ചെന്നൈ: ‘ എന്റമ്മേടെ ജിമിക്കി ക്കമ്മല്‍ . . എന്റപ്പന്‍ കട്ടോണ്ട് പോയി ‘ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായ ഈ ‘ജിമിക്കിക്കമ്മല്‍’ ഗാനം തമിഴകത്തും വൈറലായി.
ഒരു മലയാള സിനിമാ ഗാനം തമിഴ്‌നാട്ടില്‍ വൈറലായി മാറുന്നത് തമിഴ് സിനിമാ മേഖലയെയും ആകെ അമ്പരപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ തമിഴകത്തെ കാമ്പസുകളില്‍ മാത്രമല്ല, ഓട്ടോ അടക്കമുള്ള വാഹനങ്ങളിലും നഗരങ്ങളിലും തെരുവുകളിലുമെല്ലാം മുഴങ്ങുന്നത് മലയാളത്തിന്റെ സ്വന്തം ‘ജിമിക്കിക്കമ്മല്ലാണ് ‘
മലയാളികള്‍ക്ക് എളുപ്പത്തില്‍ തമിഴ് മനസ്സിലാകുമെങ്കിലും തമിഴകത്തുള്ളവര്‍ക്ക് മലയാളം അങ്ങിനെ വഴങ്ങാറില്ല.
എന്നിട്ടും ‘ജിമിക്കിക്കമ്മല്‍’ യുവത്വത്തിന്റെ ഹരമായതാണ് തമിഴ് സിനിമാപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
തമിഴകത്ത് എല്ലായിടത്തും അലയടിക്കുന്ന ‘ജിമിക്കിക്കമ്മല്‍’ മോഡല്‍ അനുകരിച്ച് തമിഴ് ഗാനങ്ങളും അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
വെളിപാടിന്റെ പുസ്തകമെന്ന മലയാള സിനിമയില്‍ വന്ന ജിമിക്കിക്കമ്മല്‍ ഗാനരംഗമല്ല, അതിനെ അനുകരിച്ച് കൊച്ചി സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥികളും അധ്യാപികമാരും ആടി തകര്‍ത്ത രംഗമാണ് തമിഴകത്തെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി പ്രാക്ടീസ് ചെയ്യുന്ന രംഗമാണ് യു ട്യൂബില്‍ തരംഗമായിരിക്കുന്നത്.
അപ് ലോഡ് ചെയ്ത് ഒരാഴ്ചക്കകം 30 ലക്ഷം പേര്‍ കണ്ട തകര്‍പ്പന്‍ പ്രകടനം ഇതിനകം 10 മില്യന്‍ പേര്‍ കണ്ടു കഴിഞ്ഞു.
(മറ്റുള്ളവര്‍ വീണ്ടും പോസ്റ്റ് ചെയ്ത ഇതേ ഗാന രംഗങ്ങളും ഇതിനകം ലക്ഷങ്ങള്‍ കണ്ടു കഴിഞ്ഞു)
നാല്‍പതോളം പേര്‍ പങ്കെടുത്ത ഗാന രംഗത്തില്‍ താരമായത് അദ്ധ്യാപികയായ ഷെറിലാണ്. മറ്റൊരാള്‍ അന്ന. മുന്‍ നിരയില്‍ കളിച്ച രണ്ടു പേരും സെന്റ് തെരാസസ് കോളജിലെ സഹപാഠികളാണ്.
ഇവിടെ ജോലിക്ക് കയറിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ഓണാഘോഷത്തിന്റെ ഭാഗമായി വെറും രണ്ടുമണിക്കൂര്‍ മാത്രമായിരുന്നു പ്രാക്ടീസ്.
ഈ തകര്‍പ്പന്‍ ചുവടുകള്‍ ക്യാമറയില്‍ പകര്‍ത്തിയതും എഡിറ്റ് ചെയ്തതും കോളജിലെ തന്നെ ഗ്രാഫിക് ഡിസൈനറായ ശ്യാമാണ്.
അദ്ധ്യാപകനായ മിഥുനാണ് യുടൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തത്.
‘നീറ്റില്‍’ തട്ടി മെഡിക്കല്‍ വിദ്യാഭ്യാസം നഷ്ടമായ അനിതയുടെ ആത്മഹത്യ തിരികൊളുത്തിയ പ്രക്ഷോഭത്തിനും ‘ജിമിക്കിക്കമ്മല്‍’ പ്രക്ഷോഭകര്‍ക്ക് ഒരായുധമായിരിക്കുകയാണിപ്പോള്‍.
ഷെറിലിനെ തേടുന്ന തമിഴക കണ്ണുകള്‍ക്ക് മുന്‍പില്‍ ഷെറിലിന്റെ ഫോട്ടോ കാട്ടി ഇന്റര്‍വ്യൂ എന്ന ടൈറ്റല്‍ കൊടുത്ത് അകത്തെ ലിങ്കില്‍ സമരവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഒരു വിഭാഗം നല്‍കി വരുന്നത്.
നീറ്റിനെതിരെ കത്തിപ്പടർന്ന സമരതീ സോഷ്യൽ മീഡിയയിൽ ജിമിക്കിക്കമ്മൽ തരംഗത്തിൽപ്പെട്ട് അടിപതറിയതോടെയാണ് ഒടുവിൽ പാട്ടിന്റെ പ്രൊഫൈൽ ഫോട്ടോ മുൻ നിർത്തി തന്നെ തന്ത്രപരമായ നീക്കത്തിന് ഒരു വിഭാഗം തുനിഞ്ഞിറങ്ങിയത്.
ഷെറിലിന്റെ ഫോട്ടോക്കും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ഡിമാന്റാണ്.
തമിഴക മനം കവർന്ന ഈ മലയാളി പെൺകുട്ടിയെ തേടി തമിഴകത്തെ സ്വകാര്യ റേഡിയോ ടീം കൊച്ചിയിലെത്തി ഇന്റർവ്യൂവും തരപ്പെടുത്തിയാണ് മടങ്ങിയത്.
സിനിമയിൽ നല്ല കഥാപാത്രത്തെ ലഭിച്ചാൽ അഭിനയിക്കുമെന്ന് കൂടി ഷെറിൽ നിലപാട് വ്യക്തമാക്കിയതോടെ സിനിമാക്കാരും ഉഷാറിലാണ്.
ആരുടെ സിനിമയിൽ ഈ മലയാള സുന്ദരി അഭിനയിക്കുമെന്നാണ് ഇപ്പോൾ തമിഴകം ഉറ്റുനോക്കുന്നത്.