കിഴക്കമ്പലം അക്രമം; കിറ്റെക്‌സില്‍ മുന്‍പും പ്രശ്‌നങ്ങള്‍, അന്വേഷിക്കാന്‍ പ്രത്യേക സംഘം

എറണാകുളം: മൂവാറ്റുപുഴ കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കിറ്റെക്‌സിനകത്ത് മുന്‍പുണ്ടായ സംഘര്‍ഷങ്ങളും അന്വേഷണ സംഘം പരിശോധിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്ത 156 പേരില്‍ 24 പ്രതികളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. പൊലീസുകാരെ ആക്രമിച്ച 18 പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. സംഘര്‍ഷത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമാകാനുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

എന്നാല്‍ ക്രിസ്മസ് കരോള്‍ പരിപാടിക്കിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് കിറ്റെക്‌സ് എംഡിയുടെ സാബു എം ജേക്കബിന്റെ പ്രതികരണം. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമായ അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. പൊലീസിനെതിരായ ആക്രമണത്തിന് പിന്നാലെ കിറ്റക്‌സ് കമ്പനിക്കും ട്വന്റി20ക്കും എതിരായ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരികയാണ്. കമ്പനിക്കകത്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ആവശ്യം.

Top