കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടന്റെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് പ്രതി പള്‍സര്‍ സുനി കത്ത് എഴുതിയത് സംബന്ധമായി യുവസംവിധായകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
‘താന്‍ ഇതുവരെ ഒന്നും പുറത്ത് പറഞ്ഞില്ലന്നും പറയാതിരിക്കാന്‍ പണം നല്‍കണമെന്നും’ ആവശ്യപ്പെട്ടാണ് ആരോപണ വിധേയനായ നടന്റെ സുഹൃത്തായ യുവസംവിധായകന് പള്‍സര്‍ സുനി കത്തെഴുതിയിരുന്നത്.
ഇത്തരമൊരു കത്ത് സംവിധായകന് എഴുതാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്നാണ് പൊലീസ് പ്രധാനമായും സംവിധായകനോട് തിരക്കിയത്.
സംഭവത്തില്‍ ആരോപണം നേരിടുന്ന നടന്റെ സുഹൃത്തായതിനാലായിരിക്കും കത്തെഴുതിയിട്ടുണ്ടാവുക എന്ന മറുപടിയാണ് സംവിധായകന്‍ ചോദ്യം ചെയ്യലില്‍ പൊലീസിന് നല്‍കിയത്.
നടനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനു വേണ്ടി തന്നെയാണ് ഇത്തരമൊരു കത്തെന്നാണ് പൊലീസും ഇപ്പോള്‍ അനുമാനിക്കുന്നത്.
ഇതിനിടെ ചില ‘ഇടനിലക്കാര്‍’ വഴി പണമാവശ്യപ്പെട്ട് മൊബൈലില്‍ വിളിച്ച സംഭവം സംവിധായകനും നടന്റെ ഡ്രൈവറും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധമായ ചില സുപ്രധാന ‘തെളിവുകളും’ അവര്‍ പൊലീസിന് കൈമാറിയതായാണ് സൂചന.
പള്‍സര്‍ സുനി നേരത്തെ സുഹൃത്തായ ചാര്‍ളിയോട് 50,000 രൂപ കടം ചോദിച്ച സമയത്ത് നടനു വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് പറഞ്ഞിരുന്നു. ഈ കാര്യം പക്ഷേ പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുനി തന്നെ നിഷേധിക്കുകയായിരുന്നു.
മാധ്യമങ്ങളില്‍ ‘പ്രമുഖ നടന്‍’ എന്ന രൂപത്തില്‍ വാര്‍ത്ത വന്നതിനാല്‍ താന്‍ അങ്ങനെ പറഞ്ഞതാണെന്നായിരുന്നു പ്രതിയുടെ മറുപടി. ഈ വെളിപ്പെടുത്തല്‍ മുഴുവന്‍ പൊലീസ് റിക്കോഡ് ചെയ്തിട്ടുണ്ട്.
അതു കൊണ്ട് തന്നെയാണ് ഇപ്പോള്‍ നടിയെ ആക്രമിച്ച പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ മന:പൂര്‍വ്വം നടനെ’ ടാര്‍ഗറ്റ്’ ചെയ്ത് ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന സംശയം ബലപ്പെടുന്നത്.
പ്രതിസ്ഥാനത്ത് ആരോപണ വിധേയനായി നില്‍ക്കുന്നതിനാല്‍ പ്രതികളുമായി ഒരു പരിചയവും ഇല്ലങ്കില്‍ പോലും പ്രതിഛായ മുന്‍നിര്‍ത്തി നടന്‍ വഴങ്ങുമെന്ന് പ്രതികള്‍ കരുതിയിട്ടുണ്ടാകുമെന്നാണ് നടനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്.
അതേ സമയം സംവിധായകനെയും നടന്റെ ഡ്രൈവറെയും വിളിച്ചവര്‍ തങ്ങള്‍ക്കു മേല്‍ സിനിമാരംഗത്തെ പ്രമുഖരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞത് എന്തിനാണെന്നറിയാന്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ് പൊലീസ്.
യുവ നടന്‍, നടി, സൂപ്പര്‍സ്റ്റാറുമായി അടുത്ത ബന്ധമുള്ള പ്രമുഖ നിര്‍മാതാവ് എന്നിവരുടെ പേരുകളാണ് നടന്റെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പ്രതികളുടെ ‘ഇടനിലക്കാര്‍’ പറഞ്ഞത്.