നടനെ കരുക്കാന്‍ ശ്രമം, താരങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷം, ‘അമ്മ’ പൊട്ടിത്തെറിയിലേക്ക്

കൊച്ചി: മലയാള സിനിമാലോകത്ത് വന്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയ നായകനെ കുരുക്കാന്‍ ചില താരങ്ങള്‍ ശ്രമിക്കുന്നതായ ‘വെളിപ്പെടുത്തല്‍’ സംബന്ധമായി രൂക്ഷമായ ഭിന്നതയാണ് താര സംഘടനയായ ‘അമ്മ’യില്‍ ഉടലെടുത്തിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ ജനപ്രിയ നടന്റെ സുഹൃത്തായ സംവിധായകന് കത്തെഴുതിയതിനും ഇടനിലക്കാരെ ഉപയോഗിച്ച് സമീപിച്ചതിന് പിന്നിലും ചില ‘ഉന്നത’ കേന്ദ്രങ്ങളുടെ ഇടപെടലുണ്ടെന്ന നിഗമനത്തിലാണ് താരങ്ങളിലെ പ്രബല വിഭാഗം.

നടന്റെ ഡ്രൈവറെയും, സുഹൃത്തിനെയും,സംവിധായകനേയും ഫോണില്‍ ബന്ധപ്പെട്ടവര്‍ ,മലയാളത്തിലെ പ്രമുഖ സൂപ്പര്‍ താരത്തിന്റെ അടുത്ത ആള് ചമഞ്ഞ് നിര്‍മ്മാതാവായി വിലസുന്ന വ്യക്തിയും, യുവ താരവും, നടിയും നടനെതിരെ മൊഴി കൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് പറഞ്ഞത് ഇതിനകം തന്നെ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ഈ വിവരം ജനപ്രിയ താരത്തിന്റെ അടുത്ത സുഹൃത്തും അമ്മ ഭാരവാഹിയുമായ സൂപ്പര്‍ താരമടക്കമുള്ളവരുടെ ശ്രദ്ധയില്‍ നടന്‍ തന്നെ പെടുത്തിയിട്ടുണ്ട്.

ഈ ‘മൂവര്‍സംഘം’ ഏതെങ്കിലും തരത്തില്‍ ഇടനിലക്കാരെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നാണ് നടനോടൊപ്പം ഉറച്ച് നില്‍ക്കുന്ന താരങ്ങളുടെ നിലപാട്.

ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ് യുവതാരവും നടിയും. യുവ താരത്തിന്റെ സുഹൃത്തുകുടിയാണ് നിര്‍മാതാവ്. ഇവര്‍ മൂന്ന് പേരും ആരോപണ വിധേയനായ നടനുമായി നല്ല ബന്ധത്തിലുമല്ല.

ഇതു തന്നെയാണ് സംശയത്തിനിടനല്‍കാന്‍ കാരണമായിരിക്കുന്നത്. ഫോണ്‍ ചെയ്തവരുടെ കോള്‍ വിശദാംശങ്ങളും ലൊക്കേഷനും പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നതിനാല്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് തന്നെയാണ് ഒരു വിഭാഗം താരങ്ങളുടെ അഭിപ്രായം.

പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്റെ സുഹൃത്തിന് പണമാവശ്യപ്പെട്ടും തന്നില്ലങ്കില്‍ എല്ലാം തുറന്ന് പറയുമെന്ന് വ്യക്തമാക്കിയും എഴുതിയ കത്ത് പോലും ‘തിരക്കഥ’ പ്രകാരമുള്ളതാണെന്നാണ് നടനെ അനുകൂലിക്കുന്നവര്‍ സംശയിക്കുന്നത്.

കുരുക്കാന്‍ നീക്കം നടക്കുന്നതായി ബോധ്യപ്പെട്ടതിനാല്‍ തന്നെയാണ് ഡ്രൈവറും സംവിധായകനും തന്ത്രപൂര്‍വ്വം സംഭാഷണം റെക്കോര്‍ഡ് ചെയ്തതത്രെ. ഈ തെളിവ് പൊലീസിന് കൈമാറും.

പ്രതികള്‍ എന്ത് ആവശ്യപ്പെട്ടാലും ഈ അവസരത്തില്‍ സംഭവത്തില്‍ പങ്കുണ്ടെങ്കിലും ഇല്ലങ്കിലും ആരോപണ വിധേയന്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുമെന്ന് കണ്ടാകണം ഇടനിലക്കാര്‍ വഴി ഇത്തരമൊരു ‘ഓപ്പറേഷന്‍’ പ്രതികള്‍ നടത്തിയിട്ടുണ്ടാകുക എന്ന സംശയത്തിലാണ് പൊലീസ്.

അങ്ങനെ താരം ‘വഴങ്ങിയാല്‍ ‘ അത് തെളിവാക്കി ‘ട്രാപ്പിലാക്കാനുള്ള’ ബുദ്ധി സിനിമാ കേന്ദ്രത്തില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതും തെളിയിക്കപ്പെടേണ്ട കാര്യമാണ്. കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

നടന് സംഭവത്തില്‍ ഏതെങ്കിലും തരത്തില്‍ പങ്കുണ്ടെങ്കില്‍ അത് എന്തിന് വേണ്ടി? എവിടെ വച്ച്? ആര് മുഖാന്തരം ബന്ധപ്പെട്ടു ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ഉത്തരം് ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസും ചൂണ്ടിക്കാണിക്കുന്നത്.

നടനെതിരെ പ്രതികള്‍ കോടതിയില്‍ മൊഴി നല്‍കിയാലും പ്രതികള്‍ക്കെതിരെയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടന്‍ തെളിവുകള്‍ കൈമാറിയാലും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കഴിയൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്ന് ആഗ്രഹിക്കന്ന താരങ്ങള്‍, നെറികേട് ആര് കാണിച്ചാലും അവരെ സിനിമാ ലോകത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന കടുത്ത നിലപാടിലാണിപ്പോള്‍.

വനിതാ സിനിമാ താരങ്ങള്‍ സംഘടിച്ച് ‘അമ്മ’ക്ക് സമാന്തരമായി സംഘടനയുണ്ടാക്കിയപ്പോള്‍ അതിനെ പിന്തുണച്ചവരാണ് നടനെതിരെ പ്രവര്‍ത്തിച്ചു എന്ന് ആരോപിക്കപ്പെടുന്നവര്‍.

അമ്മയുടെ വിപുലമായ ജനറല്‍ ബോഡി വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നടനെ അനുകൂലിക്കുന്ന താരങ്ങള്‍ ഇതിനകം മുന്നോട്ടുവച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: എം വിനോദ്

Top