മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള മുംബൈ യൂണിറ്റ് അന്വേഷിച്ചിരുന്ന ആര്യന്‍ ഖാന്റെതുള്‍പ്പടെയുള്ള ആറ് കേസുകള്‍ ഏറ്റെടുക്കാന്‍ എന്‍.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഡല്‍ഹിയില്‍ നിന്ന് ഇന്ന് മുംബൈയിലെത്തും.
സമീര്‍ വാങ്കഡെയെ ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ എന്‍.സി.ബി ആസ്ഥാനത്തെ ഓപ്പറേഷന്‍സ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു.
1996 ബാച്ച് ഐ.പി.എസ് ഓഫീസറും എന്‍.സി.ബിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ (ഡി.ഡി.ജി) സഞ്ജയ് കുമാര്‍ സിങായിരിക്കും പുതിയ അന്വേഷണ സംഘത്തിന്റെ തലവന്‍.
ഒക്ടോബര്‍ 3 നാണ് ക്രൂയിസ് കപ്പലില്‍ റെയ്ഡ് നടത്തി ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. പുതിയ അന്വേഷണ സംഘം കേസ് രേഖകള്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തുകയും ചെയ്യും.
അതെ സമയം ആര്യന്‍ ഖാന്‍ കേസിലെ നടപടിക്രമങ്ങളിലെ വീഴ്ചകളും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളില്‍ എന്‍.സി.ബിയുടെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. സമീര്‍ വാങ്കഡെ ഉള്‍പ്പെടെയുളള എന്‍.സി.ബി ഉദ്യോഗസ്ഥരുടെതുള്‍പ്പടെയുള്ളവരുടെ മൊഴികള്‍ വിജിലന്‍സ് സംഘം ശേഖരിച്ചുകഴിഞ്ഞു.