ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കൽ പരിശോധനക്കായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിശ്ചയിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലായി ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാനുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിശ്ചയിച്ചു. സൈക്കോളജി വിഭാഗം, ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ഓങ്കോളജി വിഭാഗം ഡോക്ടർമാർ പാനലിൽ ഉണ്ട്. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കുക.

 

ശാരീക-മാനസിക-ആരോഗ്യ പരിശോധന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുക. സംഘം ഇന്ന് ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഡിക്കൽ ബോർഡ് ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് കോടതിയിൽ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ കോപ്പി കോടതിയിൽ സമർപ്പിക്കും മുമ്പ് കിട്ടണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം ജഡ്ജി തള്ളിയിരുന്നു. വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ചത്.

 

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവാഴ്ചയാണ് കോടതി പരിഗണിക്കുക.

Top