സോള്‍: ലെനിന്റെ നേതൃത്വത്തില്‍ സായുധ വിപ്ലവത്തിലൂടെ കമ്യൂണിസ്റ്റുകള്‍ സോവിയറ്റ് യൂണിയനില്‍ അധികാരം പിടിച്ച ഒക്ടോബര്‍ മാസം തന്നെ അമേരിക്കയെ വീണ്ടും വിറപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ.
കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വാര്‍ഷിക ദിനം കൂടിയായ ഒക്ടോബര്‍ 10 ന് വന്‍ പ്രഹര ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്താനാണ് ഉത്തര കൊറിയയുടെ നീക്കം.
അമേരിക്കയും തിരിച്ച് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ വ്യാപകമായ മിസൈല്‍ വിന്യാസം ഉത്തര കൊറിയ നടത്തി വരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇപ്പോള്‍ വീണ്ടും പുതിയ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നത്.
ആദ്യം ആര് ആക്രമിച്ചാലും ഒരിക്കലും മറക്കാന്‍ പറ്റാത്ത ‘അടയാളം’ അമേരിക്കക്ക് ഉണ്ടാക്കുകയെന്നതാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം.
മിസൈല്‍ വികസന ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഉത്തര കൊറിയ മധ്യദൂര ഹ്വാസോങ് 12, ഭൂഖണ്ഡാന്തര ബാല സ്റ്റിക് ഹ്വാസോങ് 14 എന്നിവയാണ് മാറ്റി വിന്യസിച്ചിരിക്കുന്നതെന്നാണ് അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ ചാര സംഘടനകളുടെ നിഗമനം.
വീണ്ടുമൊരു മിസൈല്‍ പരീക്ഷണം ഉത്തര കൊറിയ നടത്തിയാല്‍ ആക്രമിക്കുമെന്ന നിലപാടിലാണ് അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങള്‍.
ഇത് പ്രതീക്ഷിച്ചു തന്നെയാണ് ഉത്തര കൊറിയയുടെയും ധ്രുതഗതിയിലുള്ള നീക്കങ്ങള്‍.
സൈന്യത്തിന് ആവേശം പകരാന്‍ വിവിധ സൈനിക ക്യാംപുകള്‍ നേരിട്ടെത്തി സന്ദര്‍ശിക്കുന്ന തിരക്കിലാണ് കിം ജോങ് ഉന്‍.
സാമ്രാജ്വത്ത വിരുദ്ധ വികാരമുള്ള ലോക രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഹീറോയാവുക, അവരുടെ പിന്തുണ ആര്‍ജിക്കുക, പുതിയ ചരിത്രം രചിക്കുക എന്നതൊക്കെയാണത്രെ ഈ കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ ലക്ഷ്യം.
പിതാവിന്റെ കാലം തൊട്ട് ക്യൂബന്‍ വിപ്ലവനായകരായ ചെ ഗുവേരയും ഫിഡല്‍ കാസ്‌ട്രോയുമാണ് കിം ജോങ് ഉന്നിന്റെ ആരാധ്യ നേതാക്കള്‍.
കാസ്‌ട്രോ മരിച്ചപ്പോള്‍ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് കിം ഉത്തര കൊറിയയില്‍ പ്രഖ്യാപിച്ചിരുന്നത്. ക്യൂബന്‍ എംബസിയില്‍ പോയി കാസ്‌ട്രോയുടെ ചിത്രത്തിനു മുന്നില്‍ അന്ത്യോപചാരമര്‍പ്പിച്ചതും കിം ജോങ് ഉന്‍ നേരിട്ടാണ്.
സ്വയം രക്ഷക്കുവേണ്ടി ആണവ മിസൈലുകള്‍ വികസിപ്പിച്ചതിന് ഐക്യരാഷ്ട്രസഭയെ കൊണ്ട് ഉപരോധമേര്‍പ്പെടുത്തിച്ച അമേരിക്കയോടാണ് ഇപ്പോള്‍ ഈ കമ്യൂണിസ്റ്റ് രാജ്യത്തിന്റെ കലിപ്പ് മുഴുവന്‍.
ഇതിനുള്ള തിരിച്ചടിക്കാണ് ഇപ്പോള്‍ കിം ജോങ് ഉന്‍ വീണ്ടും മിസൈല്‍ പരീക്ഷണം വഴി ലക്ഷ്യമിടുന്നതെന്നാണ് സൂചന.
പ്രത്യാക്രമണമുണ്ടായാല്‍ ഉടന്‍ തന്നെ തിരിച്ചടിക്കാനാണ് തീരുമാനം.
യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ഭൂഗര്‍ഭ അറയിലെ ‘കൊട്ടാര’ തുല്യമായ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് കിം ജോങ് ഉന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക.
അതേസമയം ഉത്തര കൊറിയയുടെ നീക്കങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്ന അമേരിക്ക ഏത് സാഹചര്യവും നേരിടാനും തിരിച്ചടിക്കാനും സൈന്യം പൂര്‍ണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.