കൊച്ചി: ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി കളക്ടര്‍ എസ്.സുഹാസ്. നിലവില്‍ ഏഴു രോഗികളുടെ രോഗ ഉറവിടമാണ് കണ്ടെത്താനുള്ളത്. ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദ്രോഗ ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജനറല്‍ ആശുപത്രിയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെന്നും കളക്ടര്‍ പറഞ്ഞു. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ കാര്‍ഡിയാക് ഐസിയുവും പുരുഷന്‍മാരുടെ വാര്‍ഡും ക്വാറന്റീനാക്കിയിരുന്നു. എന്നാല്‍, അടുത്ത ദിവസം തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പുനരാരംഭിക്കും. ജില്ലയില്‍ ശരാശരി 950-1200നും ഇടയില്‍ സാമ്പിളുകള്‍ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കളമശേരി മെഡിക്കല്‍ കോളേജില്‍ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളില്‍ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ വിമാനത്താവളത്തില്‍ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജന്‍ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലും ആന്റിജന്‍ പരിശോധന ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു ആര്‍ടിപിസിആര്‍ ഉപകരണം കൂടി വരും ദിവസങ്ങളില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലയിലെ 12 സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന തുടങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ രോഗസാധ്യത ഉള്ള പ്രദേശങ്ങളില്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരുടെയും പരിശോധന വരും ദിവസങ്ങളില്‍ നടത്തും. എറണാകുളം മാര്‍ക്കറ്റില്‍ രോഗസാധ്യത ഉള്ളവരുടെ പരിശോധന പൂര്‍ത്തിയാക്കി. ചെല്ലാനം, ആലുവ മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളില്‍ കര്‍ശനമായ അടച്ചിടല്‍ നടപ്പാക്കും.
ജില്ലയില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അതിന്റെ ഭാഗമായി ‘ബി ദി ചെയിന്‍ ബ്രേക്കര്‍’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ക്യാമ്പയിന്‍ നടത്തും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രവുമായോ ടെലിമെഡിസിന്‍ സംവിധാനവുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടണം.
ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ണ സജ്ജമായിട്ടുണ്ട്. അഡ്‌ലക്‌സ് കേന്ദ്രത്തില്‍ നിലവില്‍ 130 പേരാണ് ചികിത്സയില്‍ ഉള്ളത്. അവിടെ 200 രോഗികള്‍ ആകുമ്പോള്‍ സിയാല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.