കൊച്ചി: ആക്രമിക്കപ്പെട്ട നടിയും പ്രതി പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്ന ദിലീപിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സാംസ്കാരിക കേരളം.
റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടന്‍ നടത്തിയ ഈ അഭിപ്രായപ്രകടനം പുതിയ വിവാദത്തിനാണിപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്.
തന്നോട് സംവിധായകന്‍ ലാലാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ദിലീപ് വ്യക്തമാക്കിയത്.
ദിലീപ് പറഞ്ഞത് സത്യമാണെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മൊത്തത്തില്‍ തിരിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാനാണ് സാധ്യത.
സുഹൃത്തിനെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലേക്ക് പള്‍സര്‍ സുനിയെ ‘നയിച്ച’ത് മാത്രമല്ല, ആക്രമണ ‘സംഭവം’ തന്നെ ഒന്നുകൂടി വ്യക്തമായി പരിശോധിക്കേണ്ട സാഹചര്യമാണ് ഈ ആരോപണത്തോടെ സംജാതമാകുന്നത്.
പ്രമുഖ സംവിധായകന്റെ മകനായ യുവസംവിധായകനെ ചുറ്റിപ്പറ്റി ചില സംശയങ്ങളുയര്‍ന്നതും ഇപ്പോള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇയാളുമായി പള്‍സര്‍ സുനിക്ക് എത് തരത്തിലുള്ള ബന്ധമായിരുന്നു എന്നതും പരിശോധിക്കുന്നുണ്ട്.
ആക്രമണ സമയത്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിയാത്തതിനാല്‍ മറ്റ് ശാസ്ത്രീയ തെളിവുകള്‍ പരമാവധി സംഘടിപ്പിക്കുന്ന തിരക്കിലാണ് അന്വേഷണ ഉദ്യോഗസ്ഥരിപ്പോള്‍.
ഇതിനിടെ ആക്രമിക്കപ്പെട്ട നടി ഗൂഢാലോചന വ്യക്തമാക്കിയിട്ടും പൊലീസ് നടപടിയുണ്ടാകാത്തതിനെതിരെ നിയമ നടപടി സ്വീകരിക്കുകയോ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയോ ചെയ്യാതിരിക്കുന്നത് ചാനലുകളിലും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ദിലീപുമായി അടുപ്പമില്ലാതിരുന്ന നടിയുടെ അടുത്ത സുഹൃത്ത് മഞ്ജു വാര്യരാണ് എന്നത് സിനിമാലോകത്ത് എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്.
ഇപ്പോള്‍ ദിലീപിനെ കുടുക്കാന്‍ രണ്ടര കോടി വരെ തരാന്‍ തയ്യാറാണെന്ന് സംവിധായകന്‍ നാദിര്‍ഷയെ വിളിച്ചു പറഞ്ഞ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ആരോപിച്ച നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായും മഞ്ജു വാര്യരും ആക്രമിക്കപ്പെട്ട നടിയും നല്ല ബന്ധത്തിലാണ്.
സംഭവത്തിന് ശേഷം താരസംഘടന സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ആദ്യം ആരോപിച്ചതും മഞ്ജു വാര്യരാണ്. ഇതിനു ശേഷം പരസ്യമായി ശക്തമായി രംഗത്തു വന്നവരില്‍ പ്രമുഖന്‍ നടന്‍ പൃഥ്വിരാജാണ്.
എന്നാല്‍ ഇവര്‍ പോലും പിന്നീട് കേസില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു പോലും ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
ഇതെല്ലാം വ്യക്തമായി മനസ്സിലാക്കി തന്നെയാണ് ദിലീപ് നടിയും പള്‍സര്‍ സുനിയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന് വൈകിയാണെങ്കിലും ഇപ്പോള്‍ തുറന്നടിച്ചത്.
ദിലീപിന്റെ രണ്ടും കല്‍പ്പിച്ച ഒരു നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ദിലീപിന്റെ സംസാരശൈലിയിലും രോക്ഷം പ്രകടമായിരുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നിട്ടേ ഇനി മറ്റ് എന്ത് കാര്യവും ഒള്ളൂവെന്നാണ് നടന്‍ പറയുന്നത്.
പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ ഇതിനകം പരിശോധിച്ചു കഴിഞ്ഞ പൊലീസിന് ഇനി ഇക്കാര്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കേണ്ടി വരും.
താന്‍ സിനിമാരംഗത്ത് നില്‍ക്കുന്നത് ആര്‍ക്കെങ്കിലും തടസ്സമാണെങ്കില്‍ അവര്‍ തുറന്ന് പറഞ്ഞാല്‍ മാറി തരാമെന്നും ഇങ്ങനെ വ്യക്തിഹത്യ നടത്തി കുറ്റവാളിയായി ചിത്രീകരിക്കരുതെന്നും ദിലീപ് ചാനല്‍ ചര്‍ച്ചയില്‍ പറയുന്നുണ്ട്.
‘ദിലീപിനെ കുടുക്കാന്‍ പള്‍സര്‍ സുനിയുടെ സുഹൃത്തിനെ പ്രേരിപ്പിക്കുന്ന സിനിമാരംഗത്തെ പ്രമുഖരെ സംബന്ധിച്ച ചോദ്യത്തിന് ‘അതെല്ലാം പൊലീസ് അന്വേഷണം നടത്തി കണ്ട് പിടിക്കെട്ടെ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പൊലീസിലെ ഒരു വിഭാഗവും ചില മാധ്യമങ്ങളും തന്നെ ടാര്‍ഗറ്റ് ചെയ്ത് രംഗത്ത് വന്ന പശ്ചാത്തലത്തില്‍ നുണപരിശോധനക്ക് തയ്യാറാണെന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് വിവാദത്തിന് പുതിയ ‘വിഘാതം’ ഇപ്പോള്‍ നടനുണ്ടാക്കിയിരിക്കുന്നത്.
അതേ സമയം ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ ‘അമ്മ’ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ദിലീപിനെതിരായ പൊലീസ് നീക്കവും ‘കുരുക്കാന്‍’ സിനിമാരംഗത്തെ പ്രമുഖരുണ്ടെന്ന പേരുകളും പുറത്തു വന്ന സ്ഥിതിക്ക് ഈ യോഗത്തിന് വലിയ പ്രാധാന്യമുണ്ട്.
ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ മേജര്‍ രവിയും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. കുറ്റം തെളിയുന്നതിനു മുന്‍പ് ദിലീപിനെ കുറ്റവാളിയായി ചിത്രീകരിച്ച് വേട്ടയാടുന്നത് ശരിയല്ലെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു.
നടന്‍ സലിം കുമാര്‍, അജു വര്‍ഗ്ഗീസ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവര്‍ നേരത്തെ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
വ്യാഴാഴ്ച ചേരുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ തനിക്കെതിരായി നടക്കുന്ന നീക്കങ്ങള്‍ ദിലീപ് അവതരിപ്പിക്കുമെന്നാണ് സൂചന.
ഈ യോഗത്തില്‍ ആക്രമിക്കപ്പെട്ട നടി പങ്കെടുക്കുമോ ? പങ്കെടുത്താല്‍ എന്താണ് പറയുക ? ദിലീപിനെ കുരുക്കാന്‍ പ്രവര്‍ത്തിച്ചുവെന്ന് പ്രതിയുടെ സഹതടവുകാരന്‍ പറയുന്ന പൃഥ്വിരാജ് അടക്കമുള്ളവര്‍ എന്ത് പറയും ? എന്തായിരിക്കും ഇക്കാര്യത്തില്‍ ‘അമ്മ’യുടെ തീരുമാനം ? ഇക്കാര്യങ്ങളറിയാന്‍ കേരളീയ സമൂഹം മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകവും കാത്തിരിക്കുകയാണ്.
ഇതിനിടെ നടിയും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെന്ന തരത്തിലുള്ള പ്രസ്താവനയിറക്കിയ നടന്‍ ദിലീപിനെതിരെ നടി പൊലീസില്‍ പരാതി നല്‍കിയേക്കുമെന്നാണ് സൂചന.
റിപ്പോര്‍ട്ടര്‍ ചാനിലിലെ തത്സമയ സംവാദ പരിപാടിയായ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു നടിക്കെതിരായ ദിലീപിന്റെ പരാമര്‍ശം.
താങ്കള്‍ക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് സുനിയുമായി യാതൊരു ബന്ധവുമില്ലെന്നും നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞു കൊണ്ടാണ് ദിലീപ് പ്രതികരിച്ചത്.
ഇരുവരും ഒരുമിച്ച് നടന്ന ആളുകളാണെന്നും ആരോടൊക്കെ കൂട്ടുകൂടണമെന്ന് സൂക്ഷിച്ച് തീരുമാനിക്കണമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇരുവരും തമ്മിലുള്ള ബന്ധം സംവിധായകന്‍ ലാല്‍ പറഞ്ഞാണ് താന്‍ അറിഞ്ഞതെന്ന ദിലീപിന്റെ പ്രസ്താവന നിരസിച്ചു കൊണ്ട് ലാല്‍ രംഗത്തു വന്നിട്ടുണ്ട്.
തന്റെ വാക്കുകള്‍ ദിലീപ് തെറ്റിദ്ധരിച്ചതാണെന്നും നടിയെയും സുനിയെയും ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് കണ്ടിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ പരിചയക്കാരാണെന്ന് പറഞ്ഞിട്ടില്ലെന്നും ലാല്‍ പറഞ്ഞു.