന്‍ തയ്യാറായി. ഇത് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഒരു ബില്യണിലധികം ജനസംഖ്യയുള്ള വലിയ രാജ്യമാണ് എന്ന് ഇന്ത്യയെ ചൂണ്ടിക്കാട്ടിയ പുടിന്‍ പല വിഷയങ്ങളിലും ഇരു രാജ്യങ്ങള്‍ക്കും സമാന താല്‍പര്യങ്ങളാണ് ഉണ്ടാകുക എന്നും പരസ്പര ബഹുമാനത്തോടെയാണ് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കുകയുണ്ടായി.
പണ്ട് ഇന്ത്യാ-പാക്ക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി പുറപ്പെട്ട അമേരിക്കന്‍ പടക്കപ്പലുകളെ വഴിയില്‍ തടഞ്ഞ് തിരിച്ച് വിട്ട അന്നത്തെ സോവിയറ്റ് യൂണിയന്റെ ‘നിലപാടു’ തന്നെയാണ് ഇപ്പോള്‍ പുടിനും ആവര്‍ത്തിച്ചിരിക്കുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത പങ്കാളിയായിരിക്കും ‘സോവിയറ്റ് ‘ റഷ്യയെന്ന് വീണ്ടും ഒരിക്കല്‍ കൂടി റഷ്യന്‍ പ്രസിഡന്റ് പ്രഖ്യാപിക്കുമ്പോള്‍ അത് ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
പ്രത്യേകിച്ച് പാക്കിസ്ഥാനും ചൈനയും സൈനിക – വ്യാപാര സഹകരണം ശക്തമായി തുടങ്ങിയ പശ്ചാത്തലത്തില്‍.
പാക്ക് അധിനിവേശ കശ്മീരിലൂടെ ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖത്തെത്തുന്ന ചൈനയുടെ സാമ്പത്തിക ഇടനാഴി വാണിജ്യ താല്‍പര്യങ്ങള്‍ക്കപ്പുറം സൈനിക താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ജാഗ്രത പാലിച്ചു വരികയാണ്.
പാക്ക് – ചൈന ഭീഷണി നേരിടാന്‍ റഷ്യ – ഇന്ത്യ സഹകരണമുണ്ടായാല്‍ അത് പാക്കിസ്ഥാനും ചൈനക്കും വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് ഈ വിഷയത്തില്‍ അമേരിക്കയും ജപ്പാനുമെല്ലാം ഇന്ത്യക്കൊപ്പം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍.
രണ്ട് ചേരികളിലാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച കാര്യങ്ങളില്‍ റഷ്യയും അമേരിക്കയും ഇപ്പോള്‍ സമാനമായ നിലപാടിലാണ്. റഷ്യക്കു പുറമെ അമേരിക്കയുമായും ഇന്ത്യക്കിപ്പോള്‍ വലിയ രൂപത്തിലുള്ള ആയുധ ഇടപാടുകളുണ്ട്.
ഇന്ത്യയുടെ ഈ അമേരിക്കന്‍ ബന്ധം റഷ്യയെ പ്രകോപിതരാക്കിയതിനാലാണ് പാക്ക് സഹകരണം റഷ്യ തുടങ്ങിയതെന്ന വാദത്തിന്റെ മുനയൊടിക്കുന്നത് കൂടിയാണ് പുടിന്റെ പുതിയ പ്രഖ്യാപനം. ഇത് പാക്കിസ്ഥാനുള്ള പരോക്ഷ മുന്നറിയിപ്പായും വിലയിരുത്തപ്പെടുന്നുണ്ട്.
അമേരിക്കയുമായുള്ള ‘ശീത’ സമരത്തില്‍ റഷ്യയുടെ പിന്തുണ ആഗ്രഹിക്കുന്ന ചൈനക്കും ഇന്ത്യയോടുള്ള റഷ്യയുടെ സഹകരണ പ്രഖ്യാപനം ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യ – പാക്ക് പ്രശ്‌നം പോലെ ഇന്ത്യ-ചൈന ബന്ധവും വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും സൈനിക ശക്തികള്‍ ഇന്ത്യക്കൊപ്പം ഉറച്ച് നിന്നാല്‍ വലിയ വെല്ലുവിളിയാകുമെന്ന തിരിച്ചറിവ് ചൈനക്കുണ്ട്.
അതിര്‍ത്തികളിലെ അന്തരീക്ഷം വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കുന്നത് വ്യക്തമായ ‘അജണ്ട’ മുന്‍നിര്‍ത്തിയാണെന്ന് തന്നെയാണ് ചൈനയുടെ കണക്കുകൂട്ടല്‍.
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇത്രയും ശക്തമായി ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് റഷ്യ വ്യക്തമാക്കുമെന്ന് പാക്കിസ്ഥാനും ചൈനയും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ പാക്ക് സൈനികര്‍ക്കൊപ്പം റഷ്യന്‍ സൈനികര്‍ നടത്തിയ സൈനികാഭ്യാസം റഷ്യയുടെ പിന്തുണയായി മുന്‍പ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് സൈനികമായ ഒരു സഹകരണവും പാക്കിസ്ഥാനുമായില്ലെന്നും സൗഹൃദ പരിശീലനം മാത്രമാണ് നടന്നതെന്നും റഷ്യ വ്യക്തമാക്കുകയുണ്ടായി.
റഷ്യയുമായുള്ള സൈനിക സഹകരണം പ്രതീക്ഷിച്ച പാക്കിസ്ഥാന് തിരിച്ചടിയായിരുന്നു ഈ തീരുമാനമെങ്കിലും റഷ്യയുമായി സഹകരിച്ച് പോവാനാണ് തുടര്‍ന്നും പാക്കിസ്ഥാന്‍ താല്‍പ്പര്യപ്പെട്ടിരുന്നത്.
അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു ഈ തന്ത്രപരമായ നീക്കം.
എന്നാല്‍ പാക്കിസ്ഥാന്റെ ഈ നീക്കങ്ങളും പ്രതീക്ഷകളുമെല്ലാം തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് സൈനികമായ ബന്ധം ഇന്ത്യയോട് മാത്രമാണുള്ളതെന്ന് ലോകത്തോട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ.