ആയുധവേട്ടയിൽ കുതിച്ച് ഇന്ത്യ, മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ ‘പാക്ക് ഭയം’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ പരിഭ്രാന്തി പൂണ്ട് പാക്കിസ്ഥാന്‍.

മോദിയുടെ സന്ദര്‍ശനം പാക്കിസ്ഥാനാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് പ്രമുഖ പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രയേല്‍ രൂപീകൃതമായി 70 വര്‍ഷത്തിനിടയില്‍ അവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ജൂലൈ നാലിനാണ് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദര്‍ശനം ആരംഭിക്കുന്നത്. ആയുധമേഖലയില്‍ ഉള്‍പ്പെടെ നിരവധി വമ്പന്‍ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പോലും നല്‍കാത്ത പരിഗണന ഇസ്രയേല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് നല്‍കുന്നതാണ് പാക്കിസ്ഥാന്റെ ചങ്കിടിപ്പിക്കുന്നത്.

ഇന്ത്യയുടെ പ്രധിരോധ ‘കവചത്തില്‍’ ഇസ്രയേലിനുള്ള പങ്ക് ഇന്നും ലോക രാഷ്ട്രങ്ങള്‍ക്ക് കണ്ട് പിടിക്കാന്‍ പറ്റാത്ത രഹസ്യമാണ്.

അത്യാധുനിക ആയുധ നിര്‍മാണത്തില്‍ മാത്രമല്ല ലോകത്ത് എവിടെയും ഒരു ‘ഇല’ അനങ്ങിയാല്‍ പോലും അത് ആദ്യം കണ്ടെത്തുന്ന തരത്തിലേക്ക് വിപുലമായ രഹസ്യന്വേഷണ സംവിധാനമുള്ളതും ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിനാണ്.

ഇന്ത്യന്‍ രഹസ്യാന്യേഷണ വിഭാഗമായ റോയോടു ഏറ്റവും അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികൂടിയാണിത്.

പാക്കിസ്ഥാന്റെയും ചൈനയുടെയുമെല്ലാം തന്ത്രപരമായ പല നീക്കങ്ങളും ഇന്ത്യക്ക് ചോര്‍ത്തി നല്‍കുന്നത് മൊസാദാണെന്ന് ഈ രാജ്യങ്ങള്‍ തന്നെ പലപ്പോഴും ആരോപിച്ചിട്ടുണ്ട്.

ഇന്ത്യ-ഇസ്രയേല്‍ ബന്ധം ശക്തമാകുന്നത് പാക്കിസ്ഥാനെ പോലെ തന്നെ ചൈനയെയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുണ്ടായത് ഇരു രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കെയാണ് ഇസ്രയേലിലും ഇന്ത്യ പുതിയ ചരിത്രം രചിക്കാന്‍ പോകുന്നത്.

പാക്ക്-ചൈന ബന്ധം സാമ്പത്തിക ഇടനാഴിക്കുമപ്പുറം സൈനിക സഹകരണത്തിലേക്കും വ്യാപിചിരിക്കെ ഇതിന് തടയിടാന്‍ ഇന്ത്യ നടത്തുന്ന തന്ത്രപരമായ നീക്കങ്ങള്‍ ചൈനക്കും പാക്കിസ്ഥാനും വലിയ വെല്ലുവിളിയാണ്.

IMG-20170628-WA024

അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഭൂട്ടാന്‍, വിയറ്റ്‌നാം, ജപ്പാന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് ,നേപ്പാള്‍ തുടങ്ങി പാക്കിസ്ഥാന്റെയും, ചൈനയുടെയും അയല്‍ രാജ്യങ്ങളുമായി ‘തന്ത്രപരമായ’ അടുപ്പം ഇന്ത്യ കാത്ത് സൂക്ഷിക്കുന്നത് ഇതിനുള്ള ഒരു ‘മറുപടി’യായാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

അടുത്ത് ബന്ധമുള്ള അയല്‍ രാജ്യങ്ങളില്‍ ഭാവിയില്‍ ഇന്ത്യ സൈനിക താവളം വ്യാപകമാക്കാനുള്ള സാധ്യതയും നയതന്ത്ര വിദഗ്ദര്‍ തള്ളിക്കളയുന്നില്ല.

ലോകശക്തികളില്‍ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന അമേരിക്കയും റഷ്യയും ഇന്ത്യയുടെ നിലപാടുകള്‍ക്കൊപ്പമാണെന്നതും ഫ്രാന്‍സും, ജപ്പാനും, ബ്രിട്ടനുമടക്കം മറ്റ് വന്‍ശക്തികളുമായി സഹകരണം വര്‍ദ്ധിപ്പിച്ചതുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.

ആയുധ ഇടപാടിന്റെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പര്‍ച്ചേഴ്‌സിങ്ങാണ് മോദി ഭരണകൂടം ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ഇസ്രയേല്‍ സന്ദര്‍ശനവും.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാന മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുമ്പോള്‍ പലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല എന്നത് ഇസ്രയേല്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ ആഘോഷമാക്കിയിട്ടുണ്ട്.

‘ഉണരൂ ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു’ എന്നാണ് പ്രധാന മാധ്യമമായ ദിമാര്‍ക്കര്‍ എഴുതിയത്.

ഇസ്രയേലിന് ഇന്ന് പരിപൂര്‍ണ പിന്തുണ നല്‍കുന്ന ഏക രാജ്യമാണ് ഇന്ത്യ. ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍, ഗാസ യുദ്ധത്തിനുശേഷം ഇസ്രയേല്‍ അനുവര്‍ത്തിക്കുന്ന നയങ്ങളെ വിമര്‍ശിക്കുന്നു. പ്രത്യേകിച്ചും ജൂത കുടിയേറ്റം സംബന്ധിച്ചുള്ളവയെ. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ ഒരു പുതിയ വിലയിരുത്തലിന് വിധേയമാക്കുമ്പോള്‍, ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച ഏക രാഷ്ട്രം ഇന്ത്യയാണെന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

മിക്ക സഖ്യരാഷ്ട്രങ്ങളും ഇസ്രയേലിനോട് അകലം പാലിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നേരത്തെ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടന്നത്. ഇന്ത്യ-ഇസ്രയേല്‍ സഹകരണത്തിന് ”ആകാശമാണ് പരിധിയെന്നാണ്” നെതന്യാഹു അന്ന് പറഞ്ഞിരുന്നത്.

ലോകരാഷ്ട്രീയത്തില്‍ അടുത്തയിടെയുണ്ടായ ഏറ്റവും വലിയ സംഭവവികാസമായ ഇസ്ലാമിക രാഷ്ട്രത്തെപ്പറ്റി നെതന്യാഹുവിന്റെ അഭിപ്രായം തേടുകയായിരുന്നുവെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് വെളിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കും ‘കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ റിലേഷന്‍സി’ന്റെ യോഗത്തിനും മുമ്പായിരുന്നു മോദി പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളെപ്പറ്റി നെതന്യാഹുവിന്റെ അഭിപ്രായം ആരാഞ്ഞതെന്നന്നും ശ്രദ്ധേയമാണ്.

Top