മോദിയെ ചെറുക്കാന്‍ മാണിക് സര്‍ക്കാറോ ? പ്രതിപക്ഷ പരിഗണനയില്‍ ‘ദരിദ്ര’ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭയില്‍കൂടി ഭൂരിപക്ഷം നേടിയതോടെ സര്‍വ്വശക്തനായ മോദിക്കെതിരെ 2019 ലെ തിരഞ്ഞെടുപ്പില്‍ ആരെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ പ്രതിപക്ഷത്ത് ആശങ്ക.

രാഹുല്‍ പ്രഭാവം മങ്ങിയതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ലീന്‍ ഇമേജുള്ള ഒരു പൊതു സമ്മത സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളില്‍ പോലും ഇപ്പോള്‍ ഉള്ളത്.

പ്രിയങ്ക ഗാന്ധിയെ ഉയര്‍ത്തിക്കാട്ടണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണെങ്കിലും അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ തിരിച്ചടിയാവുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്.

അതേസമയം മറ്റൊരു സാധ്യതയും ഇപ്പോള്‍ കോണ്‍ഗ്രസ്സിനു മുന്നിലില്ലാത്ത സാഹചര്യമാണുള്ളത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മതേതര പാര്‍ട്ടികള്‍ മുന്നോട്ട് വയ്ക്കുമെന്ന് കരുതിയിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാവട്ടെ ഇപ്പോള്‍ ബി.ജെ.പി പാളയത്തിലുമാണ്.

മോദിയോട് ഏറ്റുമുട്ടിയിരുന്ന മറ്റൊരു നേതാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ്. പ്രതിപക്ഷത്ത് തന്നെ കെജ് രിവാളിന്റെ കാര്യത്തില്‍ ഭിന്നതയുള്ളതും ഇപ്പോള്‍ അദ്ദേഹം ‘സൈലന്റായതും’ ആ പ്രതീക്ഷയും അസ്ഥാനത്താക്കുന്നതാണ്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കാവട്ടെ സ്വന്തം സംസ്ഥാനത്ത് നിന്ന് അനങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഗവര്‍ണറെ ഉപയോഗിച്ച് ബംഗാളില്‍ ഇടപെടല്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അസ്വസ്ഥയാണവര്‍.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയെ മാറ്റി നിര്‍ത്തിയാല്‍ പ്രതിപക്ഷത്ത് പ്രധാനമായും കോണ്‍ഗ്രസ്സ്, സമാജ് വാദി പാര്‍ട്ടി, സി.പി.എം ഉള്‍പ്പെട്ട ഇടതുപക്ഷം, ബി.എസ്.പി, തുണമൂല്‍ കോണ്‍ഗ്രസ്സ്, ഡി.എം.കെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ബിജു ജനതാദള്‍, ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളാണുള്ളത്.

ഇതില്‍ തന്നെ ചിലര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയവരുമാണ്.

ന്യൂനപക്ഷങ്ങളുടെയടക്കം വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്ന ക്ലീന്‍ ഇമേജുകാരനായ ഒരു നേതാവിനെ ഒറ്റക്കെട്ടായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

20668832_1986635064905691_499372864_n

ഇവിടെയാണ് ത്രിപുര മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ മാണിക് സര്‍ക്കാറിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയായാണ് മാണിക് സര്‍ക്കാര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

1998 മാര്‍ച്ച് 11 മുതല്‍ ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചുവരികയാണ് മാണിക് സര്‍ക്കാര്‍.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധമായി സ്വത്തു വിവരം ബോധിപ്പിച്ചു കൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം വസ്തുവോ ഭവനമോ വാഹനമോ സ്വന്തമായില്ലാത്ത ഈ പാവങ്ങളുടെ മുഖ്യമന്ത്രിക്ക് 13,920 രൂപ മാത്രമാണ് ബാങ്ക് നിക്ഷേപമായുണ്ടായിരുന്നത്.

സ്വന്തമായി തന്നെ ഡ്രസ്സ് കഴുകി ധരിക്കുന്ന മാണിക് സര്‍ക്കാര്‍ ത്രിപുര സര്‍വ്വകലാശാലാ ബിരുദദാന ചടങ്ങില്‍ ഔദ്യോഗിക ഗൗണ്‍ ധരിക്കാന്‍ വിസമ്മതിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

സ്വപ്നത്തില്‍ മാത്രം നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ത്രിപുരക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് പ്രമുഖ ദേശീയ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പട്ടിണി പാവങ്ങളുടെ കണ്ണീരിന്റ വിലയറിയുന്ന ഈ കമ്യൂണിസ്റ്റിന്റെ നേതൃപാടവമാണ് മൃഗീയ ഭൂരിപക്ഷത്തിന് ചെങ്കോട്ടയായി ത്രിപുരയെ നിലനിര്‍ത്താന്‍ സിപിഎമ്മിന് സഹായകരമായത്.

ദക്ഷിണ ത്രിപുരയിലെ രാധാകിഷോര്‍പൂരിലെ ഒരു ഇടത്തരം കുടുംബത്തിലാണ് മാണിക് സര്‍ക്കാരിന്റെ ജനനം. പിതാവ് അമുല്യ സര്‍ക്കാര്‍ ഒരു തയ്യല്‍ക്കാരനും മാതാവ് അഞ്ജലി സര്‍ക്കാര്‍ സംസ്ഥാന ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയുമായിരുന്നു.

20707846_1986635021572362_2138489920_n
വിദ്യാഭ്യാസകാലത്ത് തന്നെ മാണിക് സര്‍ക്കാര്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ത്രിപുരയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ എം.ബി.ബി കോളേജില്‍, എസ്.എഫ്.ഐ പ്രതിനിധിയായി ജനറല്‍ സെക്രട്ടറി പദത്തിലെത്തിയ അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളില്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മറ്റി സെക്രട്ടറിയായും തുടര്‍ന്ന് അഖിലേന്ത്യാ കമ്മറ്റി വൈസ്പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.

കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടിയ അദ്ദേഹം 1972ല്‍ സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗമായും 1978ല്‍ സംസ്ഥാന സെക്രട്ടിയേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായി. 1993ല്‍ മൂന്നാം വട്ടം ഇടതുപക്ഷം സംസ്ഥാനഭരണത്തിലെത്തിയ കാലയളവില്‍ മാണിക് സര്‍ക്കാര്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായും ഇടതുപക്ഷ മുന്നണിയുടെ കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടു.

1980ലെ ഉപതിരഞ്ഞെടുപ്പില്‍ അഗര്‍ത്തല നഗരം നിയമസഭാ മണ്ഡലത്തിലെ മത്സരവിജയത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ നിയമസഭാ ജീവിതം ആരംഭിക്കുന്നത്. 1998ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ത്രിപുരയിലെ ധന്‍ബാദ് നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു.

മുന്‍മുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ് അനാരോഗ്യം കാരണം മത്സരിക്കാതിരുന്നതും മറ്റൊരു നേതാവും മുന്‍ സഹമുഖ്യമന്ത്രിയുമായിരുന്ന ബൈദ്യനാഥ് മജൂംദാര്‍ അനാരോഗ്യ കാരണത്താല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുവാന്‍ വിസമ്മതിച്ചതുമായ സാഹചര്യത്തിലാണ് നാല്പത്തൊന്‍പത് വയസ്സുകാരനായിരുന്ന മാണിക് സര്‍ക്കാര്‍ സംസ്ഥാനഭരണത്തിന് നേതൃത്വം നല്‍കുവാന്‍ നിയോഗിതനായത്.

അന്നു മുതല്‍ ഇന്നുവരെ ഒരു ആരോപണത്തിനും ഇടനല്‍കാത്തവിധമായിരുന്നു ഈ കമ്മ്യൂണിസ്റ്റിന്റെ ജനകീയ ഭരണം.

മുന്‍പ് ജോതിഭാസുവിനു നേരെ നീട്ടിയ പ്രധാനമന്ത്രി പദം തട്ടി തെറിപ്പിച്ച ചരിത്ര പരമായ മണ്ടത്തരം മാണിക് സര്‍ക്കാറിന് ഒരവസരം ലഭിച്ചാല്‍ സിപിഎം കളയില്ല എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

2019ല്‍ വിജയിച്ചില്ലങ്കില്‍ പ്രതിപക്ഷത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്നതിനാല്‍ മാണിക് സര്‍ക്കാറിനെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയാല്‍ അത്ഭുതപ്പെടാനില്ലന്നതാണ് നിലവിലെ അവസ്ഥ.

സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ മറ്റ് ഏത് പാര്‍ട്ടികളേക്കാളും മുന്നില്‍ സിപിഎം ആയതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും ചുവപ്പന്‍മാര്‍ ഇപ്പോള്‍ ഏറെ സ്വീകാര്യരായി മാറിതുടങ്ങിയിട്ടുണ്ട്.

റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍

Top