തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ നാണം കെടുത്തിയ റവന്യുമന്ത്രിയുടെ നിലപാടില്‍ മുഖ്യമന്ത്രി ക്ഷുഭിതന്‍.
കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിനെ കാണാന്‍ ചെന്ന് ‘പുലിവാലു പിടിച്ച ‘ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തലവന്‍ മുഹമ്മദ് യാസിന് പറ്റിയ അബദ്ധം പുറത്ത് വിട്ട റവന്യുമന്ത്രി ചന്ദ്രശേഖരന്റെ നടപടിയാണ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും ചൊടിപ്പിച്ചിരിക്കുന്നത്.
ഒരിക്കലും പറ്റാന്‍ പാടില്ലാത്ത അബദ്ധമാണ് മുഹമ്മദ് യാസിന് പറ്റിയതെങ്കിലും രണ്ടു പേരില്‍ മാത്രമായി നില്‍ക്കേണ്ട ഈ കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത് ആഭ്യന്തര വകുപ്പിനെ മോശമാക്കി ചിത്രീകരിക്കാന്‍ വേണ്ടിയാണെന്നാണ് ആക്ഷേപം.
തൃശൂരില്‍ കൃഷി വകുപ്പില്‍ പ്രവര്‍ത്തിച്ചു വരുന്ന പൊലീസ് സ്റ്റേഷന്‍ ഒഴിയണമെന്ന കൃഷി വകുപ്പിന്റെ നിര്‍ദ്ദേശത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഡിജിപി മുഹമ്മദ് യാസിന്‍ കൃഷിമന്ത്രി സുനില്‍കുമാറിനെ കാണാന്‍ പുറപ്പെട്ടത്.
എന്നാല്‍ എത്തിയതാകട്ടെ സുനില്‍കുമാറിന്റെ പാര്‍ട്ടിയായ സിപിഐയില്‍പ്പെട്ട റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെ വീട്ടിലും.
മന്ത്രിയെ കണ്ട് ഒരു പന്തിക്കേട് തോന്നിയ യാസിന്‍ താങ്കള്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറല്ലേ എന്ന് ചോദിക്കുകയായിരുന്നുവത്രെ.
ഇതോടെ രഹസ്യ പൊലീസ് മേധാവിക്ക് അബദ്ധം പറ്റിയതാണെന്ന് മനസ്സിലാക്കിയ റവന്യൂ മന്ത്രി, കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുകയായിരുന്നു.
സംസ്ഥാനത്ത് ഒരു ‘ ഇല’ അനങ്ങുന്നത് മുന്‍കൂട്ടി കണ്ടെത്തേണ്ട രഹസ്യാന്വേഷണ വിഭാഗം തലവന് മന്ത്രിമാരുടെ മുഖം പോലും അറിയില്ലെന്നതിന്റെ കലിപ്പ് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംഭവം വിവരിച്ചാണ് മന്ത്രി ചന്ദ്രശേഖരന്‍ തീര്‍ത്തത്.
ഇതാണിപ്പോള്‍ ആഭ്യന്തര വകുപ്പിനെ അപമാനിക്കുന്ന നടപടിയായി മുഖ്യമന്ത്രിയും സിപിഎമ്മും വിലയിരുത്തുന്നത്.
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥ നിയമനത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് ‘വടി’ കൊടുത്ത മന്ത്രിയുടെ നടപടി ശരിയായില്ലെന്ന അഭിപ്രായം മറ്റു മന്ത്രിമാര്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഏതെങ്കിലും തരത്തില്‍ അഭിപ്രായപ്രകടനം നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.