ദിലീപിന് കുരുക്ക് ഒരുക്കിയത് മഞ്ജു വാര്യർ ! കോടതിയിലും നടി സാക്ഷിയാകാൻ സാധ്യത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുരുക്കിയത് മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെ മൊഴി ?

ആദ്യഘട്ടത്തില്‍ എഡിജിപിക്ക് മുന്നില്‍ ‘കാര്യങ്ങള്‍ ‘വെളിപ്പെടുത്താതിരുന്ന മഞ്ജു വാര്യര്‍ പിന്നീട് ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായി മാറുകയായിരുന്നുവെന്നാണ് സൂചന.

മഞ്ജു മുന്‍പ് ആരോപിച്ച ‘ക്രിമിനല്‍ ഗൂഢാലോചന’ പരാമര്‍ശത്തില്‍ തുടങ്ങിയ ചോദ്യം ദിലീപുമായി വിവാഹമോചനത്തിലെത്തിയ കാര്യങ്ങളിലേക്ക് വരെ നീളുകയായിരുന്നുവത്രെ.

സ്ഥലം സംബന്ധമായ ഇടപാടുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതെ ഇരുന്ന ഘട്ടത്തിലാണ് മഞ്ജുവിനോട് കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിദ്വേഷം വരാന്‍ കാരണമെന്തന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.

ഇരയെ വിളിച്ചു വരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തിയ എഡിജിപി തന്നെയാണ് മഞ്ജുവിന്റെ മൊഴിയും രേഖപ്പെടുത്താനെത്തിയത്.

ഈ മൊഴിയെടുപ്പില്‍ ദിലീപിന് നടിയോട് പകയുണ്ടാവാന്‍ കാരണമാകാവുന്ന ‘ചില സംഭവങ്ങള്‍’ മഞ്ജു തുറന്ന് പറയുകയായിരുന്നുവെന്നാണ് വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

നേരത്തെ തന്നെ പള്‍സര്‍ സുനിയും ദിലീപുമായി ‘കണക്ട് ‘ ചെയ്യുന്ന ചില തെളിവുകള്‍ ലഭിച്ചിരുന്ന പൊലീസിന് പക്ഷേ ഗൂഢാലോചന എന്തിന് വേണ്ടിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെയാണ് മഞ്ജുവിന്റെ മൊഴി വഴിതിരിവായത്.

ദിലീപിന്റെ ചില ‘രഹസ്യങ്ങള്‍’ മഞ്ജുവിന് ആക്രമിക്കപ്പെട്ട നടി കൈമാറിയതാണ് വിവാഹബന്ധം തകരുന്ന രൂപത്തിലേക്ക് മാറിയതെന്നും ഇതാണ് പ്രധാനമായും ദിലീപിന്റെ പകക്ക് കാരണമെന്നുമാണ് അന്വേഷണ സംഘം നിഗമനത്തിലെത്തിയത്.

ആക്രമിക്കപ്പെട്ട നടിയെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് ഇടയാക്കിയതും ഇതേ കാരണത്താലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഗൂഢാലോചന കേസില്‍ എത്ര തെളിവുകള്‍ കിട്ടിയാലും ആക്രമിക്കപ്പെടുന്നവരോട് പ്രതിക്ക് പക തോന്നുന്നതിനുളള കാരണം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലങ്കില്‍ കേസിന് തന്നെ അത് തിരിച്ചടിയാകുമെന്നതിനാല്‍ ലഭിച്ച തെളിവുകള്‍ പൊലീസിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

ഗൂഢാലോചന കേസുകളില്‍ ശിക്ഷിക്കപ്പെട്ട സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നിരിക്കെ ഈ കേസ് അഭിമാനപ്രശ്‌നമായി ഏറ്റെടുത്താണ് പൊലീസ് കൈകാര്യം ചെയ്തിരുന്നത്. ഇത്രയും വിപുലമായി ഒരു ഗൂഢാലോചന കേസും കേരള പൊലീസ് ഇതുവരെ അന്വേഷിച്ച് പ്രതിയെ പിടിച്ചിട്ടുണ്ടാകില്ലന്നാണ് നിയമ രംഗത്തെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

അറസ്റ്റിനു മുന്‍പ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്ന് സമഗ്രമായ വിലയിരുത്തല്‍ നടത്തിയിരുന്നു.

ഇതിനു തൊട്ട് മുന്‍പ് കസ്റ്റഡിയിലുള്ള പള്‍സര്‍ സുനിയുടെ ‘പള്‍സ്’ അളന്ന് ആവശ്യമായ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

മാധ്യമങ്ങള്‍ മിഴി തുറക്കും മുന്‍പ് തന്നെ ദിലീപിനെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യാന്‍ കഴിഞ്ഞതാണ് കസ്റ്റഡിവിവരം വൈകീട്ടു വരെ പുറത്താവാതിരിക്കാന്‍ പൊലീസിന് സഹായകരമായത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരൊക്കെ കേസില്‍ സാക്ഷികളാകും എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും അന്തിമ ചാര്‍ജ്ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ മഞ്ജു വാര്യര്‍ സാക്ഷി പട്ടികയില്‍ ഉണ്ടാവാനാണ് സാധ്യത.

Top