തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം തലസ്ഥാനത്തേക്ക് പുറപ്പെട്ടത് ഡിജിപിയുടെ മുന്നില്‍ കുത്തിയിരിക്കാന്‍ ?
ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റു ചെയ്യാതെ മടങ്ങില്ലന്ന് ശഠിച്ച് പൊലീസ് മേധാവിക്ക് മുന്നില്‍ കുടുംബം കുത്തിയിരുന്നാല്‍ ഉണ്ടാകുന്ന ഗുരുതര ഭവിഷത്ത് ഓര്‍ത്താണ് പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായതെന്നാണ് സൂചന.
ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഡിജിപിയെ കാണാന്‍ അനുമതി നല്‍കാന്‍ ഒടുവില്‍ പൊലീസ് തയ്യാറായെങ്കിലും 14 പേര്‍ക്ക് അവസരമുണ്ടായാലേ വരൂ എന്ന് കുടുംബം വാശി പിടിച്ചത് ഈ ഒരു നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
പൊലീസ് മേധാവിയെ സന്ദര്‍ശിക്കാനെത്തി അവിടെ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചാല്‍ ബലപ്രയോഗത്തിലൂടെ മാറ്റുന്നതും എളുപ്പമുള്ള കാര്യമല്ല. ഇനി അങ്ങനെ ശ്രമിച്ചാല്‍ തന്നെ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഡിജിപി ഏറ്റെടുക്കേണ്ടിയും വരും.
പൊലീസിന് പുറത്തുള്ള സംവിധാനമായിരിക്കും പിന്നെ സംഘര്‍ഷമുണ്ടായാല്‍ അന്വേഷണം നടത്തേണ്ടി വരിക.
മാത്രമല്ല, സംസ്ഥാനത്ത് സെന്‍സേഷനായ ഒരു സമരമായി പ്രതിഷേധം വളരുമെന്നും തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് സമരമാതൃകയില്‍ പ്രതിഷേധം ആളിപ്പടരുമെന്നും പൊലീസ് തലപ്പത്തും ഭയമുണ്ടായി.
മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ പ്രതിപക്ഷത്തിന് മുതലെടുപ്പ് നടത്താന്‍ അവസരം നല്‍കരുതെന്ന അഭിപ്രായം സര്‍ക്കാറിനുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശിച്ചിരുന്നത്.
ഇതിന്റെ ഭാഗമായിരുന്നു പൊലീസ് ആസ്ഥാനത്ത് എത്തും മുന്‍പ് ജിഷ്ണുവിന്റെ കുടുംബത്തേയും കൂടെയുള്ളവരെയും തടഞ്ഞത്.
പൊലീസ് ആസ്ഥാനത്തിനകത്ത് സമരം ചെയ്യാനുള്ള നീക്കം പൊളിച്ചെങ്കിലും പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതില്‍ മ്യൂസിയം എസ് ഐയും എസിയും കാണിച്ച അമിതാവേശം പിന്നീട് മഹിജയുടെയും കുടുംബത്തിന്റെയും നിരാഹാരം ക്ഷണിച്ചു വരുത്തുകയായിരുന്നു.
അതേ സമയം ജിഷ്ണുവിന്റെ കുടുംബം ഞായറാഴ്ച നിരാഹാരം അവസാനിപ്പിക്കുന്നത് ഒരു ദിവസം വൈകുകയായിരുന്നുവെങ്കില്‍ അവര്‍ക്ക് തിരിച്ചടിയാവുമായിരുന്നുവെന്ന് തിങ്കളാഴ്ചയിലെ കോടതി ഇടപെടലിലൂടെ വ്യക്തമായി.
പൊലീസ് അറസ്റ്റു ചെയ്ത മൂന്നാം പ്രതി ശക്തിവേലിന് ഹൈക്കോടതി ജാമ്യം നല്‍കുകയും മറ്റു പ്രതികളുടെ അറസ്റ്റ് തടയുകയും ചെയ്തത് തിങ്കളാഴ്ചയാണ്.
ഇതിനിടെ നിരാഹാരസമരത്തിന് നേതൃത്വം നല്‍കിയ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം മെമ്പർഷിപ്പിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി.
പാര്‍ട്ടി വിരുദ്ധരുമായി കൂട്ടുകുടി അനവസരത്തില്‍ ശ്രീജിത്ത് പ്രതിസന്ധിയുണ്ടാക്കിയെന്നാണ് സിപിഎം നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.
പാര്‍ട്ടി അംഗമായിട്ടും എസ് യു സി ഐ നേതാവ് ഷാജിര്‍ഖാന്റെ സഹായം തേടിയത് ഗുരുതരമായ തെറ്റാണെന്നും പൊലീസിനെതിരെയാണ് സമരമെന്ന് ‘ന്യായം ‘പറഞ്ഞ് പാര്‍ട്ടിയെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കുകയാണ് ചെയ്തതെന്നുമാണ് ആരോപണം.